25 നവംബർ 2021

പല തവണ ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ്; ​ദക്ഷിണാഫ്രിക്കയിൽ പടരുന്നു; മുന്നറിയിപ്പ്
(VISION NEWS 25 നവംബർ 2021)
ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ ഒന്നിലധികം തവണ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണവൈറസ് വകഭേദം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. ഈ സാഹചര്യത്തിൽ രാജ്യാന്തര യാത്രക്കാരുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര സർക്കാർ വ്യാഴാഴ്ച എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മുന്നറിയിപ്പ് നൽകി.

ജീനോമിക് സീക്വൻസിങ് നടത്തി ബി.1.1.529 എന്ന കോവിഡ് വകഭേദത്തിന്റെ 22 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് എൻഐസിഡി പ്രസ്താവനയിൽ പറഞ്ഞു. ഈ വകഭേദം കാരണമാണ് ദക്ഷിണാഫ്രിക്കയിൽ കോവിഡ് കേസുകൾ കൂടുന്നതെന്ന് അധികൃതർ പറയുന്നു. വളരെ കുറച്ചുപേരിൽ മാത്രമാണ് നിലവിൽ ഈ വകഭേദത്തിൻറെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ മനസിലാക്കാൻ ശ്രമിക്കുകയാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കബിൾ ഡിസീസ് (എൻഐസിഡി) വ്യാഴാഴ്ച അറിയിച്ചു.
ഡയഗ്നോസ്റ്റിക് ലബോറട്ടറികളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ഏറ്റവും ജനസാന്ദ്രതയുള്ള ഗൗട്ടെങ്ങ് പ്രവിശ്യയിൽ ഈ വകഭേദം അതിവേഗം പടർന്നിട്ടുണ്ടെന്നാണ് കരുതുന്നത്. രാജ്യത്തെ മറ്റ് എട്ട് പ്രവിശ്യകളിൽ ഇതിനകം തന്നെ വൈറസ് വകഭേദം ഉണ്ടായിരിക്കാമെന്നും അവർ പറഞ്ഞു.ഏകദേശം 100 സാമ്പിളുകളിൽ B.1.1.529 വകഭേദം ഉള്ളതായി ദക്ഷിണാഫ്രിക്ക സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ബോട്സ്വാനയിലും ഹോങ്കോങ്ങിലും ഇതേ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഹോങ്കോങ്ങിൽ റിപ്പോർട്ട് ചെയ്ത കേസ് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഒരു യാത്രികനാണ്. എന്നാൽ ഗൗട്ടെങ്ങിലെ 90 ശതമാനം പുതിയ കേസുകളും B.1.1.529 ആയിരിക്കാം എന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only