03 നവംബർ 2021

കേരളത്തിലെ നിർത്താതെയുള്ള മഴയ്ക്ക് കാരണം “ബട്ടർഫ്‌ളൈ എഫക്ട്”; പഠന റിപ്പോർട്ട് പുറത്തുവിട്ട് ശാസ്ത്രജ്ഞർ
(VISION NEWS 03 നവംബർ 2021)




കേരളം ഉൾപ്പെടെ ഇന്ത്യയിൽ അതിരൂക്ഷമായ മഴയാണ് അനുഭവപ്പെടുന്നത്. വെള്ളപ്പൊക്കവും ഉരുൾപൊട്ടലും എല്ലാം ഇതിന്റെ അന്തരഫലമായി സംഭവിക്കുന്നു. 

എന്തായിരിക്കും ഇവിടുത്തെ മൺസൂൺ പെരുമഴയ്ക്ക് പിന്നിൽ? ഇന്ത്യൻ നോർവീജിയൻ ശാസ്ത്രജ്ഞർ നേച്ചർ ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിൽ ഇവിടുത്തെ മഴയ്ക്ക് പിന്നിലെ കാരണമായി പ്രതിപാദിക്കുന്നത് ബട്ടർഫ്‌ളൈ എഫക്ട് എന്ന പ്രതിഭാസത്തെയാണ്. 

ഈ പഠനത്തിൽ ഇവിടെയുള്ള അതിശക്തമായ മഴയും ആർട്ടിക്കിലെ മഞ്ഞ് ദ്രുതഗതിയിലുള്ള ഉരുകുന്നതും തമ്മിൽ ബന്ധമുണ്ടെന്നും പറയുന്നു. ഇന്ത്യയിൽ നിന്ന് 9000 കിലോമീറ്റർ അകലെയാണ് ആർട്ടിക് സ്ഥിതി ചെയ്യുന്നത്.

എന്താണ് ബട്ടർഫ്‌ളൈ എഫ്ഫക്റ്റ്? ഇവിടെ സംഭവിക്കുന്ന ചെറിയ മാറ്റം കൊണ്ടുപോലും വലിയ ഫലങ്ങള്‍ ഉണ്ടാകുന്ന പ്രതിഭാസത്തെയാണ് ബട്ടര്‍ഫ്‌ലൈ എഫക്ട് എന്ന് പറയുന്നത്. നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിലെ (NCPOR) അന്തരീക്ഷ-സമുദ്ര ഇടപെടലുകളെക്കുറിച്ചുള്ള പഠനത്തിൽ വിദഗ്ധനായ സൗരവ് ചാറ്റർജിയുടെ നേതൃത്വത്തിലാണ് “ആർട്ടിക് സമുദ്രത്തിലെ മഞ്ഞുവീഴ്ചയും ഇന്ത്യൻ വേനൽക്കാല മൺസൂൺ മഴയുടെ തീവ്രതയും തമ്മിലുള്ള ബന്ധം” എന്ന തലക്കെട്ടിലുള്ള പഠനം നടത്തിയത്.

ആഗോള താപനം വളരെ വേഗത്തിൽ ബാധിക്കുന്ന മേഖലയാണ് ആർട്ടിക് പ്രദേശങ്ങൾ. എങ്ങനെയാണ് ഇത് ബാധിക്കുന്നത് എന്നതിനെ കുറിച്ച് ഇനിയും കൂടുതൽ പഠനങ്ങൾ നടത്തേണ്ടി വരും എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇന്ത്യയിൽ ഈ വർഷം പ്രതീക്ഷിച്ചതിലും അധിക മഴയാണ് ലഭിച്ചത്. കേരളം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളെ തീവ്രമായാണ് മൺസൂൺ പെരുമഴ ബാധിച്ചത്. സാധാരണയായി ഒക്ടോബറിലാണ് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ വിടവാങ്ങുന്നത്. എന്നാൽ 2018 മുതൽ ഇങ്ങോട്ട് കേരളത്തിൽ ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ പെരുമഴയും വെള്ളപ്പൊക്കവും ഉണ്ടാകാറുണ്ട്. ഈ വർഷവും കേരളത്തിൽ മിക്കയിടങ്ങളിലും ഉരുൾപൊട്ടലും കനത്ത നാശനഷ്ടവും ആളപായവും സംഭവിച്ചും. ഇപ്പോഴും കേരളത്തിൽ മഴ തുടരുകയാണ്.

കടലിൽ സംഭവിക്കുന്ന മഞ്ഞുരുക്കം അന്തരീക്ഷത്തിൽ വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നത്. ആർട്ടിക് അന്തരീക്ഷത്തിലെ ഈ മാറ്റങ്ങൾ പതിയെ ഏഷ്യയിലേക്കും വ്യാപിക്കുന്നു. ഇതാണ് ഇവിടുത്തെ കനത്ത മഴയ്ക്ക് പിന്നിലെ കാരണമായി ശാസ്ത്രജ്ഞർ പറയുന്നത്. ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ മഴകണക്കും നാഷണല്‍ സ്‌നോ ആന്‍ഡ് ഐസ് ഡാറ്റയുമാണ് പഠനത്തിന് വിധേയമാക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only