05 നവംബർ 2021

ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു
(VISION NEWS 05 നവംബർ 2021)
അങ്കമാലി: മധ്യവയസ്കരായ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ചരക്ക് ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ആലുവ യു.സി കോളജ് കടൂപ്പാടം പുളിയത്ത് വാഴേലിപ്പറമ്പിൽ വീട്ടിൽ മുഹമ്മദലിയുടെ (റിട്ട. മൃഗസംരക്ഷണ വകുപ്പ്) ഭാര്യ ഖദീജ ബീവിയാണ് (58) മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മുഹമ്മദലിയെ (67) അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച പുലർച്ചെ 6.20ന് ദേശീയപാത നെടുമ്പാശ്ശേരി അത്താണി അസീസി ജങ്ഷനിലായിരുന്നു (എയർപോർട്ട് കവല) അപകടം. ഇരുവരും പെരുമ്പാവൂർ ഓണമ്പിള്ളിയിലുള്ള മകൾ നിഷയുടെ വീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്നു.

ജങ്ഷനിലെ സിഗ്നൽ തെളിഞ്ഞതോടെ സ്കൂട്ടർ എയർപോർട്ട് റോഡിലേക്ക് തിരിച്ചതും പിറകിൽ വന്ന ടോറസ് ചരക്ക് ലോറി സ്കൂട്ടറിൽ ഇടിച്ച് കയറുകയായിരുന്നു. മുഹമ്മദലി റോഡിൽ തെറിച്ച് വീണെങ്കിലും ഖദീജ ബീവി ലോറിയുടെ ടയറുകൾക്കിടയിൽ കുടുങ്ങി തൽക്ഷണം മരിച്ചു. 

നാട്ടുകാരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഖദീജ ബീവിയുടെ മൃതദേഹം അങ്കമാലി എൽ.എഫ് ആശുപത്രി മോർച്ചറിയിൽ. മുഹമ്മദലിയുടെ പരിക്ക് ഗുരുതരമല്ല. മറ്റ് മക്കൾ: നിഷാദ്, റഫീഖ് സഖാഫി, അബ്ദുൽ ജബ്ബാർ. മരുമക്കൾ: സുൽഫിക്കർ അലി ഫൈസി, സജ്ന, അജീഷ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only