01 നവംബർ 2021

പാലായില്‍ പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ മകന്‍ മരിച്ചു
(VISION NEWS 01 നവംബർ 2021)
കോട്ടയം ∙ പാലായില്‍ പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായി സാരമായി പൊള്ളലേറ്റ് ചികില്‍സയില്‍ കഴിയുകയായിരുന്ന മകന്‍ മരിച്ചു. അന്തീനാട് ക്ഷേത്രത്തിനു സമീപം കാഞ്ഞിരത്താംകുന്നേൽ ഷിനു(35) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചിന് കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. ആസിഡ് ആക്രമണത്തില്‍ 71 ശതമാനത്തിലേറെ ഷിനുവിന് പൊള്ളലേറ്റിരുന്നു.

സെപ്റ്റംബര്‍ 23നായിരുന്നു നാടിനെ നടുക്കിയ ആസിഡ് ആക്രമണം. ഉറങ്ങിക്കിടന്ന യുവാവിന്റെ ദേഹത്ത് പിതാവ് ഗോപാലകൃഷ്ണൻ ചെട്ടിയാർ (61) ആസിഡ് ഒഴിക്കുകയായിരുന്നു. 23 ന് വെളുപ്പിനു 2 മണിയോടെയാണ് സംഭവം. ഷിനുവും ഗോപാലകൃഷ്ണനും മാതാവും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. ഷിനുവും പിതാവും തമ്മിൽ വാക്കേറ്റവും വഴക്കും പതിവായിരുന്നതായി പൊലീസ് പറഞ്ഞു.
22നു പകൽ ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും ഗോപാലകൃഷ്ണനെ ഷിനു ചവിട്ടി പരുക്കേൽപിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഇതിന്റെ വൈരാഗ്യമാണ് ആസിഡ് ആക്രമണത്തിൽ കലാശിച്ചത്. ഷിനു സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു. ഷിനു ഉറക്കത്തിലാണെന്ന് ഉറപ്പാക്കിയ ശേഷം റബർ തോട്ടത്തിലെ ഷെഡിൽ സൂക്ഷിച്ചിരുന്ന ആസിഡ് ദേഹത്ത് ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

പൊള്ളലേറ്റ ഷിനുവിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ആസിഡിന്റെ ബാക്കി കൊല്ലപ്പള്ളി തോട്ടിൽ ഉപേക്ഷിച്ചശേഷം ഗോപാലകൃഷ്ണൻ റബർ തോട്ടത്തിൽ കിടന്നുറങ്ങി. രാവിലെ ഉള്ളനാട് ഷാപ്പിലെത്തി മദ്യപിച്ചശേഷം ഓട്ടോറിക്ഷയിൽ വിവിധ ഭാഗങ്ങളിൽ കറങ്ങി നടന്ന  പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഗോപാലകൃഷ്ണൻ റിമാന്‍ഡിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only