05 നവംബർ 2021

മാതളനാരങ്ങയുടെ തൊലിയും കളയണ്ട; ​ഗുണങ്ങൾ ഇങ്ങനെ
(VISION NEWS 05 നവംബർ 2021)
രക്‌തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളും രക്‌തസമ്മർദവും എല്ലാം നിയന്ത്രിക്കാൻ ഏറെ നല്ല പഴമാണ് മാതളനാരങ്ങ. സാധാരണയായി നമ്മൾ പഴങ്ങൾ കഴിക്കുകയും അതിന്റെ തോല് വലിച്ചെറിയുകയുമാണ് പതിവ്. എന്നാൽ ഇനി മുതൽ മാതളനാരങ്ങയുടെ തോല് വലിച്ചെറിയേണ്ട ആവശ്യമില്ല.

മാതളപ്പഴത്തിന്റെ ജ്യൂസിൽ അടങ്ങിയതിനേക്കാൾ കൂടുതൽ ഓക്‌സിഡന്റുകൾ അടങ്ങിയ മാതളപ്പഴത്തിന്റെ തോലും ഇനി മുതൽ ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗപ്പെടുത്താം.മാതളപ്പഴം കഴിച്ച ശേഷം അതിന്റെ തോല് നന്നായി ഉണക്കി പൊടിക്കണം.

ശേഷം ഈ പൊടി തിളപ്പിച്ച വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. മാതളപ്പഴത്തിന്റെ തോല് കൊണ്ടുള്ള മറ്റ് ഗുണങ്ങളെ പറ്റി കൂടുതൽ അറിയാം.


ചർമത്തിൽ ഉണ്ടാകുന്ന ഇരുണ്ട പാടുകൾ മാറുന്നതിന് മാതളത്തൊലി ഗുണം ചെയ്യും. ധാരാളം ആന്റി ഓക്‌സിഡന്റുകളും, പോളിഫിനോളുകളും അടങ്ങിയ ഒന്നാണ് മാതളത്തൊലി. അതിനാൽ തന്നെ മാതളത്തൊലി ഉണക്കിപ്പൊടിച്ചത് വെള്ളത്തിനൊപ്പം ചാലിച്ച് പുരട്ടിയാൽ മുഖക്കുരു ഉൾപ്പടെയുള്ള ചർമ പ്രശ്‌നങ്ങൾ മാറിക്കിട്ടും.

ഒരു ആന്റി ഇൻഫ്‌ളമേറ്ററി ഏജന്റ് ആയി പ്രവർത്തിക്കുക വഴി അമിതഭാരവും പൊണ്ണത്തടിയും ഉള്ളവരിൽ കൊളസ്‌ട്രോളിന്റെയും രക്‌തത്തിലെ പഞ്ചസാരയുടെയും അളവ് മെച്ചപ്പെടുത്താൻ 1000 മില്ലിഗ്രാം മാതളത്തോലിന്റെ സത്തിന് കഴിയുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. അതിനാൽ തന്നെ ഹൃദ്രോഗം, പ്രമേഹം എന്നിവ ഉണ്ടാകാനുള്ള സാധ്യത മാതളത്തൊലി കഴിക്കുന്നതിലൂടെ കുറയും.

മാതളത്തൊലിയിൽ അടങ്ങിയിട്ടുള്ള punicalagin എന്ന പോളിഫിനോളിന് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. സ്‌തനാർബുദം, ഓറൽ കാൻസർ, കോളൻ കാൻസർ, പ്രോസ്‌റ്റേറ്റ് കാൻസർ തുടങ്ങിയവയെ പ്രതിരോധിക്കാൻ മാതളത്തോലിനു സാധിക്കും. കൂടാതെ ഉയർന്ന തോതിലുള്ള ആന്റി ഓക്‌സിഡന്റുകൾ മൂലം കരളിനെ സംരക്ഷിക്കാനും, കരൾ അർബുദം ഉണ്ടാകാനുള്ള സാധ്യത തടയാനും മാതളത്തൊലിക്ക് സാധിക്കും.

പല്ലുകളിൽ ഉണ്ടാകുന്ന കേടുകൾ തടയാനും മോണയുടെ ആരോഗ്യത്തിനും ആന്റി ബാക്‌ടീരിയൽ ഗുണങ്ങളുള്ള മാതളത്തോലിന് കഴിയും. എല്ലുകളുടെ ആരോഗ്യത്തിനും മാതളത്തൊലി കഴിക്കുന്നത് വളരെ നല്ലതാണ്. ബോൺലോസ് തടയുന്നതിനും, പുതിയ ബോൺ ടിഷ്യു വളരുന്നതിനും ഇത് സഹായകമാണ്.


മാതളപ്പഴത്തിൽ നിന്നും നീക്കം ചെയ്‌ത തോല് രണ്ടുമൂന്ന് ദിവസം വെയിലത്ത് വച്ച് നന്നായി ഉണക്കണം. ശേഷം ഇത് നന്നായി പൊടിച്ചെടുക്കണം. ഈ പൊടി വായു കടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിക്കേണ്ടതാണ്. ശേഷം ആവശ്യാനുസരണം പൊടി വെള്ളത്തിൽ ചേർത്ത് കുടിക്കുകയോ, വെള്ളത്തിൽ ചാലിച്ച് ഫെയ്‌സ് മാസ്‌ക് ആയി ഉപയോഗിക്കുകയോ ചെയ്യാം. കൂടാതെ തിളച്ച വെള്ളത്തിൽ ചേർത്ത് അരിച്ചെടുത്ത് ഹെർബൽ ടീ ആയും മാതളനാരങ്ങയുടെ തൊലി ഉപയോഗിക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only