16 നവംബർ 2021

ഓമശ്ശേരിയിൽ കാട്ടുപന്നി ശല്യം രൂക്ഷം:കർഷകരെ രക്ഷിക്കാൻ അടിയന്തിര നടപടിയുണ്ടാവണം-കാർഷിക വികസന സമിതി.
(VISION NEWS 16 നവംബർ 2021)


ഓമശ്ശേരി:പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായത് കർഷകരെ ഭീതിയിലാഴ്ത്തുകയാണെന്നും മലയോരമേഖലയിൽ മാത്രമല്ല,നാട്ടിൻപുറങ്ങളിലും കർഷകർക്ക് ദുരിതം വിതച്ച് കാട്ടുപന്നികൾ പരാക്രമം തുടരുന്നത്‌ ആശങ്കയുണ്ടാക്കുന്നതായും അധികൃതർ പ്രശ്ന പരിഹാരത്തിന്‌ അടിയന്തിരമായി ഇടപെടണമെന്നും ഓമശ്ശേരി പഞ്ചായത്ത്‌ കാർഷിക വികസന സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

വയലിലും പറമ്പിലും മല മുകളിലും കൃഷി ചെയ്യുന്ന കർഷകർ കാട്ടു പന്നി ശല്യം കൊണ്ട്‌ കൊടിയ ദുരിതത്തിലാണ്‌.വാഴ,കപ്പ,ഇഞ്ചി,ചേന,ചേമ്പ്,തെങ്ങ്‌,കമുങ്ങ്‌ എന്നിവ കൃഷി ചെയ്യുന്നവരാണ്‌ ഏറെ പ്രയാസപ്പെടുന്നത്‌.പ്രതിരോധ മറകൾ പൊട്ടിച്ച്‌ പന്നികൾ കൂട്ടത്തോടെ കൃഷിയിടത്തിലേക്ക്‌ ഇറങ്ങുന്നത്‌ കർഷകർക്ക് വലിയ‌ വെല്ലുവിളിയാവുകയാണ്‌.

തോക്ക്‌ ഉപയോഗിക്കാൻ മുമ്പ്‌ ലൈസൻസ്‌ ഉണ്ടായിരുന്ന കർഷകർ പഞ്ചായത്തിലെ പല വാർഡുകളിലുമുണ്ട്‌.അവർക്ക്‌ ലൈസൻസ്‌ പുതുക്കി നൽകി കൃഷി നശിപ്പിക്കുന്ന കാട്ടു പന്നികളെ വെടി വെച്ച്‌ കൊല്ലാൻ അനുമതി നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു.കർഷകർ ധാരാളമുള്ള ഓമശ്ശേരി പഞ്ചായത്തിൽ നിലവിൽ ഏതാനും പേർക്ക്‌ മാത്രമാണ്‌ വെടി വെക്കാൻ അനുമതിയുള്ളത്‌.ഇത്‌ കാരണം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൾ കൃത്യ സമയത്ത്‌ എത്തിപ്പെടുന്നതിന്‌ പലപ്പോഴും സാധിക്കാതെ വരുന്നു.ദുരിതക്കയത്തിലായ കർഷകരെ രക്ഷിക്കാൻ ശാശ്വതമായ പരിഹാരം ഉടനെയുണ്ടാവണമെന്ന് പ്രമേയം അധികൃതരോട്‌ ആവശ്യപ്പെട്ടു.

യോഗത്തിൽ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ,പഞ്ചായത്തംഗം കെ.പി.രജിത,വി.ജെ.ചാക്കോ,ഒ.എം.ശ്രീനിവാസൻ നായർ,കെ.മുഹമ്മദ്‌,വേലായുധൻ മുറ്റോളിൻ,അബൂബക്കർ പാലായിൽ,പി.വി.അബൂബക്കർ,കൃഷി അസിസ്റ്റന്റ്‌ കെ.എസ്‌.നളിനി എന്നിവർ സംസാരിച്ചു.ഒ.എം.ശ്രീനിവാസൻ നായർ അവതാരകനും അബൂബക്കർ പാലായിൽ അനുവാദകനുമായാണ്‌ പ്രമേയം അവതരിപ്പിച്ചത്‌.കൃഷി ഓഫീസർ പി.പി.രാജി സ്വാഗതവും അസിസ്റ്റന്റ്‌ കൃഷി ഓഫീസർ കെ.വിനോദ്‌ പോൾ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only