19 നവംബർ 2021

സിറാജ് ഫ്ലൈഓവർ സ്ഥലമെടുപ്പ് നടപടികൾ റവന്യൂ വകുപ്പ് പുനരാരംഭിച്ചു
(VISION NEWS 19 നവംബർ 2021)കൊടുവള്ളി സിറാജ് ഫ്ലൈഓവർ നിർമ്മാണത്തിന് സ്ഥലമേറ്റെടുക്കൽ നടപടികളുടെ ഭാഗമായുള്ള ഹിയറിങ് നവംബർ 23 ന് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നതിന് തീരുമാനമായി. വസ്തു ഉടമകൾക്കും തൊഴിലാളികൾക്കും നഷ്ടപരിഹാരം നൽകുന്നതിൻ്റെ ഭാഗമായുള്ള ഹിയറിംഗിൽ പങ്കെടുക്കുന്നതിന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ കക്ഷികൾക്ക് ഇന്ന് (നവംബർ 18) നോട്ടീസ് നൽകി. 

നേരത്തെ ഒക്ടോബർ 28 നും നവംബർ 19 നും ഹിയറിങ് നടത്തുന്നതിന് നിശ്ചയിച്ചിരുന്നുവെങ്കിലും വിവിധ കോണുകളിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. പദ്ധതി സംബന്ധിച്ച് പരാതി ഉന്നയിച്ചു കൊണ്ട് എം.കെ മുനീർ എം.എൽ.എ ജില്ലാ കലക്ടർക്ക് നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിൽ നവംബർ 16 ചൊവ്വാഴ്ച രാവിലെ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ രണ്ട് എം.എൽ.എമാരുടെയും മുൻ എം.എൽ.എയുടെയും സാന്നിധ്യത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തിരുന്നു. യോഗത്തിൽ സർക്കാർ തീരുമാനത്തിൻ്റെ ഭാഗമായി സ്ഥലമെടുപ്പ് നടപടികളുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കിയിരുന്നു. 

സ്ഥലം ഏറ്റെടുക്കലിൻ്റെ ഭാഗമായുള്ള 4(1) നോട്ടിഫിക്കേഷൻ നേരത്തെ പരസ്യപ്പെടുത്തുകയും സാമൂഹിക ആഘാത പഠനം പൂർത്തീകരിക്കുകയും ചെയ്തതാണ്. അതിരുകൾ അടയാളപ്പെടുത്തുന്നതിന് അധികാരം നൽകുന്നതിനുള്ള 6(1) നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുകയും ആവശ്യമായ സ്ഥലം മാർക്ക് ചെയ്ത് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. സ്ഥലമേറ്റെടുക്കൽ നടപടികളുടെ മൂന്നാം ഘട്ടമായ 11(1) നോട്ടിഫിക്കേഷനും പരസ്യപ്പെടുത്തിക്കഴിഞ്ഞു. 

ഹിയറിംഗിൽ പങ്കെടുക്കുന്ന കക്ഷികൾക്ക് പറയാനുള്ള കാര്യങ്ങൾ രേഖപ്പെടുത്തിയശേഷം ആയത് കൂടി പരിഗണിച്ച് നഷ്ടപരിഹാരത്തിനുള്ള തുക നിശ്ചയിക്കുകയും 19(1) നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചശേഷം ബന്ധപ്പെട്ടവർക്ക് തുക ലഭ്യമാക്കുകയും ചെയ്യുന്നതോടെയാണ് സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാവുന്നത്. 

സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഹിയറിംഗിൽ പങ്കെടുക്കാനെത്തുന്ന ഉദ്യോഗസ്ഥർക്കും കക്ഷികൾക്കും മതിയായ സുരക്ഷയൊരുക്കാനും തടസ്സപ്പെടുത്തലുകളുണ്ടായാൽ നിയമ നടപടികൾ സ്വീകരിക്കുന്നതിനുമാണ് റവന്യു വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച നിർദ്ദേശമെന്നറിയുന്നു. 

കാരാട്ട് റസാഖ് എം.എൽ.എയായിരിക്കെയാണ് കൊടുവള്ളിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി സിറാജ് ഫ്ലൈഓവർ പ്രവർത്തിക്ക് അംഗീകാരം ലഭിക്കുന്നത്. കിഫ്ബിയിൽ നിന്നും 54.2 കോടി രൂപയുടെ ഭരണാനുമതിയാണ് ഇതിനായി ലഭ്യമാക്കിയിട്ടുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only