22 നവംബർ 2021

യുവതിക്ക് അശ്ലീല സന്ദേശം അയച്ച യുവാവിനെ ഭര്‍ത്താവും സംഘവും പീഡിപ്പിച്ചെന്ന് കേസ്
(VISION NEWS 22 നവംബർ 2021)




തൊടുപുഴ: ഭാര്യയ്ക്ക് അശ്ലീല സന്ദേശമയച്ചതിന് 23-കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ യുവാവിനെയും മൂന്ന് കൂട്ടാളികളെയും പോലീസ് അറസ്റ്റുചെയ്തു. തന്നെ വിവസ്ത്രനാക്കി മർദിക്കുകയും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്തതായി ഇരുപത്തിമൂന്നുകാരൻ മൊഴിനൽകിയിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാളിയാർ തച്ചമറ്റത്തിൽ അനുജിത്ത് (കൊച്ചമ്പിളി-21), സഹോദരൻ അഭിജിത്ത് (വല്യമ്പിളി-23), എറണാകുളം തൃക്കാരിയൂർ തങ്കളം വാലയിൽ ജിയോ (ജോൺ-33), മുതലക്കോടം പഴുക്കാക്കുളം പഴയരിയിൽ അഷ്കർ (23) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റുചെയ്തത്. രണ്ടുപേർകൂടി അറസ്റ്റിലാകാനുണ്ട്. പോലീസ് പറയുന്നത് ഇങ്ങനെ: ഒരു വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്നാണ് അനുജിത്തിന്റെ ഭാര്യയ്ക്ക് നിരന്തരം അശ്ലീല സന്ദേശങ്ങൾ വന്നത്. 

ഇരുപത്തിമൂന്നുകാരനാണ് ഇത് അയച്ചതെന്ന് പ്രതികൾ കണ്ടെത്തി. വെള്ളിയാഴ്ച വൈകീട്ട് തൊടുപുഴയിൽ ഇവർ യുവാവിനെ കണ്ടു. ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി ഒരുരാത്രി മുഴുവൻ മർദിച്ചു. തുടർന്ന്, മണക്കാടെത്തിച്ച് അനുജിത്ത് തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നുമാണ് യുവാവിന്റെ മൊഴി. 

ശനിയാഴ്ച രാവിലെ സംഘം യുവാവിനെ പോലീസ് സ്റ്റേഷനിൽ ഹാജരാക്കി. അശ്ലീല സന്ദേശം അയച്ചെന്ന പരാതിയും നൽകി. എന്നാൽ, സംശയം തോന്നിയ പോലീസ്, പ്രതികളെ തടഞ്ഞുവെയ്ക്കുകയും യുവാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയുമായിരുന്നു. ഇതിനിടെ മകനെ കാണാനില്ലെന്ന പരാതിയുമായി യുവാവിന്റെ അമ്മയും പോലീസ് സ്റ്റേഷനിലെത്തി.

പീഡനവിവരം യുവാവ് ഡോക്ടറോടും പറഞ്ഞു. പരിശോധിച്ചപ്പോൾ ക്രൂരമർദനത്തിന് ഇരയായതായി കണ്ടെത്തി. അശ്ലീലസന്ദേശം അയച്ചെന്ന പരാതിയിൽ പീഡനത്തിനിരയായ യുവാവിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. സി.ഐ. വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only