18 നവംബർ 2021

ഇണചേരാന്‍ കരയില്‍നിന്ന് കടലിലേക്ക്; ലക്ഷക്കണക്കിന് ചുവപ്പന്‍ ഞണ്ടുകളുടെ യാത്ര, റോഡുകള്‍ അടച്ചു; വീഡിയോ
(VISION NEWS 18 നവംബർ 2021)ഇണചേരാൻ കടലിലേക്ക് യാത്ര തിരിച്ച ലക്ഷക്കണക്കിന് ചുവപ്പൻ ഞണ്ടുകൾ(റെഡ് ക്രാബ്). അതിശയിപ്പിക്കുന്നതാണ് ഓസ്ട്രേലിയയിൽനിന്നുള്ള ഈ കാഴ്ച. കാട്ടിൽനിന്ന് കടൽത്തീരത്തേക്കുള്ള ഈ യാത്രയുടെ ഫോട്ടോകളും വീഡിയോകളും പുറത്തെത്തിക്കഴിഞ്ഞു. പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ തീരത്തെ ക്രിസ്മസ് ദ്വീപിൽ, കാട്ടിൽനിന്ന് കടൽത്തീരത്തേക്കുള്ള റോഡുകൾ പലതും ഈ 'ചുവപ്പുഭീകരന്മാ'രുടെ യാത്രകാരണം അടച്ചിരിക്കുകയാണ്.

ഭൂമിയിലെ തന്നെ ഏറ്റവും വലിയ ദേശാന്തരഗമനങ്ങളിലൊന്നാണ് ചുവപ്പൻ ഞണ്ടുകളുടെ യാത്ര. എല്ലാക്കൊല്ലവും, ഒക്ടോബർ-നവംബർ മാസങ്ങളിലെ മഴയ്ക്കു ശേഷം അമ്പത് ദശലക്ഷം അതായത് അഞ്ചുകോടിയോളം ഞണ്ടുകളാണ് ഇണചേരാൻ കാട്ടിൽനിന്ന് കടലിലേക്ക് യാത്ര തിരിക്കുന്നത്.

ശൈത്യമാസങ്ങളിൽ ജനവാസകേന്ദ്രങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളുമൊക്കെ കടന്ന് അവർ കടൽത്തീരത്തേക്ക് നീങ്ങും. ഇലകൾ, പഴങ്ങൾ, പൂക്കൾ, വിത്തുകൾ തുടങ്ങിയവയാണ് സാധാരണയായി ഈ ഞണ്ടുകളുടെ ഭക്ഷണം. എന്നാൽ അത്ര സാധുക്കളല്ല ഇവർ. തങ്ങളുടെ ആദ്യ കടൽയാത്രയ്ക്കു ശേഷം മടങ്ങുന്ന ഇളംപ്രായത്തിലുള്ള ഞണ്ടുകളെ കൂട്ടത്തിലുള്ള മുതിർന്ന ഞണ്ടുകൾ ഭക്ഷണമാക്കാറുണ്ട്.

റോഡിലൂടെയും പ്രത്യേകം നിർമിച്ച പാലങ്ങളിലൂടെയുമായി പതിനായിരക്കണക്കിന് ഞണ്ടുകൾ പോകുന്നത് പാർക്ക്സ് ഓസ്ട്രേലിയപങ്കുവെച്ച ഫോട്ടോകളിൽനിന്നും വീഡിയോകളിൽനിന്നും കണ്ടറിയാം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only