04/11/2021

പ്രഭാത വാർത്തകൾ
(VISION NEWS 04/11/2021)🔳ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കൊവാക്സീന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. അടിയന്തര ഉപയോഗത്തിന് വിദഗ്ധസമിതി അംഗീകാരം നല്‍കി. കഴിഞ്ഞ ജൂലൈയിലാണ് ആഗോള അംഗീകാരത്തിനായി നിര്‍മ്മതാക്കാളായ ഭാരത് ബയോടെക്ക് അപേക്ഷ സമര്‍പ്പിച്ചത്.

🔳കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ ആത്മഹത്യ ചെയ്തതില്‍ അധികവും ബിസിനസുകാര്‍. ആകെ 11,716 ബിസിനസുകാരാണ് 2020 കലണ്ടര്‍ വര്‍ഷം ആത്മഹത്യ ചെയ്തത്. 10,677 കര്‍ഷകരാണ് ഇതേസമയം രാജ്യമൊട്ടാകെ ആത്മഹത്യ ചെയ്തതെന്നാണ് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക്.

🔳2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദളിത്, സ്ത്രീ, ഒ.ബി.സി വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള ഫോര്‍മുല പരീക്ഷിക്കാന്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ടാഴ്ച മുന്‍പ് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്ത്രങ്ങളെകുറിച്ച് ധാരണയായതെന്ന് ‛ന്യൂസ് 18' റിപ്പോര്‍ട്ട് ചെയ്തു. ബി.ജെ.പി-യെ കോര്‍പറേറ്റുകളുടെ പാര്‍ട്ടിയെന്ന് വിശേഷിപ്പിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ പിന്നാക്കവിഭാഗക്കാരെ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസിനെ അവതരിപ്പിക്കാനാണ് നീക്കം.

🔳രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊടുവില്‍ ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയില്‍ കേന്ദ്രം ഇളവ് പ്രഖ്യാപിച്ചു. പെട്രോള്‍ ലിറ്ററിന് 5 രൂപയും ഡീസല്‍ ലിറ്ററിന് 10 രൂപയും കുറയും. അര്‍ധരാത്രി മുതല്‍ കുറഞ്ഞവില പ്രാബല്ല്യത്തില്‍ വന്നു. സംസ്ഥാനങ്ങള്‍ മൂല്യവര്‍ധിത നികുതി കുറയ്ക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

🔳കേന്ദ്രം എക്സൈസ് തീരുവ കുറച്ചത് പോരെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇന്ധന വിലയിലെ മൂല്യവര്‍ധിത നികുതി കേരളം കുറയ്ക്കില്ല. കേന്ദ്രം വില കുറച്ചതിന് ആനുപാതികമായി കേരളത്തിലും വില കുറയുമെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം മുഖം രക്ഷിക്കാനാണെന്നും കെ എന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി.

🔳വാചകമടിക്കാതെ കേന്ദ്രം കുറച്ചതുപോലെ ഇന്ധന നികുതി കുറയ്ക്കാന്‍ കേരളം തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്‍. 23 ശതമാനം ഡീസലിനും 30 ശതമാനം പെട്രോളിനും നികുതി കൈപ്പറ്റുന്ന കേരള സര്‍ക്കാര്‍ ഇതുവരെ നയാപൈസ കുറച്ചിട്ടില്ലെന്നും ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ചു.

🔳രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊടുവില്‍ ഇന്ധനവില കുറച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് എഐസിസി. ലോക്സഭ - നിയമസഭ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയാണ് ദീപാവലി സമ്മാനത്തിന് പിന്നിലെന്നും തട്ടിപ്പ് വേണ്ടെന്നും എഐസിസി തുറന്നടിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്തെ എക്സൈസ് തീരുവയും ഇപ്പോഴത്തെ തീരുവയും പങ്കുവെച്ചാണ് വിമര്‍ശനം. കോണ്‍ഗ്രസിന്റെ സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കും ഇനിമുതല്‍ കുറഞ്ഞ വിലയില്‍ ഇന്ധനം ലഭ്യമാകുമെന്നും ഇന്ധനവില ഇനിയും കുറയേണ്ടതുണ്ടെന്നും കരുത്തുറ്റ പ്രതിഷേധങ്ങളുമായി കോണ്‍ഗ്രസ് ജനങ്ങള്‍ക്കൊപ്പം തെരുവിലുണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 2014ല്‍ യു.പി.എ സര്‍ക്കാര്‍ ഈടാക്കിയിരുന്ന നികുതിയുടെ 200 ശതമാനമെങ്കിലും ഇപ്പോഴും സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് ഈടാക്കുന്നുണ്ടെന്നും ഉപതിരഞ്ഞെടുപ്പുകളില്‍ ഉണ്ടായ തിരിച്ചടിയും ഉയര്‍ന്നുവരുന്ന ജനകീയ പ്രക്ഷോഭങ്ങളുടെ സമ്മര്‍ദ്ദവുമാണ് സര്‍ക്കാരിനെ ഇപ്പോള്‍ ഈ നടപടിക്ക് പ്രേരിപ്പിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.

🔳ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കെ എസ് ആര്‍ ടി സി ബസ് തൊഴിലാളി യൂണിയന്‍, ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇന്ന് അര്‍ധരാത്രി മുതല്‍ 48 മണിക്കൂര്‍ പണിമുടക്ക് നടത്തുമെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു. വേണ്ടിവന്നാല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് പോകുന്നത് ആലോചനയിലുണ്ടെന്നും സംഘടനകള്‍ വ്യക്തമാക്കി.

🔳കെഎസ്ആര്‍ടിസി ടെര്‍മിനല്‍ നിര്‍മാണ ക്രമക്കേടില്‍ ആര്‍ക്കിടെക്ട് ആര്‍ കെ രമേശിനും കെടിഡിഎഫ്സി മുന്‍ ചീഫ് എന്‍ജിനീയര്‍ എസ്.ആര്‍.ജെ നവകുമാറിനും എതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. ചെന്നൈ ഐഐടി സംഘത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ബസ് ടെര്‍മിനലിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.

🔳എം.ജി സര്‍വകലാശാലയില്‍വെച്ച് ഒരു ഗവേഷക വിദ്യാര്‍ത്ഥിയില്‍നിന്നും, ജീവനക്കാരനില്‍നിന്നും ലൈംഗിക അതിക്രമം നേരിടേണ്ടിവന്നെന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് വൈസ് ചാന്‍സിലര്‍ സാബു തോമസ്. ഗവേഷക വിദ്യാര്‍ത്ഥിനിയുടെ ആരോപണം വ്യാജമാണെന്നും ഏതെങ്കിലും രീതിയിലുള്ള ലൈംഗിക അതിക്രമം നടന്നതായി വിദ്യാര്‍ത്ഥിനി വാക്കാല്‍പോലും പരാതി ഉന്നയിച്ചിട്ടില്ലെന്നും വൈസ് ചാന്‍സിലര്‍ പ്രതികരിച്ചു. തനിക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായെന്ന് അന്ന് ഡിപ്പാര്‍ട്ട്മെന്റിന്റെ ചുമതലയുണ്ടായിരുന്ന, ഇപ്പോഴത്തെ വി സി സാബു തോമസിനെ അറിയിച്ചിരുന്നുവെന്നും വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് അവരെ തള്ളി വി സി രംഗത്തെത്തിയത്.

🔳മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാനുള്ള നിയമഭേദഗതിബില്‍ നിയമസഭ പാസാക്കിയെങ്കിലും ബാങ്ക് ലയനത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍തന്നെയാണ് യു.ഡി.എഫ് തീരുമാനം. യു.ഡി.എഫിന്റെ ശക്തമായ എതിര്‍പ്പിനിടയിലും നിയമസഭയില്‍ ബില്ല് ഐക്യകണ്ഠേനെ പാസാക്കാനായത് സര്‍ക്കാരിന് നേട്ടമായി. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരളാ ബാങ്കില്‍ ലയിപ്പിക്കാനുള്ള നിയമഭേദഗതി ബില്ല് ഇന്നലെയാണ് നിയമസഭ പാസാക്കിയത്.

🔳ചിറയിന്‍കീഴില്‍ മതംമാറാന്‍ കൂട്ടാക്കാത്തതിന് ഭാര്യയുടെമുന്നില്‍വെച്ച് ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ച ഭാര്യാ സഹോദരന്‍ ഒളിവില്‍. ആക്രമണംനടന്ന ഒക്ടോബര്‍ 31ന് തന്നെ ചിറയിന്‍കീഴ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുക്കുകയോ പ്രതിയെ പിടിക്കുകയോ ചെയ്തില്ലെന്ന് മർദ്ദനമേറ്റയാളുടെ ഭാര്യ പറയുന്നു. എന്നാല്‍, കേസെടുത്തെന്നും പ്രതിക്കായി തെരച്ചില്‍ നടത്തുകയാണെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. കഴിഞ്ഞആഴ്ചയാണ് ലാറ്റിന്‍ കാതോലിക്ക് വിഭാഗത്തില്‍പ്പെട്ട ദീപ്തിയും ഹിന്ദു തണ്ടാര്‍ വിഭാഗത്തില്‍പ്പെട്ട മിഥുനും വിവാഹിതരായത്.

🔳തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അറബിക്കടലിലേക്ക് എത്തി. അടുത്ത മൂന്ന് ദിവസം വടക്ക് - വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചാരിക്കുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥവകുപ്പ് അറിയിച്ചു. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി തെക്കേ ഇന്ത്യക്ക് മുകളില്‍ കിഴക്കന്‍ കാറ്റ് ശക്തിപ്രാപിക്കാനാണ് സാധ്യത. കേരളത്തില്‍ നവംബര്‍ 7 വരെ ഇടി മിന്നലോടുകൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു.  

🔳ബംഗളൂരു വിമാനത്താവളത്തില്‍ തമിഴ് നടന്‍ വിജയ് സേതുപതിക്ക് നേരെ ആക്രമണംനടന്ന സംഭവത്തില്‍ പ്രതിയെ പിടികൂടി. ബെംഗളൂരു മലയാളിയായ ജോണ്‍സണ്‍ എന്നയാളാണ് താരത്തെ അക്രമിച്ചത്. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്തില്‍വച്ചുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ എത്തിയത്. വിമാനത്താവളത്തില്‍നിന്ന് പുറത്തേക്ക് നടക്കുകയായിരുന്നു വിജയ് സേതുപതിയെ ജോണ്‍സന്‍ ഓടിച്ചെന്ന് അദ്ദേഹത്തിന്റെ പുറകില്‍ ചവിട്ടുകയയിരുന്നു.

🔳സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് പ്രധാന കാരണമായിത്തീര്‍ന്ന 2ജി സ്‌പെക്ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍ സിഎജി വിനോദ് റായിക്കെതിരെ ഡിഎംകെ കോടതിയെ സമീപിച്ചേക്കും. വിനോദ് റായിക്കെതിരെ മാനനഷ്ടകേസ് ഫയല്‍ചെയ്യാനാണ് ഡിഎംകെ നീക്കം. 2ജി സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപമിനോട് വിനോദ് റായ് കഴിഞ്ഞദിവസം നിരുപാധികം മാപ്പുപറഞ്ഞ സാഹചര്യത്തിലാണ് ഡിഎംകെ-യും കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സിഎജി റിപ്പോര്‍ട്ടില്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ പേര് ഉള്‍പ്പെടുത്താതിരിക്കാന്‍ കോണ്‍ഗ്രസ് എം.പി.യായിരുന്ന സഞ്ജയ് നിരുപം സമ്മര്‍ദ്ദം ചെലുത്തിയെന്നായിരുന്നു 2014ല്‍ വിനോദ് റായി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ പറഞ്ഞത്. തന്റെ ആരോപണങ്ങള്‍ തെറ്റായിരുന്നുവെന്നാണ് ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിനോദ് റായ് ഒടുവില്‍ സമ്മതിച്ചിരുന്നു.

🔳അഫ്ഗാനിസ്ഥാനിലെ സാഹചര്യം ചര്‍ച്ചചെയ്യാന്‍ ഇന്ത്യ വിളിച്ച യോഗം ബഹിഷ്‌കരിച്ച് പാകിസ്ഥാന്‍. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അടുത്തയാഴ്ച വിളിച്ചിരിക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് പാകിസ്ഥാന്‍ അറിയിച്ചത്. അഫ്ഗാനിസ്ഥാനിലേക്ക് ഗോതമ്പ് അയക്കാനുള്ള ഇന്ത്യയുടെ നീക്കവും പാകിസ്ഥാന്‍ തടഞ്ഞിട്ടുണ്ട്. പാകിസ്ഥാനൊപ്പം ഇറാന്‍, തജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്കും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ക്ഷണക്കത്ത് നല്‍കിയിരുന്നു. ദില്ലിയില്‍ നേതാക്കള്‍ നേരിട്ട് പങ്കെടുക്കുന്ന യോഗത്തിനാണ് തീരുമാനം. അതിനിടെയാണ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പാകിസ്ഥാന്‍ അറിയിച്ചത്. മേഖലയിലെ സമാധാന നീക്കങ്ങള്‍ക്ക് തടസ്സംനിന്നത് ഇന്ത്യയാണെന്നും അതിനാല്‍ യോഗവുമായി സഹകരിക്കില്ലെന്നുമാണ് പാകിസ്ഥാന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൊയിദ് യൂസഫ് അറിയിച്ചത്. പാകിസ്ഥാന്റെ തീരുമാനത്തെക്കുറിച്ച് ഇന്ത്യ പ്രതികരിച്ചിട്ടില്ല.

🔳ആഭ്യന്തര യുദ്ധം നടക്കുന്ന എത്യോപ്യയില്‍ 1300ലേറെ സ്ത്രീകള്‍ അതി്രകൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടതായി യു.എന്നിന്റെ നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണ സമിതി, റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ആയിരക്കണക്കിന് ബലാല്‍സംഗങ്ങള്‍ വേറെയും നടന്നുവെന്ന് ഉറപ്പാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിമതരും സര്‍ക്കാര്‍ സൈന്യവുമെല്ലാം ഒരുപോലെ സ്ത്രീകളെ പിച്ചിച്ചീന്തിയതായാണ് യു.എന്‍ മനുഷ്യാവകാശ സംഘടനയും എത്യോപ്യന്‍ മനുഷ്യാവകാശ കമീഷനും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്.

🔳അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് എല്ലാവരും അവശ്യസാധനങ്ങള്‍ വാങ്ങിച്ചുവെക്കണമെന്ന ചൈനീസ് സര്‍ക്കാരിന്റെ മുന്നറിയിപ്പില്‍ പരിഭ്രാന്തരായ ജനങ്ങള്‍ കടകളില്‍ തിരക്കുകൂട്ടുകയാണെന്ന് വാര്‍ത്തകള്‍. ചൈനീസ് ധനകാര്യ മന്ത്രാലയമാണ് ജനങ്ങള്‍ക്കായി ഈ മുന്നറിയിപ്പ് പുറത്തിറക്കിയത്. എന്നാല്‍, എന്തു കാരണത്താലാണ് ഈ നിര്‍ദേശമെന്ന് ഉത്തരവില്‍ വ്യക്തമല്ല. 

🔳ബ്രിട്ടനിലെ ഗ്ലാസ്ഗോയില്‍ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് വരാതിരുന്ന ചൈനീസ്, റഷ്യന്‍ ഭരണാധികാരികള്‍ക്ക് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ രൂക്ഷവിമര്‍ശനം. 120 രാഷ്ട്രത്തലവന്‍മാര്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍നിന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും വിട്ടുനില്‍ക്കുന്നതിന് എതിരെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ വിമര്‍ശനം. ലോകനേതാവ് എന്ന നിലയിലുള്ള വലിയ റോളിലേക്ക് വരാന്‍ ശ്രമിക്കുന്ന ചൈന ഇക്കാര്യത്തില്‍ മടിച്ചുനില്‍ക്കുന്നത് എന്താണെന്ന് ബൈഡന്‍ ചോദിച്ചു. ചൈനീസ് പ്രസിഡന്റിന്റെ അഭാവം വലിയ തെറ്റാണെന്നും ബൈഡന്‍ പറഞ്ഞു. റഷ്യയില്‍ കാടുകള്‍ കത്തിയമരുമ്പോള്‍ പുടിന്‍ വായടച്ച് ഇരിക്കുകയാണെന്നും ബൈഡന്‍ കുറ്റപ്പെടുത്തി.

🔳പെഗാസസ് നിര്‍മ്മാതാക്കളായ എന്‍എസ്ഒ-യെ കരിമ്പട്ടികയില്‍പ്പെടുത്തി അമേരിക്ക. കമ്പനിയുമായി വ്യാപാരബന്ധം പാടില്ലെന്നാണ് അമേരിക്കയുടെ നിര്‍ദ്ദേശം. തീരുമാനം നിരാശാജനകമെന്ന് എന്‍എസ്ഒ അറിയിച്ചു. ലോകത്താകമാനം 40 രാജ്യങ്ങളില്‍ 60 ഉപഭോക്താക്കള്‍ തങ്ങള്‍ക്കുണ്ടെന്നാണ് എന്‍എസ്ഒ പറയുന്നത്. ഇതിലെല്ലാം സര്‍ക്കാര്‍ ഏജന്‍സികള്‍, സൈനിക സംവിധാനങ്ങള്‍, നിയമപാലക വിഭാഗങ്ങള്‍ എന്നിവയാണ് എന്നാണ് എന്‍എസ്ഒ പറയുന്നത്. സെല്‍ ഫോണുകളുടെ സുരക്ഷാ സംവിധാനങ്ങള്‍ ഭേദിച്ച് വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍വേണ്ടി ലോകത്തിലെ പല ഏജന്‍സികളും ആശ്രയിക്കുന്ന ഏറ്റവും മികച്ച സോഫ്‌റ്റ്-വെയറുകളില്‍ ഒന്നാണ് പെഗാസസ്. ഫോണില്‍ കടന്നുകയറി വേണ്ട വിവരങ്ങള്‍ ചോര്‍ത്തി മടങ്ങിയാലും പിന്നില്‍ അങ്ങനെ ചെയ്തതിന്റെ തെളിവുകള്‍ ഒന്നുംതന്നെ അവശേഷിപ്പിക്കില്ലെന്നതാണ് പെഗാസസിന്റെ പ്രത്യേകത.

🔳ടി20 ലോകകപ്പില്‍ കൂറ്റന്‍ ജയം അനിവാര്യമായ സൂപ്പര്‍ 12 പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെ 66 റണ്‍സിന് കീഴടക്കി ഇന്ത്യ സെമിലേക്കുള്ള നേരിയ സാധ്യത നിലനിര്‍ത്തി. ആദ്യം ബാറ്റ്ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 211 റണ്‍സിന്റെ ഹിമാലയന്‍ ലക്ഷ്യം തേടിയിറങ്ങിയ അഫ്ഗാന് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 47 പന്തില്‍ 8 ഫോറും 3 സിക്‌സറും സഹിതം 74 റണ്‍സെടുത്ത രോഹിതും 48 പന്തില്‍ 6 ഫോറും 2 സിക്‌സറും ഉള്‍പ്പടെ 69 റണ്‍സ് നേടിയ രാഹുലുമാണ് ഇന്ത്യക്ക് മികച്ച വിജയം സമ്മാനിച്ചത്.

🔳രാഹുല്‍ ദ്രാവിഡിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ബിസിസിഐ നിയമിച്ചു. ടി20 ലോകകപ്പിനുശേഷം സ്ഥാനമൊഴിയുന്ന രവി ശാസ്ത്രിക്ക് പകരക്കാരനായാണ് മുന്‍ നായകന്‍കൂടിയായ ദ്രാവിഡിനെ തെരഞ്ഞെടുത്തത്. ടി20 ലോകകപ്പിനുശേഷം ഈമാസം നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ ടി20, ടെസ്റ്റ് പരമ്പരകളില്‍ ദ്രാവിഡ് പരിശീലകനായി ചുമതലയേല്‍ക്കും. 2 ടെസ്റ്റും 3 ടി20യുമാണ് കിവീസിനെതിരെ ഇന്ത്യ കളിക്കേണ്ടത്.

🔳ട്വന്റി-20 ലോകകപ്പില്‍ 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സ്‌കോട്ട്‌ലന്‍ഡ് ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയശേഷം ന്യൂസിലാണ്ടിനോട് 16 റണ്‍സിന് തോറ്റു. സ്‌കോട്ലന്‍ഡ് ജയിച്ചിരുന്നെങ്കില്‍ ഗ്രൂപ്പ് രണ്ടില്‍നിന്ന് സെമി ഫൈനലിലെത്താന്‍ ഇന്ത്യക്ക് നേരിയ സാധ്യത അവശേഷിക്കുമായിരുന്നു. പക്ഷേ സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചതോടെ ന്യൂസീലന്‍ഡ് സെമിയിലേക്ക് ഒരു പടികൂടി അടുത്തു. 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സ്‌കോട്ട്‌ലന്‍ഡിന് നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 56 പന്തില്‍ 6 ഫോറും 7 സിക്‌സും സഹിതം 93 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ പ്രകടനമാണ് ന്യൂസീലന്‍ഡിനെ തുണച്ചത്.

🔳ഐസിസി ടി20 റാങ്കിംഗില്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഒന്നാമതെത്തി. ടി20 ലോകകപ്പില്‍ പുറത്തെടുത്ത മികച്ച പ്രകടനാണ് ബാബറിന് ഒന്നാംസ്ഥാനം സമ്മാനിച്ചത്. ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാനെയാണ് ബാബര്‍ പിന്തള്ളിയത്. ലോകകപ്പില്‍ 4 മത്സരങ്ങളില്‍നിന്ന് താരം 3 അര്‍ധ സെഞ്ചുറികള്‍ സ്വന്തമാക്കിയിരുന്നു. ബൗളര്‍മാരുടെ റാങ്കിംഗില്‍ ശ്രീലങ്കന്‍ സ്പിന്നര്‍ വാനിഡു ഹസരങ്ക ഒന്നാമതെത്തി. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി. ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ വിരാട് കോലി അഞ്ചാം സ്ഥാനത്തും കെ എല്‍ രാഹുല്‍ എട്ടാം സ്ഥാനത്തുമാണുള്ളത്. ബൗളര്‍മാരുടേയും ഓള്‍റൗണ്ടര്‍മാരുടേയും പട്ടികയില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങളില്ല.

🔳കേരളത്തില്‍ ഇന്നലെ 69,680 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 7,312 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 10ന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 51 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 239 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 72 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 32,598 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6813 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 415 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8484 പേര്‍ രോഗമുക്തി നേടി. ഇതോടെ 73,083 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.9 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 52.3 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 1099, എറണാകുളം 1025, കോഴിക്കോട് 723, തൃശൂര്‍ 649, കോട്ടയം 616, പത്തനംതിട്ട 534, കൊല്ലം 501, കണ്ണൂര്‍ 422, മലപ്പുറം 342, വയനാട് 331, ആലപ്പുഴ 315, ഇടുക്കി 313, പാലക്കാട് 284, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

🔳ആഗോളതലത്തില്‍ ഇന്നലെ 4,28,966 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 61,494 പേര്‍ക്കും ഇംഗ്ലണ്ടില്‍ 41,299 പേര്‍ക്കും റഷ്യയില്‍ 40,443 പേര്‍ക്കും തുര്‍ക്കിയില്‍ 29,764 പേര്‍ക്കും ജര്‍മനിയില്‍ 26,453 പേര്‍ക്കും ഉക്രെയിനില്‍ 23,393 പേര്‍ക്കും ഇന്ത്യയില്‍ 12,975 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 24.87 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.83 കോടി കോവിഡ് രോഗികള്‍ ചികിത്സയിൽ കഴിയുന്നുണ്ട്.

🔳ആഗോളതലത്തില്‍ 6,988 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1231 പേരും റഷ്യയില്‍ 1,189 പേരും ഉക്രെയിനില്‍ 720 പേരും റൊമാനിയായില്‍ 449 പേരും ഇന്ത്യയില്‍ 455 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50.35 ലക്ഷമായി.
 
🔳രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ എസ്ബിഐ-യ്ക്ക് നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ 7,626 കോടിയുടെ അറ്റാദായം. 67 ശതമാനത്തിന്റെ റെക്കോര്‍ഡ് വളര്‍ച്ചയാണ് ബാങ്കിന് ജൂലൈ - സെപ്റ്റംബര്‍ കാലയളവില്‍ ഉണ്ടായത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 4,574 കോടിയായിരുന്നു ലാഭം. ഈ സാമ്പത്തികവര്‍ഷത്തെ ഒന്നാംപാദത്തെ അപേക്ഷിച്ച് 17 ശതമാനത്തിന്റെ വളര്‍ച്ചയാണ് ലാഭത്തില്‍ പ്രകടമായത്. ബാങ്കിന്റെ അറ്റപലിശ വരുമാനം 10.6 ശതമാനം ഉയര്‍ന്ന് 31,184 കോടിയില്‍ എത്തി. എസ്ബിഐ-യുടെ പ്രവര്‍ത്തനലാഭം കഴിഞ്ഞവര്‍ഷത്തെ കാലയളവില്‍ 16,460 കോടി രൂപ ആയിരുന്നത് 9.84 ശതമാനം വര്‍ധിച്ച് 18,079 കോടിയില്‍ എത്തി. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്ഥികള്‍ ഈ പാദത്തില്‍ 4.90 ശതമാനമായി കുറഞ്ഞു.

🔳‛ക്രെഡിറ്റ് ഔട്ട്റീച്ച്' പ്രോഗ്രാമിന്റെ ഭാഗമായി 15 ദിവസംകൊണ്ട് രാജ്യത്തെ ബാങ്കുകള്‍ നല്‍കിയത് 63,574 കോടി രൂപയുടെ വായ്പ. ഒക്ടോബര്‍ 16 മുതല്‍ 31 വരെയുള്ള കണക്കാണിത്. ഇക്കാലയളവില്‍ 1.38 ദശലക്ഷം ആളുകള്‍ക്ക് വായ്പ ലഭിച്ചു. പൊതു - സ്വകാര്യ മേഖലാ ബാങ്കുകള്‍ ചേര്‍ന്നാണ് ക്രെഡിറ്റ് ഔട്ട്റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചത്. എസ്ബിഐ ആണ് ഏറ്റവും അധികം തുക (10,580 കോടിരൂപ) വായ്പ നല്‍കിയത്. എച്ച്ഡിഎഫ്സി ബാങ്കാണ് രണ്ടാമത് - 8,421 കോടിരൂപ. ബാങ്ക് ഓഫ് ബറോഡ 5,555 കോടിയും പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ 5,399 കോടിയും വായ്പയായി നല്‍കി.

🔳വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന 'രണ്ട്' ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. സമകാലിക ജാതിമത രാഷ്ട്രീയ സാഹചര്യങ്ങള്‍ ജനങ്ങളില്‍ ഉണ്ടാക്കുന്ന ഭയങ്ങളിലൂടെയും സംശയങ്ങളിലൂടെയും കടന്നുപോകുന്ന പൊളിറ്റിക്കല്‍ സറ്റയറായാണ് രണ്ട് എത്തുന്നത്. ചിത്രം ഡിസംബര്‍ 10ന് റിലീസ് ചെയ്യും. ഗോകുലന്‍, സുധി കോപ്പ എന്നിവരും ടീസറില്‍ പ്രത്യക്ഷ്യപ്പെടുന്നുണ്ട്. വാവ എന്ന നാട്ടിന്‍പുറത്തുകാരനായ ഓട്ടോറിക്ഷ ഡ്രൈവര്‍ ആയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. അന്ന രേഷ്മ രാജന്‍ ആണ് ചിത്രത്തില്‍ നായിക.

🔳അമര്‍നാഥ് ഹരിചന്ദ്രനെ നായകനാക്കി ഫിലിം ഫോര്‍ട്ട് പ്രൊഡക്ഷന്‍സ് നിര്‍മിച്ച 'സണ്‍ ഒഫ് അലിബാബ നാല്‍പ്പത്തൊന്നാമന്‍' ചിത്രത്തിന്റെ ടീസര്‍ റിലീസായി. ‛തിയറി ഓഫ് തീഫ്' എന്ന ടാഗ്-ലൈനോടു കൂടിയാണ് ടീസര്‍ പുറത്തു വന്നിരിക്കുന്നത്. സസ്‌പെന്‍സ് ത്രില്ലറാകും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. നവാഗതനായ അമര്‍നാഥിനൊപ്പംതന്നെ രാഹുല്‍ മാധവും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം നെജീബലിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. സുനില്‍ സുഗത, ബിനീഷ് ബാസ്റ്റിന്‍, ചാള മേരി, ശശി കലിംഗ, വി.കെ ബൈജു, ശിവജി ഗുരുവായൂര്‍, അനീഷ് രവി, അനിയപ്പന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

🔳ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി പുതിയ ‛ഹൈപ്പര്‍മോട്ടാര്‍ഡ് 950 ബിഎസ്6' മോട്ടോര്‍സൈക്കിളിനെ അവതരിപ്പിച്ച് ‛ഡ്യുക്കാറ്റി ഇന്ത്യ'. ബൈക്ക് എപ്പോള്‍ വേണമെങ്കിലും പുറത്തിറക്കുമെന്ന് സൂചന നല്‍കുന്ന പുതിയ ടീസര്‍ ചിത്രം കമ്പനി പുറത്തിറക്കി. പുതുക്കിയ 2021 മോണ്‍സ്റ്ററിന് ശേഷം ഇന്ത്യയില്‍ ഡ്യുക്കാറ്റിയുടെ അടുത്ത വലിയ ലോഞ്ചായിരിക്കും പുതിയ ഹൈപ്പര്‍മോട്ടാര്‍ഡ് 950. ഈ ഡിസംബറോടെ ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 12.50 ലക്ഷം മുതല്‍ 13.50 ലക്ഷം വരെയായിരിക്കും ബൈക്കിന്റെ എക്‌സ്-ഷോറൂം വില.
ℹ️📰📰📰📰📰📰📰📰📰ℹ️

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only