14 നവംബർ 2021

ഇന്ന് ശിശുദിനം
(VISION NEWS 14 നവംബർ 2021)ഇന്ന് ശിശുദിനം. കുഞ്ഞുങ്ങളെ ജീവനുതുല്യം സ്‌നേഹിച്ച നമ്മുടെ പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമായ നവംബർ പതിനാലിനാണ് ഇന്ത്യയിൽ ശിശു ദിനം ആഘോഷിക്കുന്നത്. 1889 നവംബർ 14നാണ് അദ്ദേഹം ജനിച്ചത്. ചാച്ചാജി എന്ന ഓമനപ്പേരിനാൽ നെഹ്‌റു എന്നും ഓർമ്മിക്കപ്പെടുന്നു.

ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ വാര്‍ത്തെടുക്കുക. നമ്മള്‍ അവരെ എങ്ങനെ വളര്‍ത്തികൊണ്ടു വരുമോ അതിനെ അനുസരിച്ചിരിക്കും രാജ്യത്തിന്റെ ഭാവി,” എന്നാണ് ഒരിക്കല്‍ നെഹ്‌റു പറഞ്ഞത്. അതുകൊണ്ടുതന്നെ കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്രത്തിനും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനായി ഈ ദിനം സംഘടിപ്പിക്കുന്നു.എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കാന്‍ അദ്ദേഹം ശ്രമിച്ചു. നെഹ്‌റുവിന്റെ കാലത്ത് വിദ്യാഭ്യാസ മേഖലയില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നു. ഉന്നത വിദ്യാഭ്യാസത്തിന് നിരവധി സ്ഥാപനങ്ങള്‍ സ്ഥാപിച്ചു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമാക്കി.

ഗ്രാമങ്ങള്‍തോറും ആയിരക്കണക്കിന് വിദ്യാലയങ്ങള്‍ നിര്‍മിക്കുകയും കുട്ടികളിലെ പോഷകാഹാരക്കുറവ് നികത്തുന്നതിനായി ഭക്ഷണവും പാലും സൗജന്യമായി നല്‍കുന്ന ഒരു പരിപാടിക്കും തുടക്കമിട്ടു. രാജ്യത്തെ കുട്ടികള്‍ അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്‌കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുള്ള അവസരങ്ങളും സാഹചര്യങ്ങളും ഓരോ ശിശുദിനവും പ്രദാനം ചെയ്യുന്നു.
അന്തര്‍ദേശിയ തലത്തില്‍ നവംബര്‍ 20 നാണ് ശിശുദിനം. ഏകദേശം 117 രാജ്യങ്ങള്‍ പലദിനങ്ങളിലായി ശിശുദിനം ആഘോഷിച്ചുവരുന്നുണ്ട്. 

ശിശു ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളും മത്സരങ്ങളും നടത്താറുണ്ട്. കുഞ്ഞ് മനസുകളെ സാമൂഹ്യവും മാനസികവും വൈകാരികവുമായ സംഘര്‍ഷങ്ങളെ അതിജീവിക്കാന്‍ പഠിപ്പിക്കുക എന്നതാണ് ഈ ആഘോഷങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
ശിശുദിനം കുട്ടികളുടെ ആഘോഷമായത് കൊണ്ട് തന്നെ അവര്‍ക്കായുള്ള മത്സരങ്ങളാണ് നടത്തുക. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ വായനശാലകള്‍ എന്നിവ കേന്ദ്രീകരിച്ച് ക്വിസ് മത്സരങ്ങള്‍, ശിശുദിന പോസ്റ്റര്‍ തയ്യാറാക്കല്‍, ചിത്രരചന, പ്രസംഗം, രാജ്യത്തെക്കുറിച്ചുള്ള അറിവ് പങ്ക് വെക്കല്‍ എന്നീ കാര്യങ്ങളിലാകും ആ ദിവസം കുട്ടികള്‍ സമയം ചെലവഴിക്കുക.

മുഖ്യമന്ത്രി സന്ദേശം നൽകും . ഇന്ന് ശിശുക്ഷേമ സമിതിയിൽ ശിശുദിനാഘോഷങ്ങൾ നടക്കും. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ശിശുദിന സന്ദേശം വായിക്കും. മന്ത്രി വീണാജോർജ് ശിശുദിന സ്‌റ്റാമ്പ് പ്രകാശനം ചെയ്യും. മന്ത്രി ആന്റണി രാജു മുഖ്യപ്രഭാഷണം നടത്തും. മേയർ ആര്യാ രാജേന്ദ്രൻ, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ.ഷിജുഖാൻ,​ ട്രഷറർ ആർ. രാജു തുടങ്ങിയവർ പങ്കെടുക്കും.കുട്ടികളുടെ നേതാക്കളുടെ പൊതുസമ്മേളനം നിധി പി.എ ഉദ്ഘാടനം ചെയ്യും. ഉമ.എസ് അദ്ധ്യക്ഷയാകും. സ്‌പീക്കർ ദേവകി ഡി.എസ്. മുഖ്യപ്രഭാഷണം നടത്തും. മിന്ന രഞ്ജിത്ത് സ്വാഗതവും ധ്വനി ആഷ‌്മി നന്ദിയും പറയും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only