26 നവംബർ 2021

മദ്യലഹരിയില്‍ വീടിനു തീയിട്ട് ഭാര്യയെയും മക്കളെയും കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
(VISION NEWS 26 നവംബർ 2021)കിളിമാനൂർ: മദ്യലഹരിയിലെത്തി വീടിനു തീയിട്ട് ഭാര്യയെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മടവൂർ ചെങ്കോട്ടുകോണം, ചരുവിളവീട്ടിൽ സുനിലി(34)നെ അറസ്റ്റു ചെയ്തു. 19ന് രാത്രിയിലാണ് സംഭവം. 

സ്ഥിരം മദ്യപാനിയായ സുനിൽ വീട്ടിലെത്തി ഭാര്യയെയും മക്കളെയും മർദിക്കുന്നതും രാത്രിയിൽ ഇവരെ വീട്ടിൽനിന്നു ഇറക്കിവിടുന്നതും പതിവായിരുന്നു. നിരവധി കേസുകളിലെ പ്രതിയായ ഇയാളെ ഭയന്നുകഴിയുകയായിരുന്ന ഭാര്യയെയും കുട്ടികളെയും സംഭവദിവസവും മദ്യലഹരിയിലെത്തി വീട്ടിൽനിന്ന് ഇറക്കിവിടാൻ ശ്രമിച്ചു. തുടർന്ന് കുട്ടികളുടെ പുസ്തകങ്ങളും നോട്ടുബുക്കുകളും വസ്ത്രങ്ങളുമടക്കം വാരിയിട്ട് കത്തിക്കുയും വീടിന് തീയിടുകയുമായിരുന്നു. 

തീ പടർന്നതോടെ ഭാര്യയും മക്കളും പുറത്തേക്കോടി രക്ഷപ്പെട്ടു. വീട് പൂർണമായും കത്തിനശിച്ചു. ഒളിവിലായിരുന്ന പ്രതിയെ പള്ളിക്കൽ എസ്.എച്ച്.ഒ. പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ മടവൂരിൽനിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു. എസ്.ഐ. എം.സഹിൽ, എ.എസ്.ഐ. അനിൽകുമാർ, എസ്.സി.പി.ഒ. ജോസഫ് എബ്രഹാം, സി.പി.ഒ.ബിനു എന്നിവർ ചേർന്ന് അറസ്റ്റു ചെയ്ത പ്രതിയെ കോടതി റിമാൻഡു ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only