07 നവംബർ 2021

ഇന്ത്യൻ സിനിമയുടെ അഭിമാനം;ഉലകനായകന് ഇന്ന് പിറന്നാൾ
(VISION NEWS 07 നവംബർ 2021)
ഇന്ത്യൻ സിനിമയുടെ വിസ്മയതാരം ഉലകനായകൻ കമൽ ഹാസന്റെ 67-ാം ജന്മദിനമാണിന്ന്. കഴിഞ്ഞ അരനൂറ്റാണ്ടായി സിനിമ എന്ന മാധ്യമത്തിലൂടെ കമല്‍ഹാസനെന്ന ബഹുമുഖ പ്രതിഭ നമ്മെ വിസ്‌മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അഭിനേതാവ് എന്നതിലുപരി എഴുത്തുകാരനും ഗാനരചയിതാവും ഗായകനും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയാണ് അദ്ദേഹം.

തമിഴ്‌നാടിന്‍റെ തെക്ക് കിഴക്കുള്ള രാമനാഥപുരം ജില്ലയിലെ പരമക്കുടിയിൽ നിന്നാണ് കമലഹാസന്‍റെ കുടുംബം ചെന്നൈയിൽ എത്തിയത്. അഭിഭാഷകനായ ടി.ശ്രീനിവാസന്‍റെയും ഭാര്യ രാജലക്ഷ്‌മി അമ്മാളുടെയും നാല് മക്കളില്‍ ഒരാളായി 1954ല്‍ ജനനം. 1960ൽ ജെമിനി ഗണേശനും സാവിത്രിക്കും ഒപ്പമാണ് എ.വി.എമ്മിന്‍റെ 'കളത്തൂർ കണ്ണമ്മ' ചിത്രത്തിലൂടെ ആറാം വയസിൽ കമലഹാസൻ ചലച്ചിത്ര രംഗത്ത് എത്തിയത്. ഭീംസിങ് സംവിധാനം ചെയ്‌ത ഈ ചിത്രത്തിലൂടെ അരങ്ങേറ്റത്തിൽ തന്നെ മികച്ച ബാലനടനുള്ള ദേശീയ അവാർഡും നേടി.

ആറു പതിറ്റാണ്ടു നീളുന്ന അഭിനയ ജീവിതത്തിനിടെ വിവിധ ഇന്ത്യൻ​ ഭാഷകളിലായി 150 ലേറെ സിനിമകളിലാണ് കമൽഹാസൻ വേഷമിട്ടത്. നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. നടൻ, സംവിധായകൻ, നിർമാതാവ്, തിരക്കഥാകൃത്ത്, ഡാൻസർ, രാഷ്ട്രീയക്കാരൻ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ വ്യക്തിത്വമാണ് കമൽ ഹാസന്റേത്. തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നട തുടങ്ങി തെന്നിന്ത്യൻ ഭാഷാചിത്രങ്ങളിലും ബോളിവുഡിലും കമൽഹാസൻ തന്റ് വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു.

നാലു തവണയാണ് ദേശീയ പുരസ്കാരം കമലിനെ തേടിയത്. മൂൻട്രാം പിറൈ, നായകൻ, തേവർ മകൻ, ഇന്ത്യൻ എന്നീ ചിത്രങ്ങളിലെല്ലാം മികച്ച നടനുള്ള ദേശീയ പുരസ്കാരം കമൽ സ്വന്തമാക്കി. 1990ൽ പത്മശ്രീയും 2014ൽ പത്മഭൂഷണും നൽകി രാജ്യം ഈ അതുല്യപ്രതിഭയെ ആദരിച്ചു. 2018 മുതൽ മക്കൾ നീതി മയ്യമെന്ന പാർട്ടിയുടെ നേതാവായി സാമൂഹ്യസേവനരംഗത്തും കമൽഹാസനുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only