09 നവംബർ 2021

അതിദരിദ്രരെ കണ്ടെത്തൽ പ്രകിയ: ഓമശ്ശേരി പഞ്ചായത്തിൽ പ്രവർത്തനങ്ങൾക്ക്‌ തുടക്കമായി.
(VISION NEWS 09 നവംബർ 2021)


ഓമശ്ശേരി:ഭക്ഷണം,പാര്‍പ്പിടം,ആരോഗ്യം,താമസസ്ഥലം തുടങ്ങിയ സൗകര്യങ്ങളുടെ അപ്രാപ്യതയും അതിന്റെ തീവ്രതയും കണക്കിലെടുത്ത് അതിദാരിദ്ര്യാവസ്ഥയിലുള്ളവരെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക്‌ ഓമശ്ശേരി പഞ്ചായത്തിൽ തുടക്കമായി.വിവിധ രാഷ്ട്രീയ-സാംസ്കാരിക-സന്നദ്ധ-വ്യാപാര പ്രതിനിധികളുടെ സംയുക്ത യോഗത്തിൽ പഞ്ചായത്ത്‌ തല ജനകീയ സമിതി രൂപവൽക്കരിച്ചു.നിലവിലുള്ള അന്ത്യോദയ,അന്നയോജന,ഭിന്നശേഷി,പാലിയേറ്റീവ് കെയര്‍ ഗുണഭോക്താക്കളുടെ ലിസ്റ്റ് പരിശോധിക്കുകയും ഈ ലിസ്റ്റുകളില്‍ ഉള്‍പ്പെടാത്ത അര്‍ഹരായവരെ കൂടി ഉള്‍പ്പെടുത്തി വാര്‍ഡ് തലത്തില്‍ ജനകീയ ചര്‍ച്ചകള്‍ക്കു ശേഷം കരട് പട്ടിക തയ്യാറാക്കുകയും ചെയ്യും.

അഞ്ചു വർഷം കൊണ്ട്‌ അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനാണ്‌ ഈ പദ്ധതി ലക്ഷ്യമിടുന്നത്‌.അതിദരിദ്രരെ കണ്ടെത്തി അവർക്ക്‌ അതിൽ നിന്നുള്ള മോചനത്തിന്‌ സഹായവും പദ്ധതികളും മൈക്രോ പ്ലാനിലൂടെ നടപ്പിലാക്കുകയാണ്‌ ഈ പ്രക്രിയ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.അതിജീവനത്തിന്‌ വേണ്ട അടിസ്ഥാന ആവശ്യങ്ങൾ നേടിയെടുക്കാൻ തീരെ കഴിയാതെ പോവുന്ന അതിജീവനം തന്നെ പ്രതിസന്ധിയിലായ വിഭാഗത്തെയാണ്‌ അതിദരിദ്രരായി കണക്കാക്കുന്നത്‌.തൊഴിൽ ശേഷിയും അടിസ്ഥാന വരുമാനവും ജീവിത സാഹചര്യങ്ങളും ഉള്ള ദരിദ്ര കുടുംബങ്ങളെ അതിദരിദ്രരായി പരിഗണിക്കുകയില്ല.അടിസ്ഥാന അവകാശങ്ങൾ പോലും നേടിയെടുക്കാൻ ശേഷിയില്ലാത്ത,പൊതുവിൽ ബാഹ്യസഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത,അശരണരും നിരാലംബരും അഗതികളുമായ കുടുംബങ്ങളെയാണ്‌ അതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തുക.

ഓമശ്ശേരി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഈ മാസം പതിനഞ്ചിനകം വാർഡ്‌ തല ജനകീയ സമിതികൾ രൂപീകരിക്കും.പങ്കാളിത്ത പ്രക്രിയയിലൂടെയാണ്‌ അതിദരിദ്രരെ കണ്ടെത്തുന്നത്‌.പ്രാഥമിക പട്ടിക തയ്യാറാക്കി വാർഡു തല സമിതിയിൽ ചർച്ച ചെയ്യും.വാർഡുകളിൽ സാമൂഹിക സംഘടനാ പ്രതിനിധികളുടേയും കുടുംബശ്രീ പ്രവർത്തകരുടേയും ഫോക്കസ്‌ ഗ്രൂപ്പ്‌ ചർച്ചയും ക്ലസ്റ്റർ തല ചർച്ചയും നടക്കും.ഡാറ്റകൾ മാനേജ്‌മന്റ്‌ ഇൻഫർമേഷൻ സിസ്റ്റത്തിൽ(എം.ഐ.എസ്‌) അപ്‌ലോഡ്‌ ചെയ്തതിനു ശേഷം വിവിധ തലങ്ങളിലെ പരിശോധനകളുണ്ടാവും.ഗ്രാമ സഭയുടെ അംഗീകാരത്തോടെയാണ്‌ അന്തിമ പട്ടിക തയ്യാറാക്കുക.

ഓമശ്ശേരി പഞ്ചായത്ത്‌ ഹാളിൽ ചേർന്ന ജനകീയ സമിതി രൂപീകരണ യോഗം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ പദ്ധതി വിശദീകരിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,ബ്ലോക്‌ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ എസ്‌.പി.ഷഹന,പഞ്ചായത്തംഗം കെ.ആനന്ദ കൃഷ്‌ണൻ,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.വി.സ്വാദിഖ്‌(മുസ്‌ലിം ലീഗ്‌),കെ.പി.അയമ്മദ്‌ കുട്ടി മാസ്റ്റർ(കോൺഗ്രസ്‌),ഒ.കെ.സദാനന്ദൻ(സി.പി.എം),സണ്ണി മൈക്കിൾ(സി.പി.ഐ),ഒ.പി.അബ്ദുൽ റഹ്മാൻ(ഐ.എൻ.എൽ),സജീർ(വെൽഫയർ പാർട്ടി),ഓമശ്ശേരി സർവ്വീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡണ്ട്‌ സി.പി.ഉണ്ണിമോയി,ഹെൽത്ത്‌ ഇൻസ്പെക്ടർ സി.ടി.ഗണേശൻ,വി.ഇ.ഒ.ഗോപാല കൃഷണൻ പി,അസിസ്റ്റന്റ്‌ കൃഷി ഓഫീസർ കെ.വിനോദ്‌ പോൾ,എം.കെ.രാജേന്ദ്രൻ(പാലിയേറ്റീവ്‌),എ.പി.ദേവി,ഒ.കെ.നാരായണൻ,മുനവ്വർ സാദത്ത്‌ പുനത്തിൽ,ആർ.എം.അനീസ്‌ നാഗാളികാവ്‌,സി.ഡി.എസ്‌.ചെയർപേഴ്സൺ എ.കെ.തങ്കമണി,യൂത്ത്‌ കോ-ഓർഡിനേറ്റർ മുഹമ്മദ്‌ ശാഫി,പഞ്ചായത്ത്‌ മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു.ടി.ടി.മനോജ്‌ കുമാർ ക്ലാസ്സെടുത്തു.ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി ദീപു രാജു നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only