19 നവംബർ 2021

തമിഴ്‌നാട്ടിൽ അതിശക്തമായ മഴ; വീട് തകര്‍ന്ന് ഒന്‍പത് മരണം
(VISION NEWS 19 നവംബർ 2021)
ചെന്നൈ: കനത്ത മഴയ്ക്കിടെ തമിഴ്‌നാട്ടിൽ വീട് തകർന്ന് ഒന്‍പത് പേര്‍ മരിച്ചു. വെല്ലൂർ ജില്ലയിലെ പെർനമ്പേട്ടിലാണ് സംഭവം. മരിച്ചവരിൽ നാലുപേർ കുട്ടികളാണ്. എട്ടുപേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പുലർച്ചെ ഉറങ്ങിക്കിടക്കുമ്പോഴാണ് വീട് തകർന്നുവീണത്. ഇതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതും. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അഞ്ച് ലക്ഷം രൂപ വരെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം മൂലം തമിഴ്നാട്ടിൽ രണ്ടുദിവസമായി കനത്ത മഴയാണ്. പലയിടങ്ങളിലും വന്‍നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി.ചെന്നൈ നഗരത്തിൽ ടി നഗർ ഉസ്മാൻ റോഡ്, ജി.വി ചെട്ടി റോഡ്, കിൽപ്പോക്ക് തുടങ്ങിയ പ്രദേശങ്ങളിൽ റോഡിൽ വെള്ളം കയറി. നീരൊഴുക്ക് കൂടിയതിനാൽ ചെമ്പരമ്പാക്കം അണക്കെട്ടിൽ നിന്നും പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടുണ്ട്.

ചെന്നൈ ഉൾപ്പെടെ 16 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈയിലും സമീപ ജില്ലകളിലും സ്‌കൂളുകൾക്ക് അവധി നൽകി . വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമായി മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമായി മാറുകയായിരുന്നു. 

ഒരാഴ്ചയ്ക്കിടെ ബംഗാൾ ഉൾക്കടലിൽ നിന്നും തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ ന്യൂനമർദ്ദമാണിത്.
തീവ്രന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിന്റെ ഫലമായി ആന്ധ്രയുടെ തീരമേഖലയിലും കനത്ത മഴ തുടരുകയാണ്. നെല്ലൂർ, ചിറ്റൂർ, കഡപ്പ അടക്കമുള്ള ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി. നദീ തീരത്തുള്ളവരെ മാറ്റിപാർപ്പിച്ചു. മൈസൂരു അടക്കം കർണാടകയുടെ തീരമേഖലയിലും യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പോണ്ടിച്ചേരിയിലും കനത്ത മഴ തുടരുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only