02 നവംബർ 2021

ഓമശ്ശേരിയിലും കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകൾ പ്രവർത്തനമാരംഭിക്കുന്നു.
(VISION NEWS 02 നവംബർ 2021)


ഓമശ്ശേരി:കുടുംബശ്രീ അംഗങ്ങളല്ലാത്ത18നും 40നുമിടയിൽ പ്രായമുള്ള യുവതികളെ കുടുംബശ്രീ പ്രവർത്തനവുമായി സഹകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകൾ ഓമശ്ശേരിയിലും രൂപീകരിക്കുന്നു.നിലവിൽ കുടുംബശ്രീ അംഗങ്ങളുള്ള കുടുംബങ്ങളിലെ മറ്റു വനിതകൾക്കും ഓക്സിലറി ഗ്രൂപ്പിൽ ചേരാം.

ഒരു വാർഡിൽ കുറഞ്ഞത് ഒരു ഗ്രൂപ്പാണ് ആദ്യ ഘട്ടത്തിൽ രൂപീകരിക്കുന്നത്‌.ഒരു ഗ്രൂപ്പിൽ പരമാവധി 50 പേർക്ക് അംഗങ്ങളാകാം.നൂതന തൊഴിൽ സാധ്യതകൾ,സാമൂഹിക-സാംസ്കാരിക പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനും സ്ത്രീകളിൽ സാമൂഹിക അവബോധം സൃഷ്ടിക്കുന്നതിനുമുള്ള വേദിയായാണ് ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുന്നത്‌.മാസത്തിൽ കുറഞ്ഞത് പത്ത് രൂപ പ്രവർത്തന ഫണ്ടായി ഓരോ അംഗങ്ങളും ഗ്രൂപ്പിന് നൽകണം.ഒരു ഗ്രൂപ്പിൽ ടീം ലീഡറെ കൂടാതെ ഫിനാൻസ്,കോ-ഓർഡിനേഷൻ,സാമൂഹ്യ വികസനം, ഉപജീവനം എന്നീ മേഖല തിരിച്ച്‌ നാലംഗ സമിതിയുമുണ്ടാവും.

പ്രാദേശികതലത്തില്‍ കാര്‍ഷിക-വ്യാവസായിക-സേവന മേഖലകളിലെ വിഭവ സാധ്യതകള്‍ മനസ്സിലാക്കി അതിനനുസൃതമായ തൊഴില്‍ രംഗങ്ങളിലേക്ക് കടന്നു ചെല്ലാന്‍ വനിതകളെ സഹായിക്കുന്നതിനും ഓക്സിലറി ഗ്രൂപ്പുകളിലൂടെ ലക്ഷ്യമിടുന്നു.സ്ത്രീ ശാക്തീകരണം,സാമ്പത്തിക വികസനം,സാമൂഹിക ഉന്നമനം,സ്ത്രീധന പീഡനം,ഗാർഹിക പീഡനം തുടങ്ങിയവയിൽ ചർച്ചയ്ക്കും പരിഹാരത്തിനുമുള്ള വേദിയായി ഓക്സിലറി ഗ്രൂപ്പുകൾ മാറും.പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് നൈപുണ്യ വികസന പരിശീലനവും  സംരംഭകത്വ വികസന പരിശീലനങ്ങളും നല്‍കി കുടുംബശ്രീയുടെ യുവതലമുറ ഉള്‍പ്പെടുന്ന ഓക്സിലറി സംവിധാനത്തെ ശക്തമാക്കും.വിവിധ വകുപ്പുകളുമായും നൈപുണ്യപരിശീലന കേന്ദ്രങ്ങളുമായും സംയോജിച്ചു കൊണ്ടായിരിക്കും ഇത്.

വനിതാ കമ്മീഷന്‍റെ നേതൃത്വത്തില്‍ പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രതാ സമിതികളുമായി ചേര്‍ന്നുകൊണ്ട് സ്ത്രീധന-ഗാര്‍ഹിക പീഡനം,മദ്യം,മയക്കുമരുന്ന് എന്നിവയ്ക്കെതിരെ പ്രതിരോധം തീർക്കുന്ന കരുത്തുറ്റ പ്രാദേശിക സംവിധാനങ്ങളായി ഓക്സിലറി ഗ്രൂപ്പുകളെ മാറ്റും.സ്ത്രീകള്‍ക്ക് പ്രാദേശികതലത്തില്‍ കൂടുതല്‍ ക്രിയാത്മകവും വൈവിധ്യവുമായ ഇടപെടലുകള്‍ക്ക് അവസരം ലഭ്യമാകുന്നതിനും തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കാന്‍ കഴിയുന്നതിനും ഈ ഗ്രൂപ്പുകള്‍ക്ക് സാധിക്കും.

പഞ്ചായത്തിലെ വാർഡുകളിൽ ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുന്നതിന്‌ മുന്നോടിയായി പഞ്ചായത്ത്‌ മെമ്പർ മാർക്കും സി.ഡി.എസ്‌.അംഗങ്ങൾക്കും പരിശീലനം നൽകുന്നതിനായി ഓമശ്ശേരിയിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു.പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,പഞ്ചായത്ത്‌ മെമ്പർമാരായ എം.ഷീജ,കെ.കരുണാകരൻ മാസ്റ്റർ,കെ.പി.രജിത,പി.കെ.ഗംഗാധരൻ,സി.എ.ആയിഷ ടീച്ചർ,ഫാത്വിമ അബു,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്‌,പി.ഇബ്രാഹീം ഹാജി,സീനത്ത്‌ തട്ടാഞ്ചേരി,കെ.ആനന്ദ കൃഷ്ണൻ,പങ്കജവല്ലി,എം.ഷീല,ഡി.ഉഷാ ദേവി,പഞ്ചായത്ത്‌ അസിസ്റ്റന്റ്‌ സെക്രട്ടറി സൈനുദ്ദീൻ എന്നിവർ സംസാരിച്ചു.റിസോഴ്‌സ് പേഴ്സൺ ടി.ജോഷ്ണി,എം.ജസീന എന്നിവർ ക്ലാസ്സെടുത്തു.സി.ഡി.എസ്‌.ചെയർപേഴ്സൺ എ.കെ.തങ്കമണി സ്വാഗതവും വൈസ് ചെയർപേഴ്സൺ വി.സതി നന്ദിയും പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only