15 നവംബർ 2021

അനധികൃത കൊടിമരങ്ങൾ പത്ത് ദിവസത്തിനകം നീക്കണമെന്ന് ഹൈക്കോടതി
(VISION NEWS 15 നവംബർ 2021)
സംസ്ഥാനത്തെ പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങളുടെ കണക്കെടുക്കാൻ സർക്കാർ ആർജവം കാണിക്കുന്നില്ലെന്ന് ഹൈക്കോടതിയുടെ വിമർശനം. അനധികൃത കൊടിമര വിഷയത്തിൽ നിലപാട് അറിയിക്കാൻ പത്തു ദിവസം കൂടി വേണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. അതുവരെ പുതിയ കൊടിമരങ്ങൾ സ്ഥാപിക്കരുതെന്ന് കോടതി പറഞ്ഞു. അനധികൃത കൊടിമരങ്ങൾ സ്ഥാപിക്കുന്നവർക്കെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണം. അനധികൃത കൊടിമരങ്ങൾ സ്ഥാപിച്ചവർ അവ പത്തു ദിവസത്തിനകം സ്വമേധയാ എടുത്തു മാറ്റണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അനധികൃത കൊടിമരങ്ങളുടെ കണക്ക് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് 42337 കൊടിമരങ്ങളുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഇതിൽ എത്രയാണ് അനധികൃതമെന്ന് കോടതി ചോദിച്ചപ്പോൾ കണക്ക് കൃത്യമായി ലഭ്യമല്ലെന്ന് സർക്കാർ പറഞ്ഞു. എവിടെ നോക്കിയാലും അനധികൃത കൊടിമരങ്ങളാണെന്ന് കോടതി വിമർശിച്ചു. ഇത് മാറ്റാൻ എത്ര സമയം വേണം? അടി പേടിച്ച് ഇത് മാറ്റാൻ ആർക്കും ധൈര്യമില്ല. നിയമവ്യവസ്ഥയുടെ അഭാവമാണ് ഇത്. ആർക്കും അനുമതിയില്ലാതെ ഇഷ്ടമുള്ളിടത്ത് കൊടിമരങ്ങൾ സ്ഥാപിക്കാം എന്നതാണ് സംസ്ഥാനത്തെ സ്ഥിതി. ഏകദേശ കണക്കിൽ പോലും ഇത്രയധികം കൊടിമരങ്ങളുണ്ട് എന്നുള്ളത് ഗൗരവതരമാണെന്നും കോടതി കുറ്റപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only