07 നവംബർ 2021

ഒമ്പത് മാസത്തിനിടെ ആലത്തൂരില്‍നിന്ന് കാണാതായത് ആറുപേര്‍
(VISION NEWS 07 നവംബർ 2021)
ആലത്തൂര്‍: കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ആലത്തൂരില്‍ നിന്ന് കാണാതായത് ആറു പേരെ. എന്നാല്‍ ഇവരെ കുറിച്ച് യാതൊരു വിവരവുമില്ലാതെ പോലിസ് അന്വേഷണം ഇഴയുന്നു. പീഡന കേസില്‍ പ്രതിയായ വിദ്യാര്‍ഥിയായ യുവാവിനെയാണ് ഇതില്‍ ആദ്യം കാണാതായത്.

കഴിഞ്ഞ ഫെ ബ്രുവരി അഞ്ചിനാണ് കാവശ്ശേരി കഴനിചുങ്കം അമൃത നിവാസില്‍ രവീന്ദ്രനാഥന്റെ മകന്‍ ആദര്‍ശി(26) നെ കാണാനില്ലെന്ന് പറഞ്ഞ് യുവാവിന്റെ ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന കോട്ടയം സ്വദേശിയായ യുവതിയുടെ പരാതിയില്‍ കോട്ടയം കിടങ്ങൂര്‍ പോലിസ് കേസെടുത്തിരുന്നു. 

ഫെബ്രുവരി എട്ടിന് വിവാഹം നിശ്ചയിച്ച ശേഷമാണ് യുവാവിനെ കാണാതായത്. ഈ കേസില്‍ യുവാവിനെതിരേ പോലിസ് ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.

കഴിഞ്ഞ ആഗസ്ത് 30ന് രാവിലെ പതിനൊന്നേകാലോടെ പുതിയങ്കം തെലുങ്കത്തറ ഭരതന്‍ നിവാസില്‍ രാധാകൃഷ്ണന്റെയും സുനിതയുടേയും മൂത്തമകള്‍ സൂര്യകൃഷ്ണയെ കാണാതായത്.

ആലത്തൂരിലെ ബുക്ക് സ്റ്റാളിലേക്ക് പോയ ശേഷമാണ് സൂര്യ കൃഷ്ണയെ കാണാതായത്. പാലക്കാട് മെഴ്‌സി കോളജില്‍ രണ്ടാം വര്‍ഷ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ഥിനിയായിരുന്നു. മൊബൈല്‍ ഫോണ്‍ എടുക്കാതെയാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. 

രണ്ട് ജോഡി വസ്ത്രം ബാഗില്‍ എടുത്തിരുന്നു. പ്രദേശത്തെ സിസിടിവികള്‍, പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ എന്നിവ പരിശോധിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല.

മുംബൈയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിനിടയിലാണ് ഇരട്ട സഹോദരമാരുള്‍പ്പടെ നാലംഗ ഒമ്പതാംക്ലാസ് വിദ്യാര്‍ഥികളെ കഴിഞ്ഞ ദിവസം കാണാതായത്. സൂര്യകൃഷ്ണയുടെ തിരോധാനവുമായി ബന്ധപ്പെട്ട് യുവാജന കമ്മീഷന്‍ കേസെടുത്തതോടെയാണ് പോലിസിന്റെ അന്വേഷണം ഊര്‍ജ്ജിതമായത്. 

സൂര്യകൃഷ്ണയുടെ കേസിലും ഇപ്പോഴത്തെ വിദ്യാര്‍ഥികളുടെ തിരോധാനത്തിനും സാമ്യങ്ങളേറെയുണ്ട്. മൊബൈല്‍ ഫോണ്‍ എടുക്കാത്തതും വസ്ത്രങ്ങള്‍ കൈയ്യില്‍ കരുതിയതും ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only