04 നവംബർ 2021

വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മധ്യവയസ്ക്കൻ അറസ്റ്റിൽ
(VISION NEWS 04 നവംബർ 2021)
കൊല്ലം. വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിൽ പ്രതിയായ മധ്യവയസ്ക്കനെ പോലീസ് പിടികൂടി. മലപ്പുറം - കരുവാരക്കുണ്ട് കുട്ടത്തി പട്ടിക്കാടന്‍ ഹൗസില്‍ അന്‍സാരിയെ(49) ആണ് കൊല്ലം കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തത്.

മറ്റൊരു യുവാവുമായി വിവാഹ നിശ്ചയം കഴിഞ്ഞ യുവതി വിവാഹത്തിന്‍റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ബന്ധുവിന്‍റെ വീട്ടില്‍ നിന്ന സമയത്താണ് പ്രതി പീഡിപ്പിച്ചത്. വിവാഹത്തിന് മുമ്പാണ് യുവതിയെ പ്രതി ആദ്യമായി ലൈംഗികമായി പീഡിപ്പിച്ചത്. 

വിവാഹത്തിന് മുന്നോടിയായി ബന്ധു വീട്ടിൽ നിന്ന യുവതിയുമായി അൻസാരി അടുപ്പം സ്ഥാപിച്ചു. ഇതിനിടെ വീട്ടില്‍ സര്‍ട്ടിഫിക്കറ്റും മറ്റും എടുക്കുവാന്‍ യുവതി പോയപ്പോള്‍ പ്രതി ഒപ്പം പോകുകയും, വീട്ടിൽ ആളില്ലാതിരുന്ന സാഹചര്യം നോക്കി ഇയാൾ യുവതിയെ ആദ്യമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

പിന്നീട് ബന്ധു വീട്ടിൽ മടങ്ങിയെത്തിയ ശേഷവും പ്രതി യുവതിയെ നിരന്തരം പീഡിപ്പിച്ചു. അതിനിടെ യുവതിയുടെ വിവാഹം മുൻ നിശ്ചയപ്രകാരം നടക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ, യുവതിക്ക് ശാരീരിക അവശത അനുഭവപ്പെടുകയും, ആശുപത്രിയിൽ പരിശോധനയിൽ ഗർഭണിയാണെന്ന് വ്യക്തമാകുകയും ചെയ്തു.

എന്നാൽ സ്കാനിങ്ങിൽ ഗർഭസ്ഥശിശുവിന്‍റെ പ്രായം രണ്ടു മാസത്തിൽ കൂടുതലാണെന്ന് വ്യക്തമായതോടെ, ഭർത്താവും വീട്ടുകാരും യുവതിയെ അവരുടെ വീട്ടിൽ കൊണ്ടുവിടുകയായിരുന്നു. ശേഷം യുവതിയുടെ ബന്ധുക്കളുമായി അടുപ്പം മുതലെടുത്ത പ്രതി, സ്വാധീനം ചെലുത്തി യുവതിയുടെ ഗര്‍ഭഛിദ്രം നടത്തിയിരുന്നു. ഗര്‍ഭത്തിന്‍റെ ഉത്തരവാദിത്വം ഇയാള്‍ യുവതിയുടെ ബന്ധുവായ യുവാവില്‍ കെട്ടിവെക്കാൻ ശ്രമിച്ചപ്പോഴാണ് യുവതി കൊല്ലം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

യുവതിയുടെ പരാതി ജില്ലാ പൊലീസ് മേധാവി കൊട്ടിയം പൊലീസിന് കൈമാറുകയായിരുന്നു. അൻസാരിക്കെതിരെ ബലാൽസംഗത്തിന് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.

ഒന്നിലധികം വിവാഹം കഴിച്ച ഇയാള്‍ കഴിഞ്ഞ ജനുവരി മുതല്‍ കൊട്ടിയത്ത് താമസിച്ച് വരുകയാണ്. കൊട്ടിയം ഇന്‍സ്പെക്ടര്‍ ജിംസ്റ്റല്‍. എം. സി, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ സുജിത്ത് ബി നായര്‍, ഷിഹാസ്, അനൂപ്, ജയചന്ദ്രന്‍, അബ്ദുല്‍ റഹിം, അഷ്ടമന്‍.പി.കെ, എ.എസ്.ഐ സുനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only