29/11/2021

ഓക്‌സ്‌ഫോര്‍ഡില്‍ നിന്ന് ബിരുദം നേടി മലാല യൂസഫ്‌സായ്
(VISION NEWS 29/11/2021)
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കി പാക്കിസ്ഥാന്‍ ആക്ടിവിസ്റ്റ് മലാല യൂസഫ്‌സായ്. ഫിലോസഫി, രാഷ്ട്രീയം, സാമ്ബത്തിക ശാസ്ത്രം എന്നീ വിഷയങ്ങളിലാണ് മലാല ബിരുദം നേടിയത്. കോവിഡ് മഹാമാരി മൂലം വൈകിയ ബിരുദദാന ചടങ്ങിലെ ചിത്രങ്ങള്‍ മലാല കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പങ്കുവച്ചിരുന്നു. ഈ ചടങ്ങുകളില്‍ എല്ലാ ബിരുദധാരികളും കറുത്ത വസ്ത്രങ്ങളും തൊപ്പിയുമാണ് ധരിച്ചിരിക്കുന്നത്.

സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവ് കൂടിയായ മലാല മാതാപിതാക്കള്‍ക്കും ഭര്‍ത്താവ് അസര്‍ മാലിക്കിനുമൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. താന്‍ ബിരുദം നേടിയെന്ന് തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ സന്തോഷം പങ്കുവച്ച്‌ മലാല കുറിച്ചു.മലാലയുടെ പിതാവ് സിയാവുദ്ദീന്‍ യൂസഫ്സായിയും സന്തോഷ നിമിഷത്തിലെ ചില ഫോട്ടോകള്‍ ട്വിറ്ററില്‍ പങ്കിട്ടിട്ടുണ്ട്. ''സന്തോഷത്തിന്റെയും നന്ദിയുടെയും നിമിഷം. മലാല ഔദ്യോഗികമായി ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടി'' അദ്ദേഹത്തിന്റെ പോസ്റ്റിനു താഴെയുള്ള അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു.

തന്റെ നേട്ടം ആഘോഷിക്കാന്‍ പരിപാടിയില്‍ പങ്കെടുത്ത ഭര്‍ത്താവ് മാലിക്കിനൊപ്പമുള്ള ഒരു ഫോട്ടോയും മലാല സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ സെന്‍ട്രല്‍ ഇംഗ്ലണ്ടിലെ ബിര്‍മിംഗ്ഹാമില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് അസറും മലാലയും വിവാഹിതരായത്. ''ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്. ഞാനും അസ്സറും (മാലിക്) ജീവിത പങ്കാളികളാകുന്നു'' എന്ന പോസ്റ്റിലൂടെയാണ് മലാല സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only