03 നവംബർ 2021

ഉപ്പൂറ്റി വേദനയ്ക്ക് പരിഹാരം
(VISION NEWS 03 നവംബർ 2021)
നമ്മുടെ ശരീരത്തിലെ മറ്റ് ഭാ​ഗങ്ങൾ പോലെ തന്നെ പ്രധാനമാണ് കാൽപാദങ്ങളും. കാല്‍പാദങ്ങള്‍ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും നാം അതേ പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്. മിക്കവർക്കും പ്രത്യേകിച്ച് ശരീരഭാരം കൂടുതൽ ഉള്ളവരിൽ ഇന്ന് കണ്ടുവരുന്ന പ്രധാന പ്രശ്നമാണ് ഉപ്പൂറ്റിവേദന അഥവാ പ്ലാന്റാര്‍ ഫേഷ്യറ്റിസ്.

രാവിലെ ഉറക്കമുണര്‍ന്ന് കാലുകള്‍ നിലത്ത് കുത്താന്‍ ശ്രമിക്കുമ്പോഴാണ് പലരിലും പാദങ്ങള്‍ നിലത്ത് കുത്താന്‍ കഴിയാത്തവണ്ണം അസഹനീയമായ വേദന അനുഭവപ്പെടുന്നത്. ഉപ്പൂറ്റിയിലെ അസഹനീയമായ വേദന, നീര്‍ക്കെട്ട്, സ്റ്റിഫ്നസ് തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ഒരു കാലില്‍ മാത്രമായോ അല്ലെങ്കില്‍ രണ്ട് കാലുകളിലുമായോ ഇത്തരം ലക്ഷണങ്ങള്‍ കണ്ടുവരുന്നു.

പ്ലാന്റാര്‍ ഫേഷ്യറ്റിസിന്റെ കാരണങ്ങളിവയാണ്. കാലിന്റെ അടിയിലെ പേശികളിലേക്കുള്ള രക്തയോട്ടം കുറയുന്നതും കാല്‍പാദത്തിലെ ആര്‍ച്ച് സംബന്ധമായ പ്രശ്നങ്ങള്‍, ഫ്‌ളാറ്റ് ഫൂട്ട്, റെയ്‌സ്ഡ് ആര്‍ച്ച് തുടങ്ങിയ കാരണങ്ങളാലും വേദന ഉണ്ടാകാം. ആക്കില്ലസ് ടെന്‍ഡന്‍ ടൈറ്റ്‌നെസ്സ് (Achilles tendon tightness), അമിതവണ്ണം, അധികനേരം നില്‍ക്കുക, ദീര്‍ഘദൂര ഓട്ടം, ഗര്‍ഭകാലത്തെ ശരീരഭാര വര്‍ധന എന്നിവയാണ് മറ്റു പ്രധാന ഘടകങ്ങള്‍. 

പാദരക്ഷകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഉണ്ടാകുന്ന അശ്രദ്ധ മറ്റൊരു പ്രധാന കാരണമാണ്. മോശമായ ഇന്‍സോളുകള്‍, ആര്‍ച്ച് സപ്പോര്‍ട്ടില്ലാതിരിക്കുക, കൃത്യമായ അളവ് അല്ലാതിരിക്കുക, നനഞ്ഞ സോക്സ് ഉപയോഗിക്കുക, തെറ്റായ ജീവിതശൈലികള്‍ തുടങ്ങിയവ ശ്രദ്ധിക്കേണ്ടതാണ്.

മണിക്കൂറുകളോളം നിന്ന് ജോലി ചെയ്യുന്ന വീട്ടമ്മമാര്‍, അധ്യാപകര്‍, ട്രാഫിക് പോലീസ്, സെക്യൂരിറ്റി, തുടങ്ങിയവരില്‍ ഉപ്പൂറ്റിവേദന കൂടുതലാണ്. സാധാരണയായി ഇത്തരം ഉപ്പൂറ്റിവേദനകള്‍ മരുന്നുകളുടെയും വ്യായാമത്തിന്റെയും സഹായത്തോടെ കുറയ്ക്കാവുന്നതാണ്.

ഫിസിയോതെറാപ്പിയിൽ അള്‍ട്രാസൗണ്ട് തെറാപ്പി, ടെന്‍സ്(TENS), ടാപ്പിങ് (Taping), സ്‌ട്രെച്ചിങ് (Stretching) തുടങ്ങിയവയാണ് ഫലപ്രദമായ ചികിത്സാരീതികൾ.

ഐസ്‌ക്യൂബ് ഉപയോഗിച്ച് കാലിന്റെ അടിയില്‍ വേദനയുള്ള ഭാഗത്ത് 10-15 മിനിറ്റ് മസാജ് ചെയ്യുന്നത് ഫലപ്രദമാണ്. കൈകള്‍ ഉപയോഗിച്ച് വേദനയുള്ള ഭാഗത്ത് മസ്സാജ് ചെയ്യാം. വേദനയുള്ള കാലിന്റെ അടിയില്‍ ഒരു ടെന്നിസ് ബോള്‍ വെച്ച് വിരലുകള്‍ തൊട്ട് ഉപ്പൂറ്റി വരെ അമര്‍ത്തി പ്ലാന്റാര്‍ ഫേഷ്യയെ റിലീസ് ചെയ്യാവുന്നതാണ്.

കോണ്‍ട്രാസ്റ്റ് ബാത്ത് (Contrast bath) ആണ് മറ്റൊരു പ്രധാന ചികിത്സ. ഒരു പാത്രത്തില്‍ ചൂട് വെള്ളവും വേറൊന്നില്‍ തണുത്ത വെള്ളവും എടുക്കുക, മൂന്ന് മിനിറ്റ് നേരം വേദനയുള്ള കാല്‍പാദം ചൂടുവെള്ളത്തിലും രണ്ട് മിനിറ്റ് നേരം തണുത്ത വെള്ളത്തിലും മാറി മാറി മുക്കിവെക്കുക. 

രണ്ടോ മൂന്നോ പ്രാവശ്യം ഇത് തുടരുക. കാല്‍വിരലുകള്‍ നിലത്ത് കുത്തി ഉപ്പൂറ്റി ഉയര്‍ത്തി സ്‌ട്രെച്ച് ചെയ്യുന്നതും കസേരയില്‍ ഇരുന്ന ശേഷം നിലത്ത് വിരിച്ച ടവ്വലില്‍ വിരലുകള്‍ നിവര്‍ത്തി വെച്ച ശേഷം വിരലുകള്‍ കൊണ്ട് ചുരുട്ടി പുറകോട്ട് അടിപ്പിക്കുന്ന ടവ്വല്‍ സ്‌ട്രെച്ചും ഏറെ ആശ്വാസം നല്‍കുന്ന വ്യായാമങ്ങളാണ്. ഷൂസിന്റെ ഇന്‍സോള്‍ മൃദുവായത് തെരഞ്ഞെടുക്കുന്നതും ഉപ്പൂറ്റിവേദനയെ മാറ്റാൻ സഹായിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only