27/11/2021

പുതിയ റിയാക്ഷൻ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്
(VISION NEWS 27/11/2021)
അടുത്തിടെയായി നിരവധി പുതിയ സവിശേഷതകള്‍ ഉപയോക്താക്കള്‍ക്കായി വാട്സ്‌ആപ്പ് അവതരിപ്പിക്കുന്നുണ്ട്. ഇതിൽ ഏറ്റവും പുതിയതാണ് ഒരു റിയാക്ഷൻ ഫീച്ചർ അവതരിപ്പിക്കാൻ വാട്സാപ്പ് ഒരുങ്ങുന്നുവെന്നത്. ഇന്‍സ്റ്റഗ്രാമിനോട് സമാനമായ രീതിയിലായിരിക്കും ഇതെന്നും വാബീറ്റഇന്‍ഫൊ റിപ്പോര്‍ട്ടു ചെയ്തു. എന്തൊക്കെ പ്രതികരണങ്ങള്‍ ഒരു സന്ദേശത്തിന് ലഭിച്ചു എന്നറിയാനുള്ള പ്രത്യേക ടാബും ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

എങ്ങനെയായിരിക്കും പുതിയ സവിശേഷതയെന്ന് വ്യക്തമാക്കുന്ന സ്ക്രീന്‍ഷോട്ടും വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്. ഐഒഎസിനു വേണ്ടിയാണ് നിലവില്‍ ഈ സവിശേഷത വികസിപ്പിക്കുന്നതെങ്കിലും വൈകാതെ തന്നെ ആന്‍ഡ്രോയിഡിലും എത്തും.
വാട്സാപ്പ് മെറ്റയുടെ കീഴിലുള്ള മറ്റ് ആപ്ലിക്കേഷനുമായി ഒത്തു ചേരുന്ന പുതിയ സവിശേഷതയും കമ്പനി വികസിപ്പിക്കുന്നതായാണ് സൂചന. മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ പ്രത്യേക അക്കൗണ്ട് സൃഷ്ടിക്കാതെ തന്നെ വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് മെസഞ്ചര്‍ ഉപയോക്താക്കളുമായി ബന്ധപ്പെടാന്‍ കഴിയും.

ഫെയ്സ്ബുക്ക് മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് ഇതിനകം പരസ്പരം ചാറ്റ് ചെയ്യാന്‍ കഴിയും. വാട്സ്‌ആപ്പും ഇതിന്റെ ഭാഗമാക്കണമെങ്കില്‍ രണ്ട് പ്ലാറ്റ്‌ഫോമുകളിലും ആദ്യം എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ നടപ്പിലാക്കേണ്ടതുണ്ട്. ഇത് നടപ്പിലാക്കുന്നതിനായി കൂടുതല്‍ സമയം ആവശ്യമായി വന്നേക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only