12/11/2021

എ.യു.മുഹമ്മദ്‌ ഫൈസിയെ പുതിയോത്ത്‌ മഹല്ല് കമ്മിറ്റി ആദരിച്ചു.
(VISION NEWS 12/11/2021)


ഓമശ്ശേരി:അമ്പലക്കണ്ടി പുതിയോത്ത്‌ ജുമുഅത്ത്‌ പള്ളിയിൽ മുദരിസായി കാൽ നൂറ്റാണ്ട്‌ പൂർത്തിയാക്കിയ പ്രമുഖ പണ്ഡിതൻ എ.യു.മുഹമ്മദ്‌ ഫൈസിയെ പുതിയോത്ത്‌ മഹല്ല് കമ്മിറ്റി ആദരിച്ചു.ജുമുഅ നിസ്കാരാനന്തരം പുതിയോത്ത്‌ പള്ളിയിൽ നടന്ന പ്രൗഢമായ പരിപാടി 'സമസ്ത' കേന്ദ്ര മുശാവറ അംഗവും സമസ്ത കേരള  ജംഇയ്യത്തുൽ മുദരിസീൻ സംസ്ഥാന ജന:സെക്രട്ടറിയുമായ എ.വി.അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ ഉൽഘാടനം ചെയ്തു.

പണ്ഡിതന്മാർ പ്രവാചക സന്ദേശങ്ങളുടെ പ്രചാരകരാണെന്നും സമൂഹത്തിൽ വലിയ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.പണ്ഡിതന്മാരെ ചേർത്തു പിടിക്കേണ്ടത്‌ വിശ്വാസി സമൂഹത്തിന്റെ ബാധ്യതയാണെന്നും പണ്ഡിതന്മാർ ആർജ്ജിച്ച അറിവുകൾ പകർന്നു നൽകുന്നത്‌ ശ്രേഷ്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പരിപാടിയിൽ മഹല്ല് പ്രസിഡണ്ട്‌ മഠത്തിൽ മുഹമ്മദ്‌ ഹാജി അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വെച്ച്‌ ഇരുപത്തി ഏഴ്‌ വർഷത്തിലധികമായി പുതിയോത്ത്‌ മുഅദ്ദിനായി ജോലി ചെയ്യുന്ന കെ.കെ.അബൂബക്കർ  കുട്ടി മുസ്‌ലിയാർ,അമ്പത്‌ വർഷത്തിലധികമായി പുതിയോത്ത്‌ ഖബർസ്ഥാനിൽ ഖബറുകൾ ഒരുക്കുന്ന പുതിയോട്ടിൽ ആലി എന്നിവരേയും ആദരിച്ചു.മൂവർക്കും മഹല്ല് കമ്മിറ്റിയുടെ സ്നേഹോപഹാരങ്ങൾ എ.വി.അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ കൈമാറി.ചടങ്ങിൽ സമസ്ത കേരള ജംഇയ്യത്തുൽ മുദരിസീൻ ജില്ലാ പ്രസിഡണ്ട്‌ എൻ.അബ്ദുല്ല ഫൈസി പ്രാർത്ഥന നടത്തി.പുതിയോത്ത്‌ ഖത്തീബ്‌ പി.സി.ഉബൈദ്‌ ഫൈസി,ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂനുസ്‌ അമ്പലക്കണ്ടി,മഹല്ല് ട്രഷറർ കെ.ഹുസൈൻ ഹാജി,നെച്ചൂളി മുഹമ്മദ്‌ ഹാജി,പി.വി.മൂസ മുസ്‌ലിയാർ എന്നിവർ സംസാരിച്ചു.മഹല്ല് ജന:സെക്രട്ടറി കെ.മുഹമ്മദ്‌ ബാഖവി സ്വാഗതം പറഞ്ഞു.

പുതിയോത്ത്‌ മുദരിസായിരുന്ന വിശ്രുത ഇസ്‌ലാമിക കർമ്മശാസ്ത്ര പണ്ഡിതനും 'സമസ്ത'കേന്ദ്ര മുശാവറ-ഫത്‌വ കമ്മിറ്റികളിൽ അംഗവുമായിരുന്ന പി.സി.കുഞ്ഞാലൻ കുട്ടി മുസ്‌ലിയാരുടെ വിയോഗാനന്തരമാണ്‌ ഇരുപത്തിയഞ്ച്‌ വർഷം മുമ്പ്‌ ഓമശ്ശേരി തെച്ച്യാട്‌ കണ്ണന്തറ സ്വദേശിയായ എ.യു.മുഹമ്മദ്‌ ഫൈസി പുതിയോത്ത്‌ പള്ളിയിൽ മുദരിസായി സേവനമനുഷ്ഠിച്ച്‌ തുടങ്ങിയത്‌.നിരവധി ശിഷ്യഗണങ്ങളുള്ള എ.യു.മുഹമ്മദ്‌ ഫൈസി 'സമസ്ത'തിരുവമ്പാടി മണ്ഡലം വൈസ്‌ പ്രസിഡണ്ടാണ്‌.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only