01 നവംബർ 2021

കഥ പറഞ്ഞ്, പാഠങ്ങൾ പഠിപ്പിച്ച് ‘ഉമക്കുട്ടി’; യുട്യൂബ് ചാനല്‍ കണ്ടത് രണ്ടുകോടിയിലധികം പേർ
(VISION NEWS 01 നവംബർ 2021)
തിരുവനന്തപുരം:കോവിഡ് കാലത്ത് സ്കൂൾ അടച്ചപ്പോൾ നാലാം ക്ലാസുകാരിയായിരുന്ന ഉമ വിരസത മാറ്റാനായാണ് യുട്യൂബ് ചാനൽ തുടങ്ങിയത്. പിന്നീട് സ്കൂൾജീവിതം അന്യമായതോടെ ‘ഉമക്കുട്ടി’യെന്ന തന്റെ ചാനലിലൂടെ സഹപാഠികൾക്കായി പഠനക്ലാസ് തുടങ്ങി. പാഠപുസ്തകത്തിലെ എല്ലാ വിഷയങ്ങളും പഠിപ്പിച്ച് ഉമ തന്റെ പ്രായത്തിലുള്ളവർക്ക് അധ്യാപികയും മാർഗദർശിയുമായി. കോട്ടൺഹിൽ ഗവൺമെന്റ് സ്കൂളിലെ ഈ ആറാം ക്ലാസുകാരിയുടെ ചാനൽ ഇതിനകം രണ്ടുകോടിപ്പേർ സന്ദർശിച്ചുകഴിഞ്ഞു.

സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഉമയുടെ ക്ലാസുകൾ കുട്ടികൾ ശ്രദ്ധിക്കാൻ തുടങ്ങിയതോടെ ചാനലിന് ഒന്നേമുക്കാൽ ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുമായി. കോവിഡിന്റെ ഒന്നാം തരംഗകാലത്ത് സംസ്ഥാന സിലബസിലെ അഞ്ചാംക്ലാസിലെ എല്ലാ വിഷയങ്ങളും ചാനലിലൂടെ കൂട്ടുകാരെ പഠിപ്പിച്ചു. ഇപ്പോൾ ആറാം ക്ലാസിലെ പാഠഭാഗങ്ങളും പഠിപ്പിക്കുന്നുണ്ട്. വിക്ടേഴ്‌സ് ചാനലിലെ ക്ലാസുകളുടെ വിശദീകരണവും തുടർപ്രവർത്തനങ്ങളും ഉമ ചാനലിലൂടെ നൽകും.


2020 മാർച്ച് 10-ന് കൂട്ടുകാർക്ക് കഥകൾ പറഞ്ഞുകൊടുത്തുകൊണ്ട് ‘ഉമക്കുട്ടി’ എന്ന ചാനൽ ആരംഭിച്ചു.

ആദ്യം മൊബൈലിൽ വീഡിയോ റെക്കോഡ്‌ ചെയ്താണ് അപ്‌ലോഡ് ചെയ്തിരുന്നത്. കാഴ്ചക്കാർ കൂടിയതോടെ വീട്ടിൽത്തന്നെ സ്റ്റുഡിയോ ഒരുക്കി. സാങ്കേതികസംവിധാനങ്ങൾ ഒരുക്കാനുള്ള വരുമാനം യുട്യൂബിലൂടെ പിന്നീട് ലഭിച്ചു. ചാനൽ ഹിറ്റായതോടെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നേരിട്ടെത്തി അഭിനന്ദിച്ചു. യുട്യൂബ് വരുമാനത്തിന്റെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നൽകി. കഴിഞ്ഞവർഷത്തെ സംസ്ഥാനതല ശിശുദിനാഘോഷത്തിൽ കുട്ടികളുടെ സ്പീക്കറായി ഉമയെ തിരഞ്ഞെടുത്തിരുന്നു. സ്കൂൾ തുറന്നാലും ചാനൽ തുടരുമെന്ന് ഉമ പറഞ്ഞു. പെരുകാവ് ചന്ദൻവില്ലയിൽ മൽഹാറിൽ ടി.കെ. സുജിത്തിന്റെയും അഭിഭാഷകയായ എം. നമിതയുടെയും മകളാണ്. പത്താം ക്ലാസ് വിദ്യാർഥി അമൽ സഹോദരനാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only