06 നവംബർ 2021

അങ്കണവാടി പ്രവേശനോൽസവത്തിൽ അതിഥികളായി ഐ.ഐ.എം.വിദ്യാർത്ഥികൾ.
(VISION NEWS 06 നവംബർ 2021)


ഓമശ്ശേരി:പഞ്ചായത്തിലെ അമ്പലക്കണ്ടി എട്ടാം വാർഡിലുള്ള കനിയം പുറം അങ്കണവാടിയിൽ പ്രവേശനോൽസവത്തിന്‌ അതിഥികളായി കോഴിക്കോട്‌ കുന്ദമംഗലത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്‌മന്റ്‌(ഐ.ഐ.എം) വിദ്യാർത്ഥികളും.ഗ്രാമീണവികസനത്തിന് ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ ഉപയോഗിക്കുന്നതിനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഫ്ലാഗ്ഷിപ്പ് പ്രോഗ്രാമായ ഉന്നത് ഭാരത് അഭിയാൻ (യു.ബി.എ) പ്രൊജക്ടിന്റെ ഭാഗമായി ഐ.ഐ.എം കോഴിക്കോട്‌ ദത്തെടുത്ത അഞ്ച്‌ ഗ്രാമങ്ങളിലുൾപ്പെട്ട പുത്തൂർ വില്ലേജിൽ രണ്ടാം ഘട്ട പഠനത്തിനെത്തിയ വിദ്യാർത്ഥികളും ഐ.ഐ.എം.പ്രതിനിധികളുമാണ്‌ അങ്കണ വാടി പ്രവേശനോൽസവ ചടങ്ങിൽ അതിഥികളായി പങ്കെടുത്ത ത്‌.സംഘം ഗ്രാമീണരോട്‌ വിശദ വിവരങ്ങൾ ചോദിച്ചറിയുകയും റിപ്പോർട്ട്‌ തയ്യാറാക്കുകയും ചെയ്തു.

പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കളാണ്‌ പ്രവേശനോൽസവത്തിൽ പങ്കെടുത്തത്‌.കോവിഡ്‌ പശ്ചാത്തലത്തിൽ അങ്കണവാടികളിലെ പ്രീ സ്കൂൾ പഠന പ്രവർത്തനങ്ങൾക്ക്‌ തടസ്സം നേരിടാതിരിക്കാൻ കുട്ടികൾക്ക്‌ ആസ്വാദ്യകരമായ രീതിയിൽ ആവിഷ്കരിച്ച 'കിളിക്കൊഞ്ചൽ'സംപ്രേഷണത്തെക്കുറിച്ചും അങ്കണവാടികളുടെ സേവനങ്ങളെക്കുറിച്ചും ചടങ്ങിൽ വിശദീകരിച്ചു.വാർഡ്‌ മെമ്പറും പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാനുമായ യൂനുസ്‌ അമ്പലക്കണ്ടി പ്രവേശനോൽസവം ഉൽഘാടനം ചെയ്തു.അങ്കണവാടി ടീച്ചർ എം.വി.സരിത സ്വാഗതം പറഞ്ഞു.എ.എൽ.എം.എസ്‌.സി.പ്രതിനിധി എം.സി.അബൂബക്കർ മാസ്റ്റർ സംസാരിച്ചു.

ഐ.ഐ.എമ്മിനെ പ്രതിനിധീകരിച്ച്‌ വിദ്യാർത്ഥികളായ ശ്രേയസ്‌ സാഹു(ഉത്തർ പ്രദേശ്‌),അനന്യ ബുർമാൻ(ആസാം),അക്ഷയ്‌ കുമാർ(ബീഹാർ),അങ്കുർ രാജ്‌(ബീഹാർ),ഉത്കർഷ ദിയോസ്തലി(മഹാരാഷ്ട്ര),അഞ്ജു ടൈറ്റസ്(കേരള)‌,പ്രൊജക്‌റ്റ്‌ അസോസിയേറ്റ്‌ കെ.വി.ഉബൈദുല്ല,അക്കാദമിക്‌ അസോസിയേറ്റ്‌ ജിസ്‌ന എന്നിവർ പങ്കെടുത്തു.ജാറം കണ്ടി മുജാഹിദ്‌ മദ്‌റസയിൽ നടന്ന യുവതികൾക്കായുള്ള എട്ടാം വാർഡിലെ കുടുംബ ശ്രീ ഓക്സിലറി ഗ്രൂപ്പ്‌ രൂപീകരണ യോഗത്തിൽ ഐ.ഐ.എം.പ്രതിനിധികൾ സംബന്ധിക്കുകയും സ്ത്രീകളോട്‌ ജീവിത സാഹചര്യങ്ങളും നിലവിലെ പ്രശ്നങ്ങളും ചോദിച്ചറിയുകയും വിലയിരുത്തുകയും ചെയ്തു.

പുത്തൂർ വില്ലേജ്‌ ഓഫീസിലും പതിനേഴാം വാർഡിലെ മങ്ങാട്‌ പട്ടിക വർഗ്ഗ കോളനിയിലും വിദ്യാർത്ഥികൾ സന്ദർശനം നടത്തി.കോളനിയിൽ ഊരു മൂപ്പന്റെ നേതൃത്വത്തിൽ പഠന സംഘത്തെ സ്വീകരിച്ചു.പഞ്ചായത്ത്‌ ഓഫീസിൽ നടന്ന പഠന പര്യടനത്തിന്റെ സമാപന ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു.അൻസാർ ഇബ്നു അലി നാഗാളികാവ്‌ ഗൈഡായിരുന്നു.സന്ദർശനത്തിനും പഠനങ്ങൾക്കും ശേഷം ഐ.ഐ.എം വിദ്യാർത്ഥികൾ വിശദമായ ഗ്രാമ വികസന പദ്ധതി (വില്ലേജ് ഡെവലപ്മെന്റ് പ്ലാൻ) തയ്യാറാക്കുകയും അതനുസരിച്ച് അടുത്ത വർഷങ്ങളിൽ ഓമശ്ശേരി പഞ്ചായത്ത് ഭരണ സമിതി ഐ.ഐ.എമ്മിന്റെ യു.ബി.എ സെല്ലുമായി സഹകരിച്ച്  വിവിധ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only