04 നവംബർ 2021

ഉന്നത്‌ ഭാരത്‌ അഭിയാൻ: ഐ.ഐ.എം.വിദ്യാർത്ഥികൾ ഓമശ്ശേരിയിൽ പഠന സന്ദർശനം നടത്തി.
(VISION NEWS 04 നവംബർ 2021)


ഓമശ്ശേരി:ഗ്രാമീണവികസനത്തിന് ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളെ ഉപയോഗിക്കുന്നതിനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഫ്ലാഗ്ഷിപ്പ് പ്രോഗ്രാമായ ഉന്നത് ഭാരത് അഭിയാൻ (യു.ബി.എ) പ്രൊജക്ടിന്റെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട്‌ (ഐ.ഐ.എം) ദത്തെടുത്ത അഞ്ച്‌ ഗ്രാമങ്ങളിലുൾപ്പെട്ട പുത്തൂർ വില്ലേജിൽ പഠനം നടത്താൻ ഐ.ഐ.എം.വിദ്യാർത്ഥികളും പ്രതിനിധികളും ഓമശ്ശേരിയിലെത്തി.ഗ്രാമങ്ങളിലെ പ്രശ്‌നങ്ങള്‍ പഠിക്കുകയും സാങ്കേതികമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുന്ന നിലയിലാണ് യു.ബി.എ.പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്‌.

പഞ്ചായത്തുമായി ബന്ധപ്പെട്ട ഡിപ്പാർട്ട്‌മെന്റുകളും  ഓഫീസുകളും ആദ്യ ഘട്ടത്തിൽ ഐ.ഐ.എം.പ്രതിനിധികളും വിദ്യാർത്ഥികളും  സന്ദർശിച്ചു.പഞ്ചായത്ത്‌ ഓഫീസിനു പുറമെ കൃഷി ഭവൻ,കുടുംബാരോഗ്യ കേന്ദ്രം,എൽ.എസ്‌.ജി.ഡി.അസിസ്റ്റന്റ്‌ എഞ്ചിനീയറുടെ കാര്യാലയം,തൊഴിലുറപ്പ്‌ പദ്ധതി ഓഫീസ്‌,കുടുംബശ്രീ ഓഫീസ്‌,വി.ഇ.ഒ.ഓഫീസ്‌,കെ.എസ്‌.ഇ.ബി.സെക്ഷൻ ഓഫീസ്‌,ഐ.സി.ഡി.എസ്‌.ഓഫീസ്‌,വില്ലേജ്‌ ഓഫീസ്‌,വിദ്യാലയങ്ങൾ എന്നിവിടങ്ങളിലാണ്‌ പ്രാഥമിക സന്ദർശനം നടത്തിയത്‌.കൂടുതൽ പഠനങ്ങൾക്കും വിലയിരുത്തലിനുമായി ഐ.ഐ.എം.പ്രതിനിധികൾ അടുത്ത ആഴ്ച്ച വീണ്ടുമെത്തും.

അടുത്ത ഘട്ടത്തിൽ ഗ്രാമീണരുമായി സംസാരിച്ച് അവരുടെ പ്രശ്നങ്ങൾ പഠിച്ച്‌ റിപ്പോർട്ട്‌ തയ്യാറാക്കുന്നുമുണ്ട്‌.നേരത്തെ കുടുംബശ്രീയുമായി സഹകരിച്ച് വീട്തല സർവ്വേ പൂർത്തിയാക്കിയിരുന്നു.സർവ്വേയിൽ നിന്ന് കിട്ടിയ വിവരങ്ങളും പഠനത്തിന് വിധേയമാക്കും.സന്ദർശനത്തിനും പഠനങ്ങൾക്കും ശേഷം ഐ.ഐ.എം വിദ്യാർത്ഥികൾ വിശദമായ ഗ്രാമ വികസന പദ്ധതി (വില്ലേജ് ഡെവലപ്മെന്റ് പ്ലാൻ) തയ്യാറാക്കുകയും അതനുസരിച്ച് അടുത്ത വർഷങ്ങളിൽ ഓമശ്ശേരി പഞ്ചായത്ത് ഭരണ സമിതി ഐ.ഐ.എമ്മിന്റെ യു.ബി.എ സെല്ലുമായി സഹകരിച്ച്  വിവിധ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യും.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ,വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി,വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,പഞ്ചായത്തംഗങ്ങളായ കെ.കരുണാകരൻ മാസ്റ്റർ,കെ.പി.രജിത,പി.കെ.ഗംഗാധരൻ,അശോകൻ പുനത്തിൽ,സീനത്ത്‌ തട്ടാഞ്ചേരി,പങ്കജവല്ലി,ഡി.ഉഷാ ദേവി ചർച്ചയിൽ പങ്കെടുത്തു.ഐ.ഐ.എമ്മിനെ പ്രതിനിധീകരിച്ച്‌ യു.ബി.എ.സെൽ കോ-ഓർഡിനേറ്റർ പ്രൊഫ:അനുഭ ശേഖർ,വിദ്യാർത്ഥികളായ ശ്രേയസ്‌ സാഹു,അനന്യ ബുർമാൻ,അക്ഷയ്‌ കുമാർ,അങ്കുർ രാജ്‌,ഉത്കർഷ ദിയോസ്തലി,അഞ്ജു ടൈറ്റസ്‌,പ്രൊജക്‌റ്റ്‌ അസോസിയേറ്റ്‌ കെ.വി.ഉബൈദുല്ല,അക്കാദമിക്‌ അസോസിയേറ്റ്‌ എസ്‌.നന്ദു എന്നിവർ പങ്കെടുത്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only