09/11/2021

സ്വകാര്യ ബസ് സമരം ഇല്ല; പണിമുടക്ക് പിൻവലിച്ചു
(VISION NEWS 09/11/2021)
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ ഇന്നു മുതല്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. സ്വകാര്യ ബസ് ഉടമ സംഘടന പ്രതിനിധികളുമായി ഗതാഗതമന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ബസുടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഈ മാസം 18-നകം പരിഗണിക്കുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി ആന്റണി രാജു പറഞ്ഞു. 
ഇന്നലെ രാത്രി പത്ത് മണിക്ക് കോട്ടയം നാട്ടകം ​ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു ചര്‍ച്ച. രണ്ട് മണിക്കൂറോളം ചര്‍ച്ച നീണ്ടു നിന്നു. ബസ് ഉടമകൾ  ഉന്നയിച്ച ആവശ്യങ്ങളിൽ നവംബർ 18 നകം തീരുമാനമെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. വരും ദിവസങ്ങളിൽ തുടർചർച്ചകൾ നടക്കും. ചാർജ് വർധന അടക്കം ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

സര്‍ക്കാരിന് ഒരാഴ്ചത്തെ സമയം നല്‍കിയിട്ടുണ്ടെന്നും പോസിറ്റീവായ പ്രതികരണമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ളതെന്നും ബസുടമകളും വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ ഉള്‍പ്പെടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ഡീസല്‍ സബ്‌സിഡി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സ്വകാര്യബസുകള്‍ ചൊവ്വാഴ്ച മുതല്‍ സമരം പ്രഖ്യാപിച്ചത്.
ബസ് ഓപ്പറേറ്റേഴ്സ് സംഘടന പ്രതിനിധികളായ ടി. ഗോപിനാഥൻ, ഗോകുലം ഗോകുൽദാസ്, ലോറൻസ് ബാബു, ജോൺസൺ പയ്യപ്പള്ളി, സി.എം. ജയാനന്ദ്, ബാബുരാജ്, ജോസ് ആട്ടോക്കാരൻ, ജോസ് കുഴുപ്പിൽ, എ.ഐ. ഷംസുദ്ദീൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
    
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only