22/12/2021

ക്രിസ്‍മസ് കളറാക്കാൻ 10 സിനിമകള്‍; റിലീസുകള്‍ നാളെ മുതല്‍
(VISION NEWS 22/12/2021)




ക്രിസ്‍മസ് - ന്യൂഇയര്‍ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ഇത്തവണ തിയറ്ററിലും ഒടിടിയിലുമായി എത്തുന്നത് 10 സിനിമകള്‍. നാളെ മുതലാണ് വിവധ ചിത്രങ്ങളുടെ റിലീസുകൾ തുടങ്ങുന്നത്. ആന്‍റണി വര്‍ഗീസിനെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന 'അജഗജാന്തര'ത്തോടെയാണ് മലയാളം സിനിമകളുടെ തിയറ്ററുകളിലെ ക്രിസ്‍മസ് സീസണ് തുടക്കമാവുന്നത്. നാളെയാണ് ചിത്രം തിയറ്ററുകളില്‍ എത്തുക.

ആസിഫ് അലിയെ നായകനാക്കി മാത്തുക്കുട്ടി സംവിധാനം ചെയ്‍ത 'കുഞ്ഞെല്‍ദോ', സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് ഒരുക്കിയിരിക്കുന്ന 'മ്യാവൂ' എന്നീ സിനിമകൾ 24ന് തിയറ്ററുകളില്‍ എത്തും. ഡിസംബര്‍ 31നാണ് മറ്റു രണ്ട് ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക് എത്തുക. ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന 'സത്യം മാത്രമേ ബോധിപ്പിക്കൂ', അമിത് ചക്കാലയ്ക്കലിനെ നായകനാക്കി എസ് ജെ സിനു സംവിധാനം ചെയ്‍ത 'ജിബൂട്ടി' എന്നിവയാണ് 31ന് എത്തുന്ന ചിത്രങ്ങള്‍.

ബേസില്‍ ജോസഫിന്‍റെ ടൊവീനോ തോമസ് ചിത്രം 'മിന്നല്‍ മുരളി ഒടിടിയിൽ എത്തുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയം. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം നെറ്റ്ഫ്ലിക്സിന്‍റെ ക്രിസ്‍മസ് റിലീസ് ആണ്. ഡിസംബര്‍ 24നാണ് റിലീസ്. ഇതേ ദിവസം എത്തുന്ന മറ്റു രണ്ട് ഒടിടി റിലീസുകള്‍ ജോജു ജോര്‍ജിനെ നായകനാക്കി അഹമ്മദ് കബീര്‍ സംവിധാനം ചെയ്‍ത 'മധുരം', നിത്യ മേനോനെ നായികയാക്കി ടി കെ രാജീവ്‍കുമാര്‍ സംവിധാനം ചെയ്‍ത 'കോളാമ്പി' എന്നിവയാണ്. ഇതില്‍ മധുരം സോണി ലൈവിലും കോളാമ്പി എംടോക്കി എന്ന പുതിയ ഒടിടി പ്ലാറ്റ്‍ഫോമിലുമാണ് എത്തുക. 

അതേസമയം നാദിര്‍ഷയുടെ ദിലീപ് ചിത്രം 'കേശു ഈ വീടിന്‍റെ നാഥന്‍'‌ ഡിസംബര്‍ 31ന് ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയും എത്തും. ഒടിടിയിലെ ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി നിഥിന്‍ രണ്‍ജി പണിക്കരുടെ സുരേഷ് ഗോപി ചിത്രം കാവലും ‌‌ എത്തുന്നുണ്ട്. നെറ്റ്ഫ്ലിക്സില്‍ ഡിസംബര്‍ 27 ആണ് റിലീസ് തീയതി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only