12/12/2021

മൊബൈല്‍ ആപ്പുകള്‍ക്കായി ചെലവിട്ടത് 135 ശതകോടി ഡോളര്‍!
(VISION NEWS 12/12/2021)




കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2021 ല്‍ മൊബൈല്‍ ആപ്പുകള്‍ക്കായി ഉപഭോക്താക്കള്‍ ചെലവിട്ടത് 135 ശതകോടി ഡോളര്‍ (ഏകദേശം 10.18 ലക്ഷം കോടി രൂപ). മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം അധികമാണിത്. ആപ്പ് ഡൗണ്‍ലോഡിന്റെ കാര്യത്തിലും വലിയ വളര്‍ച്ചയുണ്ടായി. കഴിഞ്ഞ വര്‍ഷം വിവിധ ആപ്പുകള്‍ 140 ശതകോടി തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു. പ്രമുഖ മൊബൈല്‍ ഡാറ്റ ആന്‍ഡ് അനലിറ്റിക്‌സ് പ്ലാറ്റ്‌ഫോമായ ആപ്പ്‌ആനിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

വീഡിയോ ഷെയറിംഗ്, എഡിറ്റിംഗ് ആപ്പുകളാണ് ലോകവ്യാപകമായി ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടിയിരിക്കുന്നത്. കാപ്കട്ട്, എംഎക്‌സ് ടക്ടക്, തുടങ്ങിയവയാണ് ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്. മീഷോ ആണ് മൂന്നാമത്. ഷെയര്‍കരോ ഇന്ത്യ നാലാമതും. വിപിഎന്‍ മാസ്റ്റര്‍, മോജ്, ടെലഗ്രാം, നൈറ്റ് ഓവ്ള്‍ വിപിഎന്‍ തുടങ്ങിയവയാണ് മറ്റുള്ളവ.

ലൈവ് കണ്ടന്റ് സ്ട്രീമിംഗ് ആപ്പുകളായ യൂട്യൂബ്, ടിക് ടോക്, ഡിസ്‌നി പ്ലസ്, ട്വിച്ച്‌ തുടങ്ങിവയ്ക്ക് വേണ്ടിയാണ് ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ ചെലവിട്ടിരിക്കുന്നത്. സജീവമായ വരിക്കാരുടെ കാര്യത്തില്‍ ലോകത്ത് മുന്നില്‍ ടെലഗ്രാം ആണ്. ഇന്‍സ്റ്റാഗ്രാം, സൂം ക്ലൗഡ് മീറ്റിംഗ്, ടിക് ടോക്, മൊക്രോസോഫ്റ്റ് ഓഫീസ് മൊബൈല്‍, ആമസോണ്‍, ഷോപ്പീ, മൊക്രോസോഫ്റ്റ് ടീംസ്, ഫേസ്ബുക്ക്, സിഗ്നല്‍ എന്നിവയാണ് ആദ്യ പത്തിലെ മറ്റു ആപ്പുകള്‍. സോഷ്യല്‍ ആപ്പുകള്‍ക്കും ഡേറ്റിംഗ് ആപ്പുകള്‍ക്കും വലിയ വളര്‍ച്ച ഈ വര്‍ഷം ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
2021ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത് എംഎക്‌സ് ടക്ടക് ആണ്. മീഷോ, ഷെയര്‍കരോ ഇന്ത്യ എന്നിവയാണ് തൊട്ടുപിന്നില്‍. ഗെയിമുകളില്‍ ബ്രിഡ്ജ് റേസ് തന്നെ മുന്നില്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only