05/12/2021

നിയമ ലംഘനങ്ങളുടെ പേരില്‍ ഒരാഴ്ചക്കിടെ 14519 പ്രവാസികൾ പിടിയിൽ
(VISION NEWS 05/12/2021)
തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ച വിദേശികളെ പിടികൂടുന്നത് സൗദി അറേബ്യയിൽ തുടരുകയാണ്. ഒരാഴ്‍ചക്കിടെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 14,519 നിയമ ലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നവംബർ 25 മുതൽ ഡിസംബർ ഒന്നു വരെയുള്ള ദിവസങ്ങളിൽ നടത്തിയ റെയ്ഡുകളിലാണ് ഇത്രയും നിയമ ലംഘകർ പിടിയിലായത്. ഇക്കൂട്ടത്തിൽ 7,413 പേർ ഇഖാമ നിയമ ലംഘകരും 5,398 പേർ നുഴഞ്ഞുകയറ്റക്കാരും 1,708 പേർ തൊഴിൽ നിയമ ലംഘകരുമാണ്.

ഒരാഴ്ചക്കിടെ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞുകയറാൻ ശ്രമിച്ച 381 പേരും അനധികൃത രീതിയിൽ അതിർത്തികൾ വഴി രാജ്യം വിടാൻ ശ്രമിച്ച 17 പേരും ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞുകയറ്റക്കാർക്കും യാത്രാ, താമസ സൗകര്യങ്ങളും ജോലിയും നൽകിയ ഏഴു പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന് ഗതാഗതമോ പാര്‍പ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ പരമാവധി 15 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൂടാതെ, ഒരു ദശലക്ഷം റിയാല്‍ വരെ പിഴ, വാഹനങ്ങള്‍ അഭയം നല്‍കിയ സ്ഥലം എന്നിവ കണ്ടുകെട്ടല്‍ എന്നീ നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കുമെന്നും അവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ വെളിപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only