02/12/2021

3 മാസം മുമ്പ് ഭര്‍ത്താവിനെ വിട്ട് ഒളിച്ചോടി, പിന്നീട് തിരിച്ചെത്തി; യുവതിയെ കാമുകന്‍ കുത്തിക്കൊന്നു
(VISION NEWS 02/12/2021)
തിരുപ്പതി: ആന്ധ്രാപ്രദേശിലെ കടപ്പ പുലിവെണ്ടുലയിൽ യുവതിയെ കാമുകൻ കുത്തിക്കൊന്നു. അനന്തപുര സ്വദേശി റിസ്വാന(26)യെയാണ് കാമുകനായിരുന്ന ഹർഷവർധൻ വീട്ടിൽ കയറി കുത്തിക്കൊന്നത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാവിലെയാണ് ദാരുണമായ കൊലപാതകം നടന്നത്. അനന്തപുര സ്വദേശിയായ റിസ്വാന അഞ്ചുവർഷം മുമ്പാണ് കടപ്പ സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ചത്. ദമ്പതിമാർക്ക് രണ്ടുമക്കളുണ്ട്. ഒരുവർഷം മുമ്പ് ഇവർ പുലിവെണ്ടുലയിലേക്ക് താമസം മാറി. വിവാഹത്തിന് മുമ്പ് അനന്തപുര എൻ.കെ.കൽവ സ്വദേശിയായ ഹർഷവർധനുമായി റിസ്വാന പ്രണയത്തിലായിരുന്നു. വിവാഹത്തോടെ ഈ ബന്ധം അവസാനിപ്പിച്ചിരുന്നെങ്കിലും അടുത്തിടെ ഇരുവരും വീണ്ടും പ്രണയത്തിലായി. തുടർന്ന് മൂന്ന് മാസം മുമ്പ് ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് റിസ്വാന കാമുകനൊപ്പം ഒളിച്ചോടി. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ റിസ്വാനയും ഹർഷവർധനും ബെംഗളൂരുവിലുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ബന്ധുക്കൾ റിസ്വാനയെ അനുനയിപ്പിച്ച് തിരികെ പുലിവെണ്ടുലയിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഇതിനുപിന്നാലെയാണ് കാമുകൻ യുവതിയെ വീട്ടിലെത്തി കുത്തിക്കൊന്നത്. ബുധനാഴ്ച രാവിലെ മറ്റാരുമില്ലാത്ത സമയത്താണ് ഹർഷവർധൻ റിസ്വാനയുടെ വീട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ കുത്തിക്കൊല്ലുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only