16/12/2021

രാജ്യത്ത് ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം കൂടുന്നു; 73 പേര്‍ക്ക് രോഗബാധ; ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയില്‍
(VISION NEWS 16/12/2021)
ന്യൂഡല്‍ഹി: രാജ്യത്ത് ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം കൂടുന്നു. ഇന്ത്യയില്‍ ഇതുവരെ 73 പേര്‍ക്കാണ് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ ബാധിതര്‍ മഹാരാഷ്ട്രയിലാണ്. 32 പേരാണ് മഹാരാഷ്ട്രയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 
രണ്ടാം സ്ഥാനത്ത് രാജസ്ഥാനാണ്. 

17 പേരാണ് രാജസ്ഥാനില്‍ ഒമൈക്രോണ്‍ ബാധിതര്‍. ഡല്‍ഹിയില്‍ ആറുപേരും കേരളത്തില്‍ അഞ്ചുപേരുമാണ് പുതിയ കോവിഡ് വകഭേദം കണ്ടെത്തി ചികിത്സയിലുള്ളത്. 

ഗുജറാത്തില്‍ നാലുപേര്‍ക്കും കര്‍ണാടകയില്‍ മൂന്നും തെലങ്കാനയില്‍ രണ്ടും ആളുകള്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗഡ് എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് വീതവും ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 
തമിഴ്‌നാട്ടില്‍ നൈജീരിയയില്‍ നിന്നും ചെന്നൈയിലെത്തിയ 47 കാരനാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. 

ദോഹ വഴി ഡിസംബര്‍ 10 നാണ് ഇയാള്‍ ചെന്നൈയിലെത്തിയത്. ഇയാളുടെ ആറു കുടുംബാംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീരിച്ചിട്ടുണ്ട്. 
ഇയാള്‍ക്കൊപ്പം സഞ്ചരിച്ച ഒരു വിമാനയാത്രക്കാരനും കോവിഡ് പോസിറ്റീവ് ആണ്. ചെന്നൈ വലസരവക്കം സ്വദേശിയാണ് ഇയാള്‍. ഇവരുടെ സാമ്പിളുകള്‍ ഒമൈക്രോണ്‍ വിശദപരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. 

ഇവര്‍ നിരീക്ഷണത്തിലാണെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു. മഹാരാഷ്ട്രയില്‍ ഇന്നലെ റിപ്പോര്‍ട്ടുചെയ്ത നാലു കേസുകളില്‍ രണ്ടെണ്ണം ഒസ്മാനാബാദിലാണ്. മുംബൈയിലും ബുല്‍ധാനയിലുമാണ് മറ്റു രണ്ടു വൈറസ് ബാധിതര്‍. 

ഒമൈക്രോണ്‍ രോഗബാധ കൂടുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ ഇന്നലെ സംസ്ഥാനങ്ങളുമായി ഓണ്‍ലൈന്‍ വഴി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. മെഡിക്കല്‍ ഓക്‌സിജന്‍, മരുന്നുകള്‍, ചികിത്സാസൗകര്യങ്ങള്‍ തുടങ്ങിയവയുടെ ലഭ്യത യോഗത്തില്‍ ചര്‍ച്ചയായി. 
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only