01/12/2021

പ്രഭാത വാർത്തകൾ
(VISION NEWS 01/12/2021)🔳കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്തെ 17,299 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി കേന്ദ്രസര്‍ക്കാര്‍. 2018 - 2020 വരെയുള്ള കണക്കാണ് കേന്ദ്ര കൃഷിമന്ത്രാലയം ഇന്നലെ പാര്‍ലമെന്റില്‍ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം മാത്രം 5579 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കേരളത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 104 കര്‍ഷകരാണെന്നും കേന്ദ്രസര്‍ക്കാരിന്റെ കണക്കുകളില്‍ വ്യക്തമാവുന്നു. അതേസമയം ദില്ലി അതിര്‍ത്തികളിലെ സമരത്തിനിടെ മരിച്ച കര്‍ഷകരെ കുറിച്ചുള്ള വിവരങ്ങള്‍ ഇല്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ലോക്സഭയില്‍ അറിയിച്ചു. ലോക്സഭയില്‍ കേരളത്തിലെ എം.പിമാരുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് കൃഷിമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

🔳രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ തുടര്‍ച്ചയായ നാലാം സാമ്പത്തിക പാദത്തിലും വര്‍ധന. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ജിഡിപി നിരക്ക് 8.4 ശതമാനമാണ്. ജൂലൈ - സെപ്റ്റംബര്‍ മാസ കാലയളവിലെ ജിഡിപി നിരക്കാണ് പുറത്ത് വന്നത്. 

🔳കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ രാജ്യസഭയുടെ കഴിഞ്ഞ സമ്മേളനത്തില്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിന് സസ്‌പെന്‍ഡ് ചെയ്തതിനെതിരേ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ ധര്‍ണ നടത്തും ഇന്ന് രാവിലെ 10 മുതല്‍ വൈകിട്ട് ആറ് വരെ ഗാന്ധിപ്രതിമക്ക് മുന്നിലാണ് പ്രതിഷേധം. സസ്‌പെന്‍ഷനെ നിയമപരമയി നേരിടുമെന്നും പ്രതിപക്ഷ എംപിമാര്‍ വ്യക്തമാക്കി.

🔳ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വേണ്ടെന്ന് തീരുമാനം. ഇന്നലെ ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തിലാണ് തീരുമാനം. ഒമിക്രോണിനെതിരെ ജാഗ്രത കര്‍ശനമാക്കാനും അവലോകന യോഗം ധാരണയിലെത്തി. അതേസമയം വാക്സീന്‍ എടുക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാപനത്തിലെത്താന്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. കൃത്യമായ ഇടവേളകളില്‍ സ്വന്തം ചെലവില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തണം. ഇതിന് പുറമെ വാക്സീന്‍ എടുക്കാത്തവര്‍ക്ക് സൗജന്യ കൊവിഡ് ചികിത്സ നല്‍കേണ്ടെന്നും യോഗം തീരുമാനിച്ചു.

🔳സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള ധനസഹായ വിതരണത്തില്‍ കടുത്ത ആശയക്കുഴപ്പം. മരിച്ചവരുടെ എണ്ണം നാല്പതിനായിരത്തോളമെത്തുമ്പോഴും നഷ്ടപരിഹാരത്തിനായി ഇതുവരെ അപേക്ഷിച്ചത് ആറായിരത്തോളം പേര്‍ മാത്രം. അതേസമയം മാനദണ്ഡം അനുസരിച്ചു കണ്ടെത്തിയ അര്‍ഹര്‍ക്ക് പോലും ഇതുവരെ പണം നല്‍കിയിട്ടില്ല.

🔳കേന്ദ്രനയങ്ങളില്‍ പ്രതിഷേധിച്ചുള്ള എല്‍ഡിഎഫ് ധര്‍ണയില്‍ കേന്ദ്രത്തിനും സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷികള്‍ക്കുമെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വികസനത്തിന് തുരങ്കം വെയ്ക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാവുന്നതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കേരളത്തിന്റെ വികസനത്തിനെതിരെ പ്രവര്‍ത്തിക്കുന്ന അവിശുദ്ധ സഖ്യത്തില്‍ ബിജെപിയുമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനെ കൊണ്ട് എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതൊക്കെ ചെയ്യുകയാണെന്നും കുറ്റപ്പെടുത്തി.

🔳വീടില്ലാത്ത പാവപ്പെട്ടവര്‍ പ്രളയത്തിലും കൊവിഡ് മഹാമാരിയിലും നരകയാതന അനുഭവിക്കുമ്പോള്‍, രാഷ്ടീയമേല്‍ക്കോമയ്ക്ക് സിപിഎമ്മും സിപിഐയും തമ്മിലടിച്ച് ലൈഫ് പദ്ധതിയെ വന്‍ പ്രതിസന്ധിയിലാക്കിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി. ഇത് ഭവനരഹിതരോടു കാട്ടുന്ന കടുത്ത വഞ്ചനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വീടിന് അര്‍ഹരായവരുടെ കരട് പട്ടിക പ്രസിദ്ധീകരിക്കാന്‍ പഞ്ചായത്തുകള്‍ക്ക് അനുവദിച്ച സമയം കഴിഞ്ഞിട്ടും വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം കാരണം 22 ശതമാനം അപേക്ഷകളില്‍ മാത്രമാണ് പരിശോധന പൂര്‍ത്തിയായതെന്നും സുധാകരന്‍ ചൂണ്ടികാട്ടി.

🔳മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ന്നു. സ്പില്‍വേ ഷട്ടറുകള്‍ അടച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. രാത്രി ഒമ്പതു മണിയോടെ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. നിലവില്‍ നാലു ഷട്ടറുകള്‍ ആണ് തുറന്നത്. 30 സെന്റിമീറ്റര്‍ വീതമാണ് തുറന്നത്. സെക്കന്റില്‍ 1600 ഘനയടി വെള്ളമാണ് തുറന്നു വിടുന്നത്. അതിനിടെ, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്ന് വീണ്ടും തമിഴ്നാട് അറിയിച്ചു. തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകനാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാകും ജലനിരപ്പ് ഉയര്‍ത്തുക. അതിന് മുമ്പ് അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ ജോലികള്‍ പൂര്‍ത്തിയാക്കും. മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി ഇത് സംബന്ധിച്ച് കൂടിയാലോചന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

🔳കനത്ത മഴയില്‍ ജല നിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആളിയാര്‍ ഡാമിന്റെ പതിനൊന്ന് ഷട്ടറുകളും തുറന്നു. ചിറ്റൂര്‍ പുഴയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ചിറ്റൂരിലും സമീപ പ്രദേശത്തുമുള്ളവര്‍ക്ക് പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുഴയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.രാത്രി 11 മണിയോട് കൂടിയാണ് ആളിയാര്‍ ഡാം തുറന്നത്.

🔳ഏറ്റവും മികച്ച രീതിയില്‍ കൊവിഡ് ചികിത്സ നല്‍കിയ സംസ്ഥാനമാണ് കേരളം എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ലോകത്ത് തന്നെ ഇക്കാലത്ത് സൗജന്യ ഭക്ഷണം എല്ലാവരിലും എത്തിച്ചത് ഇവിടെ മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്രം സംസ്ഥാനത്തിന്റെ അധികാരത്തില്‍ കൈകടത്തുന്നുവെന്നും നികുതി വരുമാനം മുഴുവന്‍ കൈയ്യടക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും വിജയരാഘവന്‍ ആരോപിച്ചു.

🔳അട്ടപ്പാടി ശിശുമരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ച ഉദ്യോഗസ്ഥനെ പുറത്താക്കാന്‍ തീരുമാനമായെന്ന് റിപ്പോര്‍ട്ടുകള്‍. കോട്ടത്തറ ട്രൈബല്‍ വെല്‍ഫെയര്‍ ഓഫീസര്‍ ചന്ദ്രനെതിരെയാണ് നടപടി. പുറത്താക്കല്‍ ഉത്തരവ് ഇന്ന് പുറത്തിറങ്ങും.കോട്ടത്തറ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടേതാണ് തീരുമാനം. ഇ എം എസ് ആശുപത്രിക്ക് റഫറല്‍ ചികിത്സയ്ക്ക് 12 കോടി നല്‍കിയത് ചന്ദ്രന്‍ സ്ഥിരീകരിച്ചിരുന്നു.

🔳തൃക്കാക്കര നഗരസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ചെയര്‍പേഴ്സണ്‍ അജിതാ തങ്കപ്പന്‍ അടക്കമുള്ളവര്‍ക്ക് പരിക്ക് ഏറ്റു. രാവിലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിനിടെ ആണ് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടിയത്. അജണ്ടയില്‍ ഇല്ലാത്ത വിഷയം അവതരിപ്പിക്കാന്‍ ശ്രമിച്ചതാണ് പ്രതിപക്ഷ ബഹളത്തിന് കാരണമായത്. ചെയര്‍പേഴ്സന്റെ മുറിയുടെ ഒരു പൂട്ട് മാറ്റിയതിനെ ചൊല്ലിയുള്ള അജണ്ടയാണ് കൗണ്‍സില്‍ യോഗത്തിലെ കയ്യാങ്കളിക്ക് കാരണം.

🔳ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ദര്‍ശനം അനുവദിക്കണം. സന്നിധാനത്ത് എത്തുന്നവര്‍ക്ക് 12 മണിക്കൂര്‍ വരെ കഴിയാന്‍ മുറികള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നെയ്യഭിഷേകം സാധാരണ രീതിയിലാക്കണം. നീലിമല വഴി ഭക്തരെ അനുവദിക്കണം. ജലനിരപ്പ് കുറയുന്നതനുസരിച്ച് പമ്പയില്‍ സ്നാനം അനുവദിക്കണമെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന ആവശ്യത്തില്‍ അടുത്ത അവലോകന യോഗത്തില്‍ തീരുമാനമുണ്ടായേക്കും.

🔳'മരക്കാര്‍' സിനിമയുടെ തിയറ്റര്‍ റിലീസിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അനാവശ്യമെന്ന് മോഹന്‍ലാല്‍. ചിത്രം ഒടിടി പ്ലാറ്റ്ഫോമിന് നല്‍കിയിരുന്നില്ലെന്നും തിയറ്റര്‍ റിലീസ് എന്നത് തീരുമാനിച്ച ശേഷമാണ് ഒടിടിയുമായി കരാര്‍ ഒപ്പിട്ടതെന്നും മോഹന്‍ലാല്‍ പറഞ്ഞു. തിയറ്റര്‍ റിലീസിനു ശേഷം ചിത്രം ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രഖ്യാപന സമയം മുതല്‍ സിനിമാപ്രേമികള്‍ക്കിടയില്‍ കൗതുകമുണര്‍ത്തിയിരുന്ന മരക്കാര്‍ നാളെ റിലീസ് ചെയ്യും

🔳തമിഴ്നാട്ടില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീട്ടി. ഡിസംബര്‍ 15 വരെയാണ് നിയന്ത്രണങ്ങള്‍ നീട്ടിയത്. കേരളത്തിലേക്ക് പൊതുഗതാഗത സര്‍വീസുകള്‍ ആരംഭിക്കാനും തമിഴ്നാട് അനുമതി നല്‍കി. നിലവില്‍ അയല്‍ സംസ്ഥാനങ്ങളായ ആന്ധ്രയിലേക്കും കര്‍ണാടകയിലേക്കും ബസ് സര്‍വീസുകള്‍ ഉണ്ടായിരുന്നെങ്കിലും കേരളത്തിലേക്കും തമിഴ്നാട്ടിലേക്ക് തിരിച്ചും ബസ് സര്‍വീസുകള്‍ ഉണ്ടായിരുന്നില്ല. കെഎസ്ആര്‍ടിസി ബസുകള്‍ക്കും ചെന്നൈയില്‍ നിന്നടക്കമുള്ള സ്വകാര്യ ബസുകള്‍ക്കും ഇനി കേരളത്തിലേയ്ക്ക് സര്‍വീസ് നടത്താം.

🔳ഐഎസ്എല്ലില്‍ ഗോള്‍ മഴ കണ്ട പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെ മറികടന്ന് ഒഡീഷ എഫ്‌സി.നാലിനെതിരെ ആറു ഗോളുകള്‍ക്കായിരുന്നു ഒഡീഷയുടെ വിജയം. ആദ്യ പകുതില്‍ ഒഡീഷ 3-1ന് മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ അരിദായ് കാര്‍ബെറയിലൂടെ 4-1 ലീഡെടുത്ത ഒഡീഷക്കെതിരെ അവിശ്വസനീയമായി തിരിച്ചടിച്ച ഈസ്റ്റ് ബംഗാള്‍ 81-ാം മിനിറ്റില്‍ തോങ്കോയ്സിംഗ് ഹോയ്ക്കിലൂടെ ഒരു ഗോള്‍ മടക്കി.

🔳ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ അന്തിമ പട്ടികയായി. ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണി ഉള്‍പ്പെടെ നാലു കളിക്കാരെ നിലനിര്‍ത്തി. ധോണിക്ക് പുറമെ രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്ക്വാദ്, മൊയീന്‍ അലി എന്നിവരെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പേസ് ബൗളര്‍ ജസ്പ്രീത് ബുമ്ര, ഓള്‍ റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡ്, ബാറ്റര്‍ സൂര്യകുമാര്‍ യാദവ് എന്നിവരെയാണ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയതെന്ന് ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. മുംബൈയുടെ ഓള്‍ റൗണ്ടറായ ഹാര്‍ദ്ദിക് പാണ്ഡ്യയെ ടീം കൈവിട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്പിന്നര്‍ റാഷിദ് ഖാനെ കൈവിട്ട ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് പുറമെ ജമ്മു കാശ്മീര്‍ താരം അബ്ദുള്‍ സമദിനെയും ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ പേസ് വിസ്മയം ഉമ്രാന്‍ മാലിക്കിനെയുമാണ് നിലനിര്‍ത്തിയതെന്ന് ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. നായകന്‍ കെ എല്‍ രാഹുലിനെ പഞ്ചാബ് കൈവിട്ടപ്പോള്‍ രാഹുലിന്റെ സഹ ഓപ്പണറായ മായങ്ക് അഗര്‍വാളിനെയും ഇടം കൈയന്‍ പേസര്‍ അര്‍ഷദീപ് സിംഗിനെയുമാണ് പഞ്ചാബ് നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണ്‍ വരെ ബാംഗ്ലൂരിനെ നയിച്ച വിരാട് കോലിക്കും ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ര്‍ മാക്സ്വെല്ലിനും പുറമെ പേസ് ബൗളര്‍ മുഹമ്മദ് സിറാജിനെയാണ് ബാംഗ്ലൂര്‍ മൂന്നാമതായി നിലനിര്‍ത്തിയതെന്ന് ഇന്‍എസ്പിഎന്‍ ക്രിക്കിന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാന്‍ റോയല്‍സ് മലയാളി താരം സഞ്ജു സാംസണെ ഒന്നാമത്തെ കളിക്കാരനായി നിലനിര്‍ത്തി. എന്നാല്‍ മൂന്ന് കളിക്കാരെ മാത്രം നിലനിര്‍ത്തിയതിനാല്‍ സഞ്ജുവിന് 14 കോടി രൂപയാകും പ്രതിഫലം. ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയ മറ്റു കളിക്കാര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ട് വിദേശ താരങ്ങളെയും രണ്ട് ഇന്ത്യന്‍ താരങ്ങളെയുമാണ് നിലനിര്‍ത്തിയത്. ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസല്‍, വെങ്കടേഷ് അയ്യര്‍, മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി, സ്പിന്നര്‍ സുനില്‍ നരെയ്ന്‍ എന്നിവരെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിര്‍ത്തിയത്. ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്ത്, അക്സര്‍ പട്ടേല്‍, ഓപ്പണര്‍ പൃഥ്വി ഷാ, ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോര്‍ട്യ എന്നിവരെ നിലനിര്‍ത്തി.

🔳കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്സിനെ നയിച്ച കെ എല്‍ രാഹുലിനും സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കളിച്ച അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനും ഒരു വര്‍ഷത്തെ വിലക്കിന് സാധ്യതതയെന്ന് റിപ്പോര്‍ട്ട്. നിലനിര്‍ത്തുന്ന കളിക്കാരുടെ അന്തിമ പട്ടിക പുറത്തുവിടുന്നതിന് മുമ്പെ പുതിയ ഫ്രാഞ്ചൈസിയായ ലക്നോ ടീമുമായി ബന്ധപ്പെട്ടുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.

🔳കേരളത്തില്‍ ഇന്നലെ 59,524 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 4723 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 158 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 40,132 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4393 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 292 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5370 പേര്‍ രോഗമുക്തി നേടി. ഇതോടെ 43,663 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം 592, തൃശൂര്‍ 492, കൊല്ലം 355, കണ്ണൂര്‍ 337, കോട്ടയം 271, മലപ്പുറം 211, വയനാട് 206, ഇടുക്കി 199, പാലക്കാട് 189, പത്തനംതിട്ട 169, ആലപ്പുഴ 150, കാസര്‍ഗോഡ് 79.

🔳ആഗോളതലത്തില്‍ ഇന്നലെ 5,51,996 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 85,469 പേര്‍ക്കും ഇംഗ്ലണ്ടില്‍ 39,716 പേര്‍ക്കും റഷ്യയില്‍ 32,648 പേര്‍ക്കും തുര്‍ക്കിയില്‍ 25,216 പേര്‍ക്കും ഫ്രാന്‍സില്‍ 47,177 പേര്‍ക്കും ജര്‍മനിയില്‍ 55,880 പേര്‍ക്കും നെതര്‍ലാന്‍ഡില്‍ 22,154 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 26.29 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.03 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7,028 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1182 പേരും റഷ്യയില്‍ 1,229 പേരും ജര്‍മനിയില്‍ 485 പേരും പോളണ്ടില്‍ 526 പേരും ഉക്രെയിനില്‍ 561 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 52.32 ലക്ഷമായി.

🔳രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകള്‍ മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ 31 ശതമാനവും ഒരു കോടി രൂപക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവരുടേത്. അഞ്ച് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള നിക്ഷേപകരുടെ ആസ്തി 29 ശതമാനമാണ്. ഇതുപ്രകാരം ഒരു കോടി രൂപയ്ക്ക് താഴെ വാര്‍ഷിക വരുമാനമുള്ളവരുടെ ആസ്തി 70 ശതമാനത്തോളം വരും. അതേസമയം, അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ (ആംഫി)യുടെ കണക്ക് സര്‍ക്കാര്‍ വ്യക്തമാക്കയതിനേക്കാള്‍ കുറവാണ്. 2017 മാര്‍ച്ച് അവസാനത്തെ 1.19 കോടിയില്‍ നിന്ന് ഈവര്‍ഷം ജൂണ്‍ ആയപ്പോഴേക്കും കോടി രൂപ വരുമാനമുള്ള നിക്ഷേപകരുടെ എണ്ണം 2.39 കോടിയായെന്നാണ് ആംഫിയുടെ കണക്കുകള്‍.

🔳പേടിഎം പേയ്മെന്റ്‌സ് ബാങ്ക് ലിമിറ്റഡ് പുതിയ പേടിഎം ട്രാന്‍സിറ്റ് കാര്‍ഡ് അവതരിപ്പിച്ചു. മെട്രോ, റെയില്‍, ബസ് തുടങ്ങിയ യാത്രാ മാര്‍ഗങ്ങള്‍ക്കും ടോള്‍-പാര്‍ക്കിങ് ചാര്‍ജ് നല്‍കാനും ഈ കാര്‍ഡ് ഉപയോഗിക്കാം. വ്യാപാര സ്ഥാപനങ്ങളില്‍ ഓഫ്ലൈന്‍ പേയ്മെന്റുകള്‍ക്കും ഓണ്‍ലൈന്‍ ഷോപ്പിങ്ങിനും മറ്റ് അനേക ആവശ്യങ്ങള്‍ക്കും കാര്‍ഡ് ഉപകരിക്കും. എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാനും കാര്‍ഡ് ഉപയോഗിക്കാം. ഉപഭോക്താക്കള്‍ക്ക് പലവിധ ആവശ്യങ്ങള്‍ക്കായി ഒന്നിലധികം കാര്‍ഡുകള്‍ കൊണ്ടുനടക്കേണ്ട അവസ്ഥ ഒഴിവാകും. എല്ലാ പേയ്മെന്റുകള്‍ക്കും പേടിഎം ട്രാന്‍സിറ്റ് കാര്‍ഡ് ഉപയോഗിക്കാം.

🔳ബിസ്‌ക്കറ്റ് കിംഗ്' എന്ന അറിയപ്പെട്ടിരുന്ന രാജന്‍ പിള്ളയുടെ ജീവിതം ഹിന്ദിയില്‍ വെബ് സീരീസ് ആകുന്നു. പൃഥ്വിരാജ് ആണ് സീരീസില്‍ രാജന്‍ പിള്ളയായി അഭിനയിക്കുക. പൃഥ്വിരാജ് തന്നെയാണ് സീരിസ് സംവിധാനവും ചെയ്യുക. ജുഡിഷ്യന്‍ കസ്റ്റഡിയില്‍ വെച്ചായിരുന്നു രാജന്‍ പിള്ള മരണമടഞ്ഞത്. മലയാളിയായ രാജന്‍ പിള്ള ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിനുവേണ്ടി നിക്ഷേപം നടത്തിയാണ് വ്യവസായ ജീവിതം ആരംഭിച്ചത്. സിംഗപ്പൂരിലെ സാമ്പത്തികകുറ്റങ്ങള്‍ക്ക് ഇന്ത്യയില്‍ തടവിലാക്കപ്പെട്ട രാജന്‍പിള്ള ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വെച്ച് മരണമടഞ്ഞു. തുടര്‍ന്നുള്ള വിവാദങ്ങളും അന്വേഷണങ്ങളും ജയില്‍ പരിഷ്‌കരണത്തിന് വഴിവെച്ചു. രാജന്‍ പിള്ളയുടെ സംഭവബഹുലമായ ജീവിതമാണ് സീരീസില്‍ പറയുക.

🔳രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ചിത്രമാണ് 'ബ്രഹ്‌മാസ്ത്ര'. അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. 'ബ്രഹ്‌മാസ്ത്ര'യെന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള അമിതാഭ് ബച്ചന്റെയും രണ്‍ബിര്‍ കപൂറിന്റെയും ഫോട്ടോകള്‍ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍. അയന്‍ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആലിയ ഭട്ട് ചിത്രത്തില്‍ നായികയായി എത്തുന്നു. നാഗാര്‍ജുനയും 'ബ്രഹ്‌മാസ്ത്ര'യെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ഡിംപിള്‍ കപാഡിയയാണ് ചിത്രത്തില്‍ മറ്റൊരു കഥാപാത്രമായി എത്തുന്നത്.

🔳രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിര്‍മാതാക്കളായ ബജാജ് തങ്ങളുടെ ഇലക്ട്രിക് ഇരുചക്ര വാഹന ശ്രേണി വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നു. 2020 ജനുവരിയില്‍ ബജാജ് ചേതക് ഇ-സ്‌കൂട്ടര്‍ പുറത്തിറക്കിയിരുന്നു. സ്റ്റേറ്റ് സബ്സിഡിയ്ക്കൊപ്പം, പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില ഏകദേശം 1.23 ലക്ഷം രൂപയാണ്. അതേസമയം ഒരു ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഒല എസ് 1യെ അപേക്ഷിച്ച് താരതമ്യേന ചെലവേറിയതാണ് ഇത്. ഇതിനെതിരെ മത്സരിക്കുന്നതിനായി, ബജാജ് ഒരു ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഒരു പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ തയ്യാറാക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

🔳തെരുവുമാന്ത്രികനായ വാസുവപ്പനും അപ്പുണ്ണി, കുഞ്ഞുണ്ണി, കുഞ്ഞമ്മിണി എന്നീ കുട്ടികളും കുട്ടന്‍ എന്ന കുരങ്ങനും. ഭരണിയിലടയ്ക്കപ്പെട്ട കുട്ടിച്ചാത്തനെ എന്നന്നേക്കുമായി അടിമയാക്കുന്നതിനുവേണ്ടി മൂന്നുകുട്ടികളേയും തന്ത്രപൂര്‍വ്വം വശത്താക്കി ബലികൊടുക്കാനൊരുങ്ങുന്ന കിരാതന്‍ എന്ന മന്ത്രവാദി. ഇതിനിടയില്‍ അപ്പുണ്ണിയുടെ സഹായത്തോടെ രക്ഷപ്പെടുന്ന കുട്ടിച്ചാത്തന്‍ വാസുവപ്പന്റെ കൂടെച്ചേര്‍ന്ന് അതിശയകരമായ മാന്ത്രികവിദ്യകള്‍ കാണിച്ച് കാണികളെ സ്തബ്ധരാക്കുന്നു. 'കുട്ടിച്ചാത്തന്‍'. ജോസ് പി. മാതൃഭൂമി. വില 88 രൂപ.

🔳എ, ബി, ആര്‍ എച്ച് പ്ലസ് എന്നി രക്തഗ്രൂപ്പുകാര്‍ക്ക് കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനറിപ്പോര്‍ട്ട്. ഒ, എബി, ആര്‍എച്ച് നെഗറ്റീവ് രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക് ഇതിനുള്ള സാധ്യത കുറവാണെന്നും സര്‍ ഗംഗാ റാം ആശുപത്രിയുടെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യം പുതിയ വൈറസ് വകഭേദത്തിന്റെ ഭീഷണിയില്‍ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഫ്രോണ്ടിയേഴ്‌സ് ഇന്‍ സെല്ലുല്ലാര്‍ ആന്റ് ഇന്‍ഫക്ഷന്‍ മൈക്രോബയോളജി എന്ന ജേര്‍ണലില്‍ പഠന റിപ്പോര്‍ട്ട് വന്നത്. ബി രക്തഗ്രൂപ്പുകാരില്‍ പുരുഷന്മാര്‍ക്കാണ് സ്ത്രീകളെ അപേക്ഷിച്ച് രോഗം വരാന്‍ കൂടുതല്‍ സാധ്യത. 60 വയസിന് താഴെയുള്ളവരില്‍ എബി രക്ത ഗ്രൂപ്പുകാര്‍ക്ക് കോവിഡ് വരാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ രോഗം തീവ്രമാകാനോ, മരണകാരണത്തിനോ രക്തഗ്രൂപ്പുകളുമായി യാതൊരു ബന്ധവുമില്ലെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എ, ആര്‍എച്ച് പ്ലസ് രക്തഗ്രൂപ്പുകാര്‍ രോഗമുക്തി നേടാന്‍ സമയമെടുക്കുന്നുണ്ട്. എന്നാല്‍ ഒ, ആര്‍എച്ച് നെഗറ്റീവ് എന്നി രക്തഗ്രൂപ്പുകാര്‍ എളുപ്പത്തില്‍ രോഗമുക്തി നേടുന്നതായാണ് കണ്ടുവരുന്നതെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ കോവിഡും ബ്ലഡ് ഗ്രൂപ്പുകളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതല്‍ വ്യക്തത കിട്ടുന്നതിന് വിശദമായ പഠനം ഇനിയും ആവശ്യമാണ്. 2586 കോവിഡ് രോഗികളിലാണ് ആശുപത്രി പഠനം നടത്തിയത്.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only