14/12/2021

കുട്ടികളിലെ അപസ്മാരം : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
(VISION NEWS 14/12/2021)

കുട്ടികളില്‍ ചുരുക്കമായി മാത്രമേ അപസ്മാരം കാണാറുള്ളു. കുട്ടിക്കാലത്തു മാത്രമുള്ള അപസ്മാരങ്ങളുമുണ്ട്. ഇവ ഒരു പ്രായമെത്തുന്നതോടെ സ്വയം മാറിയെന്നും വരാം. എന്നാല്‍ ചിലയിനം അപസ്മാരങ്ങള്‍ക്ക് ചികിത്സ അത്യാവശ്യമായി വരാറുണ്ട്. ആദ്യ അപസ്മാര മൂര്‍ച്ഛ ഏതു പ്രായത്തിലാണുണ്ടായതെന്നതിന്റെ അടിസ്ഥാനത്തിലാണ് ബാല അപസ്മാരം എന്നും മുതിര്‍ന്നവരിലെ അപസ്മാരമെന്നും വേര്‍തിരിക്കുന്നത്.

12 വയസ്സിനു മുമ്പുണ്ടാകുന്ന അപസ്മാരത്തെയാണ് സാധാരണ ഗതിയില്‍ ബാല അപസ്മാരമായി പരിഗണിക്കുന്നത്. 12-16 വയസിനുള്ളിലുണ്ടാവുന്നവയെ ജുവനൈല്‍ എപ്പിലപ്‌സി എന്നും വിളിക്കുന്നു.

കുട്ടികളില്‍ പൊതുവെ കണ്ടുവരാറുള്ള സന്നിയാണ് അഭാവ സന്നി. ക്ലാസ്സിലിരിക്കുമ്പോഴും ആഹാരം കഴിക്കുന്ന നേരത്തുമൊക്കെ പെട്ടെന്നു വരാറുള്ള സന്നിയാണിത്. ഇത് വളരെ വലിയ പ്രശ്‌നങ്ങള്‍ സാധാരണ ഗതിയില്‍ ഉണ്ടാക്കാറില്ലെങ്കിലും പഠനത്തെ ദോഷകരമായി ബാധിച്ചേക്കാം. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

സന്നിയുണ്ടാവുമ്പോള്‍ തന്നെ വിശദ പരിശോധന നടത്തുക. അപസ്മാരമില്ലെന്ന് തീര്‍ച്ചപ്പെടുത്തിയാലും ഈ പരിശോധനയുടെ രേഖകളെല്ലാം ഭദ്രമായി സൂക്ഷിക്കണം. പനിയോടൊപ്പം സന്നി ഉണ്ടാവുന്നുവെങ്കില്‍ വിശദ പരിശോധന നടത്തേണ്ടതുണ്ട്. അപസ്മാരമുള്ള കുട്ടികളെ വെള്ളം തീ, യന്ത്രങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് അകറ്റി നിര്‍ത്തണം.

അപസ്മാരമുള്ള കുഞ്ഞിന്റെ ചേഷ്ടകളെല്ലാം വിശദമായും സൂക്ഷമമായും നിരീക്ഷിക്കണം. ഇവ വിശദമായിത്തന്നെ എഴുതിവെയ്ക്കുക, ഡോക്ടര്‍ക്ക് ഈ വിശദീകരണം നല്‍കുന്നത് രോഗനിര്‍ണ്ണയത്തിന് ഏറെ സഹായകമാവും. മരുന്ന് മുടക്കരുത്. ഉറക്കമൊഴിയാന്‍ അനുവദിക്കരുത്.

കുട്ടികളുടെ പെരുമാറ്റങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും എന്തെങ്കിലും പ്രശ്‌നമുണ്ടെന്നു തോന്നിയാല്‍ രക്ഷകര്‍ത്താക്കളെ അറിയിക്കാനും അദ്ധ്യാപകര്‍ ശ്രദ്ധിക്കണം. അപസ്മാരമുള്ള കുട്ടികളോട് വിവേചനങ്ങള്‍ പാടില്ല. മറ്റുള്ളവര്‍ അവരെ കളിയാക്കാതെ ശ്രദ്ധിക്കണം. ചികിത്സ പാതിവഴിയില്‍ ഉപേക്ഷിക്കരുത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only