10/12/2021

ആരെയും അത്ഭുതപ്പെടുത്തും കോഴിക്കോട് ഓമശ്ശേരിയിലെ ഈ വീട്
(VISION NEWS 10/12/2021)
രണ്ട് കിടപ്പുമുറികളോട് കൂടിയ ലളിതമായ ഒരുനില വീട് വേണമെന്നാണ് ഡിസൈനറായ സാലിഹിനെ വീട് പണിയേൽപ്പിക്കുമ്പോൾ കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ ഷറഫുദീൻ ആവശ്യപ്പെട്ടത്.കർഷക ദമ്പതിമാരായ ഷറഫുദീന്റെയും ഭാര്യ അഫീഫയുടെയും ആഗ്രഹത്തിന് അനുസരിച്ച് ചെലവ് കുറഞ്ഞ രീതിയിൽ ലാളിത്യം നിറഞ്ഞ വീടാണ് സാലിഹിന്റെ നേതൃത്വത്തിലുള്ള മാക് എൻജിനീയേഴ്സ് ആൻഡ് ബിൽഡേഴ്സ് നിർമിച്ചു നൽകിയത്.

2020 ഒക്ടോബറിലാണ് വീടിന്റെ നിർമാണം തുടങ്ങിയത്. 2021 നവംബറിൽ പാലുകാച്ചൽ ചടങ്ങ് നടത്തി.
സമീപത്തെ 'എൽ' ആകൃതിയിലുള്ള റോഡിന് അനുസൃതമായാണ് വീടിന്റെ നിർമാണം. രണ്ട് ദിശകളിൽനിന്ന് കാഴ്ച ലഭിക്കുന്നത് കൊണ്ട് സിറ്റൗട്ട് രണ്ട് മുഖങ്ങളോടു കൂടിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ആറ് സെന്റ് സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്. 700 ചതുരശ്ര അടിയാണ് ആകെ വിസ്തീർണം. സ്റ്റൗട്ട്, ലിവിങ് കം ഡൈനിങ് ഏരിയ, കിടപ്പുമുറികൾ, ഒരു കോമൺ ടോയ്ലറ്റ്, അടുക്കള, വർക്ക് ഏരിയ എന്നിവയാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ഈ സ്ഥലത്ത് ആദ്യമുണ്ടായിരുന്ന വീടിന്റെ തറ പൊളിച്ച് അതിന്റെ കരിങ്കല്ല് ഉപയോഗിച്ചാണ് പുതിയ വീടിന്റെ തറ കെട്ടിയത്. ബേസ്മെന്റ് വെട്ടുകല്ല് ഉപയോഗിച്ചും നിർമിച്ചു.

മണ്ണുകൊണ്ടുള്ള ഇന്റർലോക്ക് ഇഷ്ടികകൊണ്ടാണ് വീടിന്റെ മുഴുവൻ നിർമാണവും. വീടിന് മുഴുവനായും ലിന്റൽ നൽകിയിട്ടുണ്ട്. സിറ്റൗട്ടിന്റെയും കിച്ചന്റെയും റൂഫിങ് കോൺക്രീറ്റ് ചെയ്തു. ശേഷിക്കുന്ന ഭാഗം ട്രെസ് വർക്ക് ചെയ്ത് ഓടുപാകി. പഴയ ഓട് വാങ്ങി വൃത്തിയാക്കിയശേഷം പെയിന്റ് അടിച്ച് പാകുകയായിരുന്നു.

വീടിന്റെ ജനലുകളും വാതിലുകളും കട്ടിലുൾപ്പടെയുള്ള ഫർണിച്ചറുകളും തടിയിൽ തന്നെയാണ് തീർത്തത്. മഹാഗണിയുടെ തടിയാണ് ഇതിനായി ഉപയോഗിച്ചത്. ജനലുകളും വാതിലുകളും ഫർണിച്ചറുകളും തടിയിൽ തന്നെ നിർമിക്കണമെന്ന് ഷറഫുദീന് താത്പര്യമുണ്ടായിരുന്നു.
വിട്രിഫൈയ്ഡ് ടൈലുകളാണ് വീടിന്റെ ഫ്റോളിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്. എപോക്സി ചെയ്താണ് ടൈൽ വിരിച്ചിരിക്കുന്നത്. വായുവും വെളിച്ചവും പരമാവധി വീടിനുള്ളിലേക്ക് കയറുന്ന വിധത്തിൽ വിശാലമായ ജനലുകളാണ് നൽകിയിരിക്കുന്നത്.

ഗ്യാസ്, ഇൻഡക്ഷൻ കുക്കർ എന്നിവ വയ്ക്കുന്ന തരത്തിലാണ് അടുക്കള ഡിസൈൻ ചെയ്തിരിക്കുന്നത്. അടുക്കളയ്ക്ക് പുറത്തായി പുകയുള്ള അടുപ്പ് സജ്ജീകരിച്ചിട്ടുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only