30/12/2021

ഒരേസമയം അമ്മയെയും മകളെയും പ്രണയിച്ചു, കാമുകി അറിഞ്ഞതോടെ മകളെ കൂട്ടി ഒളിച്ചോടി; അമ്മയെ കൊല്ലാൻ കൂട്ട് നിന്ന് മകളും
(VISION NEWS 30/12/2021)
ബംഗളുരു: കര്‍ണാടകയിലെ ഹൊസൂരിനെ ഞെട്ടിച്ച അർച്ചന റെഡ്ഢിയുടെ കൊലപാതകത്തിൽ കൂടുതൽ അറസ്റ്റ്. നവീന്‍, കൂട്ടാളി അനൂപ് എന്നിവരെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്‌തിരുന്നു. അർച്ചനയുടെ മകൾ യുവിക, നവീന്റെ സഹായികളായ സന്തോഷ് കുമാർ (29), നരേന്ദ്ര (30), ആനന്ദ് (29) എന്നിവരെയാണ് പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

ഒരേസമയം, അർച്ചനയെയും മകൾ യുവികയെയും പ്രണയിച്ച നവീൻ, മകളെ സ്വന്തമാക്കാനായി അർച്ചനയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് മകൾ കൂട്ടുനിൽക്കുകയും ചെയ്തു എന്നാണു പോലീസ് കണ്ടെത്തൽ.
മൂന്നു തവണ വിവാഹം കഴിച്ച അര്‍ച്ചന റെഡ്ഡിയുടെ കുടുംബ ജീവിതം അത്ര സുഖകരമായിരുന്നില്ല. ആദ്യം അരവിന്ദ് എന്നയാളെയാണ് അര്‍ച്ചന വിവാഹം കഴിച്ചത്. പത്ത് വര്‍ഷം നീണ്ട ഈ ബന്ധത്തില്‍ അര്‍ച്ചനയ്‌ക്ക് യുവിക റെഡ്ഡി, ട്രിവിഡ് എന്നീ രണ്ട് മക്കളുണ്ട്.

റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ ഏര്‍പ്പെട്ടിരുന്ന അര്‍ച്ചനയുടെ രണ്ടാം വിവാഹബന്ധം രണ്ടുവര്‍ഷം മുമ്പ് വേര്‍പെടുത്തിയിരുന്നു. അടുത്തിടെ നവീനുമായി അടുപ്പത്തിലായി. അര്‍ച്ചനയുടെ മകള്‍ യുവികയ്ക്ക് പരിശീലനം നല്‍കുന്നതിന് വേണ്ടിയാണ് ബോഡി ബില്‍ഡര്‍ കൂടിയായ നവീനെ വീട്ടിലേക്ക് വരുത്തിയത്. അമ്മയുടെ കാമുകനാണ് എന്ന് അറിഞ്ഞിട്ടും യുവിക നവീനുമായി അടുത്തു. അർച്ചനയുടെ സ്വത്തായിരുന്നു നവീന്റെയും ലക്ഷ്യം.

അര്‍ച്ചനയുമായി ലിവിങ് ടുഗദർ ബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതിനിടെ നവീൻ – യുവിക ബന്ധം വളർന്നു. ഇതോടെ, അർച്ചനയുടെ നവീൻ അകന്നു. തന്റെ പങ്കാളി മകളുമായി അടുപ്പത്തിലാണെന്ന് അറിഞ്ഞ അർച്ചന ഇരുവരെയും താക്കീത് ചെയ്തു. ഇത് വകവെക്കാതെ നവീന്‍ യുവികയുമായുള്ള അടുപ്പം തുടരുകയായിരുന്നു. തുടർന്ന് നവീനെതിരെ കഴിഞ്ഞ മാസം 11ന് ജിഗനി പോലീസ് സ്‌റ്റേഷനില്‍ അര്‍ച്ചന പരാതി നല്‍കി. 

പോലീസ് നവീനെ വിളിച്ചുവരുത്തി അര്‍ച്ചന റെഡ്ഡിയുടെ വീട്ടിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും സെക്ഷന്‍ 324 പ്രകാരം കേസെടുക്കുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം യുവികയെ വിളിച്ചിറക്കി നവീന്‍ നാട് വിടുകയായിരുന്നു. ഒളിച്ചോട്ടത്തിനു ശേഷം ഇവർ അർച്ചനയെ വിളിച്ച് സ്വത്ത് വേണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ, മകളുമായുള്ള അടുപ്പം അവസാനിപ്പിച്ച് അവളെ തിരികെ കൊണ്ടുവിട്ടില്ലെങ്കിൽ കൊന്നുകളയുമെന്ന് അർച്ചന നവീൻ ഷണി. ഇതോടെ അര്‍ച്ചന റെഡ്ഡിയെ കൊലപ്പെടുത്തുന്നതിനായി കൂട്ടാളി അനൂപുമായി ചേര്‍ന്ന് നവീൻ പദ്ധതി തയ്യാറാക്കി.

പദ്ധതി അനുസരിച്ച്‌ നവീനും അനൂപും ചേര്‍ന്ന് അര്‍ച്ചനയെ കൊലപ്പെടുത്തി. ഇക്കാര്യം യുവികയ്ക്കും അറിയാമായിരുന്നു. എന്നാൽ അര്‍ച്ചനയുടെ മകന്‍, നവീനെതിരെ പോലീസില്‍ പരാതി നല്‍കി. കൊലപാതകത്തില്‍ നവീന് പങ്കുണ്ടെന്നായിരുന്നു പരാതിയില്‍ വ്യക്തമാക്കിയത്. ഇതോടെ നവീനൊപ്പമുണ്ടായിരുന്ന യുവികയെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. കൊല നടത്തിയത് നവീന്‍ ആണെന്ന് യുവിക പോലീസിനോട് വ്യക്തമാക്കി. 

യുവികയുടെ പിൻബലത്തോടെയായിരുന്നു കൊലപാതകമെന്ന് പോലീസ് പറയുന്നു. അര്‍ച്ചനയെ കൊലപ്പെടുത്തിയത് സ്വത്തിനു വേണ്ടിയാണെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. അനൂപിനെയും നവീനിനെയും പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only