22/12/2021

പ്രഭാത വാർത്തകൾ
(VISION NEWS 22/12/2021)
🔳കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന് രോഗവ്യാപനതോത് മൂന്നിരട്ടി കൂടുതലെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വാര്‍ റൂമുകള്‍ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അപകടകരമായ നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കാമെന്ന ദീര്‍ഘവീക്ഷണത്തോടെ തയ്യാറെടുപ്പുകള്‍ നടത്താനാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ അയച്ച കത്തില്‍ വ്യക്തമാക്കുന്നത്.

🔳പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ബില്ല് ചിലര്‍ക്ക് വേദനയുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവാഹപ്രായം സംബന്ധിച്ചുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ സ്ത്രീകള്‍ സന്തോഷത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകളുടെ ശരിക്കുള്ള ശാക്തീകരണത്തിലാണ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കുന്നത്. ഞങ്ങള്‍ സ്ത്രീകളുടെ വിവാഹപ്രായം 21 വയസ് ആക്കുവാന്‍ പരിശ്രമിക്കുന്നു. അതിലൂടെ സ്ത്രീകള്‍ക്ക് പഠിക്കാനും പുരോഗമിക്കാനും സാധിക്കും. രാജ്യം അതിന്റെ പെണ്‍മക്കള്‍ക്കായി എടുത്ത തീരുമാനമാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു.

🔳പ്രതിപക്ഷ ബഹളത്തിനിടെ ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള ബില്ല് രാജ്യസഭയും പാസാക്കി. ആവശ്യമായ കൂടിയാലോചനയില്ലാതെയാണ് ബില്‍ അവതരിപ്പിക്കപ്പെട്ടതെന്നും സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയാണ് കേന്ദ്രം മുന്നോട്ട് പോയത്. പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്‍ പാസാക്കിയതിനാല്‍ ഇനി രാഷ്ട്രപതി ഒപ്പിട്ടാല്‍ ബില്‍ നിയമമാകും. ബില്ലിനോടുള്ള എതിര്‍പ്പ് പ്രകടിച്ചിച്ച് പ്രതിപക്ഷം രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

🔳രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. 2014-ന് മുന്‍പ് ''ലിഞ്ചിങ്'' എന്ന വാക്ക് കേള്‍ക്കാന്‍പോലും ഇല്ലായിരുന്നു. നന്ദി മോദിജീ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. അതേസമയം, രാഹുലിന്റെ ട്വീറ്റിന് മറുപടിയുമായി ബി.ജെ.പി. നേതാവ് അമിത് മാളവ്യ രംഗത്തെത്തി. ആള്‍ക്കൂട്ട ആക്രമണങ്ങളുടെ പിതാവ് രാജീവ് ഗാന്ധിയാണെന്ന് മാളവ്യ പറഞ്ഞു. വന്‍മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി അല്‍പം കുലുങ്ങുമെന്ന രാജീവിന്റെ വിവാദപ്രസ്താവനയുടെ ദൃശ്യം പങ്കുവെച്ചുകൊണ്ടായിരുന്നു മാളവ്യയുടെ ട്വീറ്റ്.

🔳കെ റെയില്‍ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. പരിസ്ഥിതിനാശത്തെ കുറിച്ചും നഷ്ടപരിഹാരത്തെ കുറിച്ചും കൃത്യമായ ഉത്തരം നല്‍കാന്‍ കേന്ദ്രത്തിന് കഴിയുന്നില്ലെന്നാണ് തരൂരിന്റെ കുറ്റപ്പെടുത്തല്‍. അതേസമയം കേരളത്തില്‍ കെ റെയില്‍ നടപ്പിലാക്കുന്നതിനെതിരായ പാര്‍ട്ടി നിലപാടിന് ഒപ്പം തരൂര്‍ നില്‍ക്കാത്തതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും അതൃപ്തിയുണ്ട്. പൊതുനയങ്ങളില്‍ വ്യക്തികളുടെ അഭിപ്രായത്തിന് പ്രാധാന്യമില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. പാര്‍ട്ടി നയത്തിന് പുറത്തേക്ക് തരൂര്‍ പോകില്ലെന്ന് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.

🔳ജീവിത വിജയത്തിനാവശ്യമായ അറിവും നൈപുണ്യവും പകര്‍ന്നുകൊടുത്താല്‍ യുവതലമുറ അദ്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരള-കേന്ദ്ര സര്‍വകലാശാലയില്‍ അഞ്ചാമത് ബിരുദദാനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

🔳രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളുടെ ഞെട്ടലില്‍ നില്‍ക്കുന്ന ആലപ്പുഴയില്‍ ഇന്നലെ സമാധാന യോഗം ചേര്‍ന്നു. സമാധാനം നിലനിര്‍ത്താന്‍ യോഗം ആഹ്വാനം ചെയ്തു. കൊലപാതകത്തിന്റെ തുടര്‍ച്ചയായി അക്രമം ഉണ്ടാവാതിരിക്കാന്‍ യോഗത്തില്‍ രാഷ്ട്രീയ നേതാക്കള്‍ തമ്മില്‍ തീരുമാനിച്ചു. കൊലപാതകികളെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മന്ത്രി സജി ചെറിയാന്‍ ഉറപ്പുനല്‍കി. കൊലപാതകത്തെ യോഗം ഒറ്റക്കെട്ടായി അപലപിച്ചു. പരാതികളുള്ളവര്‍ ജില്ലാ ഭരണകൂടത്തെ നേരിട്ട് അറിയിക്കണമെന്ന് യോഗത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

🔳ബിജെപി ജില്ലാ നേതാവും ഒബിസി മോര്‍ച്ചാ സംസ്ഥാന സെക്രട്ടറിയുമായിരുന്ന രഞ്ജിത്തിനെ വീട്ടില്‍ അതിക്രമിച്ച് കയറി കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ പ്രവര്‍ത്തകരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ആസിഫ്, നിഷാദ്, അലി, സുധീര്‍, അര്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്. മണ്ണഞ്ചേരിയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.

🔳കേരള കോണ്‍ഗ്രസ് ബി പിളര്‍ന്നു. ഔദ്യോഗിക വിഭാഗം തങ്ങളാണെന്ന വാദവുമായി വിമതര്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നു. ഗണേഷ്‌കുമാര്‍ ഏകപക്ഷീയമായി പെരുമാറുന്നുവെന്നാണ് വിമതരുടെ ആരോപണം. 114 സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ 88 പേര്‍ തങ്ങള്‍ക്കൊപ്പമാണെന്ന് അവകാശപ്പെടുന്ന വിമതര്‍ പുതിയ ചെര്‍പേഴ്‌സണായി ബാലകൃഷ്ണപിള്ളയുടെ മകള്‍ ഉഷ മോഹന്‍ദാസിനെ തിരഞ്ഞെടുത്തു. ഗണേഷ് സ്വയം പ്രഖ്യാപിത അധ്യക്ഷനാണെന്ന് ഉഷ മോഹന്‍ദാസ് കുറ്റപ്പെടുത്തി.

🔳ദേശീയ പാതയില്‍ ആലപ്പുഴ അരൂര്‍ മുതല്‍ തുറവൂര്‍ വരെ എലിവേറ്റഡ് ഹൈവേ വരുന്നു. 2022 ല്‍ പണി ആരംഭിച്ച് മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുന്ന രീതിയില്‍ പണി ആരംഭിക്കുമെന്നാണ് ആലപ്പുഴ എംപി എഎം ആരീഫ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുന്നത്. ദേശീയ പാത 66 ല്‍ 13 കിലോമീറ്റര്‍ ദൂരത്തിലാണ് എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കുന്നത്. ഈ ആറുവരി പാതയ്ക്കായുള്ള മണ്ണ് പരിശോധനയും പാതയുടെ ഡിസൈനും പൂര്‍ത്തിയായി എന്ന് ആരിഫ് എംപി പറയുന്നു.രാജ്യത്തെ ഏറ്റവും നീളമേറിയ ആകാശപാതയായിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്. നിലവിലുള്ള നാലുവരിപ്പാത നിലനിര്‍ത്തിക്കൊണ്ട് അതിന് മുകളിലൂടെ ആയിരിക്കും പുതിയ ആകാശ പാത വരുക. അതിനാല്‍ തന്നെ പുതിയ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കേണ്ടി വരില്ലെന്നും എംപി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

🔳ലക്ഷദ്വീപിലെ സ്‌കൂളുകള്‍ക്ക് ഇനി വെള്ളിയാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കും എന്ന് ഉത്തരവ്. ഒപ്പം ആഴ്ചയില്‍ ആറുദിവസം ക്ലാസ് ഉണ്ടായിരിക്കും. നേരത്തെ വെള്ളിയും ഞായറും ലക്ഷദ്വീപിലെ സ്‌കൂളുകള്‍ക്ക് അവധി ദിവസങ്ങളായിരുന്നു. പുതിയ സ്‌കൂള്‍ സമയം തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30വരെയും ഉച്ചയ്ക്ക് ശേഷം 1.30 മുതല്‍ വൈകീട്ട് 4.30വരെയും ആയിരിക്കും എന്നാണ് ഉത്തരവ് പറയുന്നത്. ആറ് ദശാബ്ദമായി ദ്വീപില്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ സ്‌കൂള്‍ തുടങ്ങിയ കാലം മുതല്‍ വെള്ളിയാഴ്ച അവധി ദിവസമായിരുന്നു എന്നാണ് ഇതിനെക്കുറിച്ച് പ്രതികരിച്ച ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ പ്രതികരിച്ചത്.

🔳കര്‍ണാടകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചു. ന്യൂനപക്ഷങ്ങളെ ഭീതിയിലാക്കാനുള്ള ഗൂഢലക്ഷ്യമാണ് ബില്ലിന് പിന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാര്‍ തീ കൊണ്ട് കളിക്കുകയാണെന്ന് ബെംഗ്ലൂരു ആര്‍ച്ച് ബിഷപ്പ് തുറന്നടിച്ചു. ബില്ലില്‍ നാളെയും ചര്‍ച്ച തുടരും. പ്രതിപക്ഷ ബഹളത്തിനിടെ, മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്ന ബില്ലാണ് സഭയില്‍ അവതരിപ്പിച്ചത്.

🔳കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടുകള്‍ ഹാക്ക് ചെയ്തു. പ്രിയങ്ക തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന അഖിലേഷ് യാദവിന്റെ ആരോപണത്തെ അടിവരയിട്ടുകൊണ്ടാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്.

🔳രാജ്യസഭ അധ്യക്ഷന്റെ ഇരിപ്പിടത്തിന് നേരെ റൂള്‍ ബുക്ക് വലിച്ചെറിഞ്ഞ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രിയാനെ സസ്പെന്റ് ചെയ്തു. തെരഞ്ഞെടുപ്പ് നിയമഭേദഗതി ബില്‍ ചര്‍ച്ചയ്ക്കിടയിലാണ് സംഭവം. ക്രമപ്രശ്നം ഉന്നയിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഒബ്രിയാന്‍ റൂള്‍ ബുക്ക് വലിച്ചെറിഞ്ഞത്. ഇപ്പോള്‍ നടന്നുവരുന്ന ശീതകാല സമ്മേളനത്തിലേക്കാണ് വിലക്ക്.

🔳വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റില്‍ കര്‍ണാടകയെ 151 റണ്‍സിന് തകര്‍ത്ത് തമിഴ്നാട് സെമിയിലെത്തി. ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് ഓപ്പണര്‍ എന്‍ ജഗദീശന്റെ സെഞ്ചുറിയുടെയും സായ് കിഷോര്‍, ഷാരൂഖ്ഖാന്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും മികവില്‍ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 354 റണ്‍സെടുത്തപ്പോള്‍ കര്‍ണാടക 39 ഓവറില്‍ 203ന് ഓള്‍ ഔട്ടായി.

🔳ഐഎസ്എല്ലില്‍ വിജയമറിയാത്ത നാലു മത്സരങ്ങള്‍ക്കുശേഷം പരിശീലകന്‍ ആന്റോണിയെ ഹബാസിനെ പുറത്താക്കി പുതിയ പരിശീലകന്‍ യുവാന്‍ ഫെറാണ്ടോക്ക് കീഴില്‍ ആദ്യ അങ്കത്തിനിറങ്ങിയ എടികെ മോഹന്‍ ബഗാന് വിജയത്തുടക്കം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് എടികെ വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിയത്.

🔳ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍നിന്ന് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്ത്. സെമി ഫൈനലില്‍ ജപ്പാനാണ് ഒളിമ്പിക്‌സ് വെങ്കലമെഡല്‍ ജേതാക്കള്‍ കൂടിയായ ഇന്ത്യയെ അട്ടിമറിച്ചത്. മൂന്നിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് ജപ്പാന്റെ വിജയം. ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലേക്ക് നേരിട്ട് യോഗ്യത നേടിയ ഇന്ത്യ ഞെട്ടിക്കുന്ന തോല്‍വിയോടെ മൂന്നാം സ്ഥാനത്തിനായി മത്സരിക്കും. ലൂസേഴ്‌സ് ഫൈനലില്‍ ചിരവൈരികളായ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളി.

🔳കേരളത്തില്‍ ഇന്നലെ 56,808 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2748 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 200 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 45,155 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 19 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2531 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 166 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3202 പേര്‍ രോഗമുക്തി നേടി. ഇതോടെ 28,035 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 500, കോഴിക്കോട് 339, എറണാകുളം 333, കോട്ടയം 310, തൃശൂര്‍ 244, കണ്ണൂര്‍ 176, കൊല്ലം 167, പത്തനംതിട്ട 166, വയനാട് 107, ആലപ്പുഴ 106, മലപ്പുറം 97, പാലക്കാട് 86, ഇടുക്കി 61, കാസര്‍ഗോഡ് 56.

🔳ആഗോളതലത്തില്‍ ഇന്നലെ 7,29,536 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 1,71,7661 പേര്‍ക്കും ഇംഗ്ലണ്ടില്‍ 90,629 പേര്‍ക്കും റഷ്യയില്‍ 25,907 പേര്‍ക്കും ഫ്രാന്‍സില്‍ 72,832 പേര്‍ക്കും ജര്‍മനിയില്‍ 35,010 പേര്‍ക്കും സ്പെയിനില്‍ 49,823 പേര്‍ക്കും ഇറ്റലിയില്‍ 30,798 ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 27.64 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.31 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 6846 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,632 പേരും റഷ്യയില്‍ 1,027 പേരും ജര്‍മനിയില്‍ 516 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 53.83 ലക്ഷമായി.

🔳ഏഷ്യയിലെ തന്നെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറന്‍സിയെന്ന ഖ്യാതിയോടെ വര്‍ഷാന്ത്യത്തിലേക്ക് കടക്കാനൊരുങ്ങി ഇന്ത്യന്‍ രൂപ. രാജ്യത്തെ സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ നിന്ന് വിദേശനിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍വലിഞ്ഞതോടെയാണ് രൂപയ്ക്ക് കനത്ത ഇടിവുണ്ടാകുന്ന സാഹചര്യമുണ്ടായത്. നിലവിലെ ത്രൈമാസത്തില്‍ രൂപയ്ക്ക് 2.2 ശതമാനം ഇടിവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്ന് 4 ബില്യണ്‍ ഡോളര്‍ ആഗോള ഫണ്ട് പിന്‍വലിച്ചതോടെയാണ് ശക്തമായ തിരിച്ചടിയുണ്ടായത്. മാര്‍ച്ച് അവസാനത്തോടെ രൂപയുടെ മൂല്യം ഡോളറിന് 78 രൂപയായി താഴും. 2020 ഏപ്രിലിലെ റെക്കോര്‍ഡ് ഇടിവിനെയും (76.9088) കടത്തിവെട്ടിയാവും ഇത്തവണത്തെ തകര്‍ച്ചയെന്ന് ക്വാന്റാര്‍ട്ട് മാര്‍ക്കറ്റ് സൊലൂഷന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തുടര്‍ച്ചയായ നാലാം വര്‍ഷവും നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്നും ഈ വര്‍ഷം 4 ശതമാനം ഇടിവുണ്ടാകുമെന്നുമാണ് ബ്ലൂംബര്‍ഗ് സര്‍വേയില്‍ പറയുന്നത്.

🔳മലേഷ്യന്‍ മള്‍ട്ടിനാഷണല്‍ ലോ കോസ്റ്റ് എയര്‍ലൈനായ എയര്‍ഏഷ്യക്ക് കീഴിലെ എയര്‍ ഏഷ്യ ഇന്ത്യ വിഭാഗം ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തേക്കും. ക്വാലാലംപൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എയര്‍ലൈന്‍ ആണിത്. എയര്‍ഏഷ്യ ഇന്ത്യ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ലയിപ്പിക്കും എന്നാണ് സൂചന. ദൈര്‍ഘ്യം കുറഞ്ഞ റൂട്ടുകളില്‍ കുറഞ്ഞ നിരക്കില്‍ സേവനം നല്‍കുന്ന ബജറ്റ് കാരിയറാണ് എയര്‍ ഏഷ്യ. എയര്‍ ഇന്ത്യ എക്‌സപ്രസിന്റെ മറ്റ് വിമാനങ്ങള്‍ക്കൊപ്പം അന്താരാഷ്ട്ര റൂട്ടുകളിലും കുറഞ്ഞ ചെലവില്‍ കാരിയര്‍ സര്‍വീസ് നടത്തിയേക്കും. ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നതോടെ കമ്പനി കുറഞ്ഞ ചെലവില്‍ അന്താരാഷ്ട്ര സര്‍വീസുകളും ലഭ്യമാക്കിയേക്കും.

🔳ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം 'സല്യൂട്ടി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ജനുവരി 14ന് ചിത്രം ഇന്ത്യയിലും പുറത്തുമുള്ള സ്‌ക്രീനുകളില്‍ എത്തും. ഒരു റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ ദുല്‍ഖര്‍ ആദ്യമായാണ് അഭിനയിക്കുന്നത്. അരവിന്ദ് കരുണാകരന്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥനായാണ് ദുല്‍ഖര്‍ സ്‌ക്രീനില്‍ എത്തുക. ബോബി- സഞ്ജയ് ആണ് തിരക്കഥ. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന പൊലീസ് സ്റ്റോറിയാണ് ചിത്രം. വേഫയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ തന്നെയാണ് നിര്‍മ്മാണം. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് നായിക.

🔳സുജിത് ലാലിന്റെ സംവിധാനത്തില്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ നായകനായെത്തുന്ന ചിത്രം രണ്ട് ഉടനെത്തും. ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. ബിനുലാല്‍ ഉണ്ണിയാണ് രചന. മാറിവരുന്ന ജാതിമത രാഷ്ട്രീയ പരിസരങ്ങളെയും ഭയങ്ങളെയും ആക്ഷേപഹാസ്യത്തില്‍ നോക്കിക്കാണുന്ന ചിത്രമാണ് രണ്ട് . എല്ലാ മനുഷ്യരെയും ഒരുപോലെ കാണാന്‍ ശ്രമിക്കുന്ന വാവ എന്ന ചെറുപ്പക്കാരനായ നാട്ടിന്‍പുറത്തുകാരന്റെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് രണ്ട്. അന്ന രേഷ്മ രാജന്‍, ടിനിടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്‌മാന്‍ , സുധി കോപ്പ , ശ്രീലക്ഷ്മി, മാല പാര്‍വ്വതി, മറീന മൈക്കിള്‍ , മമിത ബൈജു , പ്രീതി എന്നിവരഭിനയിക്കുന്നു.

🔳ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായ ഒഖിനാവ ഓട്ടോടെക് രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ ആഭ്യന്തര വില്‍പ്പന ഒരു ലക്ഷം പിന്നിട്ടു. ബ്രാന്‍ഡിന്റെ പ്രാദേശികമായി നിര്‍മ്മിക്കുന്ന ഐ പ്രെയിസ് പ്ലസ്, പ്രെയിസ് പ്രോ എന്നിവ ബ്രാന്‍ഡിന്റെ ആഭ്യന്തര വില്‍പ്പനയില്‍ സുപ്രധാന പങ്ക് വഹിച്ചതായും ഈ രണ്ടു മോഡലുകളും കമ്പനി വാര്‍ഷിക വില്‍പ്പനയുടെ 60-70 വിഹിതം വഹിച്ചതായും കമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒകിനാവ ഗാലക്‌സി എക്‌സ്പ്രിയന്‍സ് സെന്ററും കമ്പനി ആരംഭിച്ചിട്ടുണ്ട്. അവിടെ ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങളും അതിന്റെ നിര്‍മ്മാണത്തിന് പിന്നിലെ കഥയും അനുഭവിക്കാനാകും.

🔳അക്ഷരങ്ങളുടെ കരുത്തുകൊണ്ട് അനുവാചകരാല്‍ പ്രകീര്‍ത്തിക്കപ്പെട്ട എഴുത്തുകാരെയും അവരുടെ രചനകളെയും പഠനവിധേയമാക്കുന്ന സമാഹാരം. ഗാന്ധിജിയുടെ എന്റെ് സത്യാന്വേഷണ പരീക്ഷണങ്ങള്‍, ഒ എന്‍ വിയുടെ കാവ്യസങ്കല്പം, ഭാഷയില്‍ ലയത്വവും കാര്‍ക്കശ്യതയും സൃഷ്ടിച്ച കെ പി അപ്പന്റെ വിമര്‍ശനപാഠങ്ങള്‍, സുഗതകുമാരിയുടെ കവിതകളിലെ കൃഷ്ണസങ്കല്പം, സക്കറിയയുടെ രചനകളിലെ സൂക്ഷ്മാഖ്യാനങ്ങള്‍, അനുഭവങ്ങളുടെ കരുത്തുകൊണ്ട് ബുക്കര്‍ പുരസ്‌കാരം നേടിയ ഡെഗ്ലസ്സ് സ്റ്റുവര്‍ട്ടിന്റെ് രചനാപ്രപഞ്ചം തുടങ്ങി വ്യത്യസ്ത ഭാവനാലോകങ്ങളെ ഈ പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നു.
'രഹസ്യനവങ്ങളില്‍ പൂത്ത ഒറ്റമരം'. രതീഷ് ഇളമാട്. ഡിസി ബുക്സ്. വില 140 രൂപ.

🔳പ്രഭാതഭക്ഷണം എല്ലായ്‌പ്പോഴും ആരോഗ്യകരമായിരിക്കണം. പ്രോട്ടീനും ഫൈബറും ഉള്‍പ്പെടുത്തുന്നതോടൊപ്പം അന്നജത്തിന്റെ അളവ് കുറയ്ക്കുകയും വേണം. ഇത് വയറില്‍ കൊഴുപ്പ് അടിഞ്ഞു കൂടാതിരിക്കാന്‍ സഹായിക്കും. ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നാരുകള്‍ ധാരാളം അടങ്ങിയ ഉപ്പുമാവ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. റവ കൊഴുപ്പ് വളരെ കുറഞ്ഞതും നല്ല കൊളസ്ട്രോളും നല്ല കൊഴുപ്പും അടങ്ങിയതുമാണ്. പാചകം ചെയ്യുമ്പോള്‍ എണ്ണ വളരെ കുറച്ചു മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നു മാത്രം. പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന മികച്ച ഭക്ഷണമാണ് മുട്ട. ഇത് അന്നജവും ഫാറ്റും വളരെ കുറഞ്ഞ ഒന്നാണ്. പച്ചക്കറികള്‍ കൂടി ചേര്‍ത്ത് മുട്ട പൊരിച്ചോ അല്ലെങ്കില്‍ ഓംലെറ്റ് ആക്കിയോ കഴിക്കാം. ബ്രേക്ക്ഫാസ്റ്റ് ആരോഗ്യകരമാകാന്‍ ശ്രദ്ധിക്കുന്നതോടൊപ്പം കാലറിയും ശ്രദ്ധിക്കണം. യോഗര്‍ട്ട് പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കാല്‍സ്യവും പ്രോട്ടീനും യോഗര്‍ട്ടില്‍ ധാരാളം ഉണ്ട്. ഓട്സ് പാലില്‍ കുറുക്കിയത് ആരോഗ്യകരമായ പ്രഭാതഭക്ഷണമാണ്. ഗ്ലൈസെമിക് ഇന്‍ഡക്സ് കുറഞ്ഞ ഓട്സിനൊപ്പം പഴങ്ങളും ഡ്രൈഫ്രൂട്ട്സും എല്ലാം ചേര്‍ത്ത് കഴിക്കാവുന്നതാണ്. മധുരത്തിനായി പഞ്ചസാരയ്ക്കു പകരം തേന്‍ ചേര്‍ക്കാം. ഫൈബര്‍ ധാരാളമടങ്ങിയ ഒന്നാണ് കടലപ്പരിപ്പ്. ശരീരഭാരം കുറയ്ക്കാന്‍ പ്രോട്ടീന്‍ അടങ്ങിയ ഇത് സഹായിക്കും. കടലപ്പരിപ്പിനൊപ്പം പച്ചക്കറികളും ചേര്‍ത്ത് ആരോഗ്യകരവും പോഷകപ്രദവും ആയ പ്രഭാതഭക്ഷണം തയാറാക്കാം.

*ശുഭദിനം*

ആ കപ്പല്‍ അപകടത്തില്‍ പെട്ടു. കഷ്ടിച്ചാണ് അയാള്‍ രക്ഷപ്പെട്ടത്. ഒരു തടിക്കഷ്ണത്തില്‍ പിടിച്ച് കിടന്ന അയാള്‍ ജനവാസമില്ലാത്ത ഒരു ദ്വീപിലെത്തി. രക്ഷപ്പെടാന്‍ ഉപയോഗിച്ച തടിക്കഷ്ണം കൊണ്ട് അയാള്‍ ഒരു കുടിലുണ്ടാക്കി. പഴങ്ങളും വെള്ളവും തേടി അലഞ്ഞ് അത് ഭക്ഷിച്ചാണ് അയാള്‍ ജീവിച്ചിരുന്നത്. ഒരു ദിവസം ഭക്ഷണം തേടി തിരികെ വരുമ്പോള്‍ തന്റെ കുടില്‍ കത്തിയെരിയുന്നതാണ് അയാള്‍ കണ്ടത്. ആകെ നിരാശനായി അയാള്‍ കരഞ്ഞുതളര്‍ന്നു. ആരോ തന്റെ തോളില്‍ സ്പര്‍ശിച്ചതായി അയാള്‍ക്ക് തോന്നി. നോക്കിയപ്പോള്‍ കുറെയാളുകള്‍. 'ഞാന്‍ ഇവിടെ ഉണ്ടെന്ന് എങ്ങിനെ മനസ്സിലായി?' അയാള്‍ ചോദിച്ചു. അവര്‍പറഞ്ഞു: ഞങ്ങള്‍ ഈ ദ്വീപിനരികിലൂടെ സഞ്ചരിക്കുമ്പോള്‍ ആകാശത്തേക്കുയരുന്ന തീയും പുകയും കണ്ടു. അത് ആരുടേയോ സഹായാഭ്യര്‍ത്ഥനയാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ചിലപ്പോഴൊക്കെ ഉള്ളതുമുഴുവന്‍ നശിച്ചുപോകുന്നതായി നമുക്ക് അനുഭവപ്പെട്ടേക്കാം. പക്ഷേ, ഒന്ന് ശ്രദ്ധിച്ചാല്‍ പ്രതീക്ഷയുടെ പുതുനാമ്പുകള്‍ വിരിയുന്നത് നമുക്ക് കാണാം. ആരുമില്ലാത്തവരായി ആരും ഉണ്ടാകില്ല. കൂടപ്പിറപ്പുകളേയും കൂടെയുള്ളവരേയും കാണാതാകുമ്പോള്‍ ഒറ്റപ്പെട്ടു പോകുന്നതല്ല ജീവിതം. ഏത് ആപത്ഘട്ടത്തിലും നമ്മെ സഹായിക്കാന്‍ ചില അദൃശ്യകരങ്ങള്‍ നമുക്ക് ചുറ്റും കാണാം, നാം പോലും അറിയാതെ. ഉള്ളതുകത്തുമ്പോഴും ഉള്ളം ജ്വലിക്കാന്‍ നമുക്കാകട്ടെ - *ശുഭദിനം* .

🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only