12/12/2021

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു, പിന്നീട് പുനസ്ഥാപിച്ചു
(VISION NEWS 12/12/2021)
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട്  ഹാക്ക് ചെയ്യപ്പെട്ടു. ഇന്ന് പുർച്ചെയോടെയാണ് സംഭവം. കുറച്ച് സമയത്തേക്ക് അമ്പരപ്പുണ്ടായെങ്കിലും ട്വിറ്റർ ഇടപെട്ട് അക്കൗണ്ട് പുനസ്ഥാപിച്ചു. ബിറ്റ്‌കോയിൻ നിയമവിധേയമാക്കിയെന്ന ട്വീറ്റാണ് ഹാക്കർ, പ്രധാനമന്ത്രിയുടെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്.

ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി എന്നായിരുന്നു ഹാക്കർ പോസ്റ്റ് ചെയ്ത വ്യാജസന്ദേശം. "ഇന്ത്യ ഔദ്യോഗികമായി പണമിടപാടുകള്‍ക്ക് ബിറ്റ്കോയിന് അനുമതി നല്‍കി. 

കൂടാതെ കേന്ദ്രസര്‍ക്കാര്‍ 500 ബിറ്റ്കോയിനുകള്‍ വാങ്ങുകയും ചെയ്തിട്ടുണ്ട്. ഇത് രാജ്യത്തെ ജനങ്ങൾക്ക് വിതരണം ചെയ്യും." ഇതായിരുന്നു ട്വീറ്റ്. ഒരു വെബ്സൈറ്റിലേക്കുള്ള ലിങ്കും ട്വീറ്റിനൊപ്പം ചേർത്തിരുന്നു.
ഈ ട്വീറ്റ് പിന്നീട് ട്വിറ്റർ തന്നെ റിമൂവ് ചെയ്തു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ഉടൻ തന്നെ ട്വിറ്ററിനെ അറിയിച്ചാണ് വലിയൊരു തെറ്റിദ്ധാരണയിൽ നിന്ന് മുക്തി നേടിയത്. 

“പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റർ ഹാൻഡിൽ കുറച്ച് നേരത്തേക്ക് ഹാക്ക് ചെയ്യപ്പെട്ടു. വിഷയം ട്വിറ്ററിനെ അറിയിക്കുകയും അക്കൗണ്ട് ഉടൻ സുരക്ഷിതമാക്കുകയും ചെയ്തു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട സമയത്ത് വന്ന ട്വീറ്റുകള്‍ അവഗണിക്കുക,” പിഎംഒ ഇന്ത്യയുടെ ഭാഗത്ത് നിന്ന് വന്ന ഈ ട്വീറ്റാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിൽ സ്ഥിരീകരണം നൽകിയത്.
ഈ അക്കൗണ്ട് ഹാക്ക് ചെയ്തത് ജോൺ വിക്ക് ആണെന്ന മറ്റൊരു ട്വീറ്റും ഇതോടൊപ്പം ഉണ്ടായിരുന്നു. ഇത് പിന്നീട് പിൻവലിച്ചു. 

സംഭവത്തിൽ ഉന്നത തല അന്വേഷണം നടക്കും.
രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകരടക്കം നിരവധി പേരാണ് പ്രധാനമന്ത്രിയുടെ അക്കൗണ്ടില്‍ വന്ന ട്വീറ്റുകള്‍ പങ്കുവച്ചിട്ടുള്ളത്  

കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലാണ് ഇതിന് മുൻപ് പ്രധാനമന്ത്രിക്കെതിരെ ഹാക്കർമാർ ആക്രമണം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ വെബ്‌സൈറ്റിലേക്കും മൊബൈൽ ആപ്പിലേക്കും ലിങ്ക് ചെയ്‌തിട്ടുള്ള ട്വിറ്റർ അക്കൗണ്ടായിരുന്നു ഹാക്ക് ചെയ്തത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only