29/12/2021

പൊള്ളലേറ്റ് മരിച്ചത് വിസ്മയ? കട്ടിളയിൽ രക്തം,ദുരൂഹതയെന്ന് പൊലീസ്
(VISION NEWS 29/12/2021)
കൊച്ചി:വടക്കൻ പറവൂരിൽ വീടിനുള്ളിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. പറവൂർ പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ ശിവാനന്ദന്റെ വീട്ടിൽ ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് യുവതി പൊള്ളലേറ്റ് മരിച്ചത്. ശിവാനന്ദന്റെ രണ്ട് പെൺമക്കളിൽ ഒരാളാണ് മരിച്ചത്. ഒരാളെ കാണാനില്ല. ആരാണു മരിച്ചതെന്നു വ്യക്തമായിട്ടില്ല. സംഭവത്തിൽ സഹോദരിയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

പെൺകുട്ടികളുടെ അമ്മ നൽകിയ മൊഴി പ്രകാരം മൂത്ത മകൾ വിസ്മയയാണ് മരിച്ചത്. കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന ലോക്കറ്റ് തിരിച്ചറിഞ്ഞാണ് അമ്മ മൊഴി നൽകിയത്. എന്നാൽ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞതിനാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ മരിച്ചത് ആരെന്ന കാര്യം വ്യക്തമാകൂ.

യുവതികൾക്കിടയിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങൾ വീടിനുള്ളിൽനിന്നു പൊലീസിനു ലഭിച്ചിട്ടുണ്ട്. വീടിന്റെ കട്ടിളപ്പടിയിലും മറ്റും രക്തത്തുള്ളികൾ കണ്ടത് കൊലപാതകത്തിലേയ്ക്കു വിരൽ ചൂണ്ടുന്നുണ്ട്. എന്നാൽ ഇക്കാര്യവും സ്ഥിരീകരിക്കാൻ ജീവിച്ചിരിക്കുന്നയാളുടെ മൊഴി വേണ്ടി വരും. പ്രണയബന്ധം എതിർത്തതിനാൽ സഹോദരിയെ വകവരുത്തിയതെന്ന തരത്തിലുള്ള സംശയവും നിലനിൽക്കുന്നുണ്ട്.

തീപിടിത്തം നടന്ന വീടിന്റെ ചുറ്റിലുമായി ആറ് സിസിടിവികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നിലും യുവതി രക്ഷപെടുന്നതിന്റെ ദൃശ്യങ്ങളില്ല. പൂട്ടിക്കിടന്ന ഗേറ്റ് ചാടിക്കടന്നാണ് പെൺകുട്ടി പുറത്തു പോയതെന്നു കരുതുന്നു. വഴിയരികിലും മറ്റുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ യുവതി നടന്നു പോകുന്നതു കണ്ടിട്ടുണ്ട്. എന്നാൽ ഇത് ആരാണ് എന്നു വ്യക്തതയുള്ളതല്ല ദൃശ്യമെന്നു പൊലീസ് പറയുന്നു. എത്രയും പെട്ടെന്നു യുവതിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. 

ഇതിനിടെ കാണാതായെന്നു കരുതുന്ന സഹോദരി ജിത്തുവിന്റെ(22) കൈവശമുണ്ടെന്നു കരുതുന്ന മൊബൈൽ ഫോൺ വൈപ്പിൻ എടവനക്കാട് ലൊക്കേഷൻ കാണിച്ചിരുന്നു. തുടർന്ന് പൊലീസ് ആ ഭാഗത്ത് പരിശോധന നടത്തിയെങ്കിലും ഫോൺ ഓഫായതിനാൽ ഇവരെ കണ്ടെത്താനായില്ല. 

ഉച്ചയ്ക്ക് രണ്ടരയോടെ വീടിന് പുറത്ത് തീ കണ്ടുവെന്ന് അയൽവാസിയായ സ്ത്രീ പറയുന്നു. പിന്നീട് ഫയർഫോഴ്‌സെത്തിയാണ് തീ അണച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only