18/12/2021

തിക്കോടിയിൽ യുവതിയെ തീകൊളുത്തി കൊന്ന യുവാവും മരിച്ചു
(VISION NEWS 18/12/2021)
കോഴിക്കോട് തിക്കോടിയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച നന്ദു എന്ന നന്ദകുമാർ (31) മരിച്ചു. തിക്കോടി പള്ളിത്താഴം സ്വദേശി മോഹനന്റെ മകനാണ്. 99 ശതമാനം പൊള്ളലേറ്റ നന്ദു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ഇന്നലെയാണ് തിക്കോടി പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായിരുന്ന കൃഷ്ണപ്രിയയെ നന്ദകുമാർ തീകൊളുത്തി കൊലപ്പെടുത്തിയത്. ഇതിന് ശേഷം നന്ദകുമാറും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

കൃഷ്ണപ്രിയയെ നന്ദു ഏറെ നാളുകളായി ശല്യം ചെയ്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇന്നലെ രാവിലെ 9.50ന് തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു സംഭവം. കൃഷ്ണപ്രിയ പഞ്ചായത്ത് ഓഫീസിലേക്ക് ജോലിക്ക് കയറാനൊരുങ്ങുമ്പോഴാണ് നന്ദു തട‍ഞ്ഞു നിർത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. നിലവിളി കേട്ടെത്തിയ ജീവനക്കാരും നാട്ടുകാരും ചേർന്ന് തീ അണയ്ക്കുകയായിരുന്നു. ഉടനടി ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടർന്ന് വിദ്ഗദ്ധ ചികിൽസയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകീട്ട് അഞ്ച് മണിയോടെ കൃഷ്ണപ്രിയ മരിച്ചു. 

തീകൊളുത്തും മുൻപ് നന്ദു തന്നെ കുത്തിപ്പരിക്കേൽപ്പിച്ചതായും ആശുപത്രിയിൽ വച്ച് കൃഷ്ണപ്രിയ മൊഴി നൽകിയിരുന്നു. 90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.ഏറെ നാളായി കൃഷ്ണപ്രിയയുമായി പരിചയത്തിലായിരുന്ന നന്ദു സമീപകാലത്തായി പെൺകുട്ടിയ നിരന്തരം ശല്യം ചെയ്തിരുന്നതായി കുടുംബാംഗങ്ങളും അയൽവാസികളും പറ‍ഞ്ഞു. വസ്ത്രം ധരിക്കുന്നതിലും മുടി കെട്ടുന്നതിലുമടക്കം ഇയാൾ നിർദ്ദേശങ്ങൾ നൽകിയിരുന്നു. അടുത്തിടെ പെൺകുട്ടിയുടെ ഫോണും ഇയാൾ കൈവശപ്പെടുത്തി. കഴിഞ്ഞ ദിവസം വീട്ടിൽ വന്ന് പെൺകുട്ടിയേയും അച്ഛനെയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മാനഹാനി ഭയന്നാണ് പൊലീസിൽ പരാതി നൽകാതിരുന്നതെന്ന് നാട്ടുകാർ പറ‌ഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only