20/12/2021

രോഗം മാറാന്‍ നരബലി, കൊന്നത് ആറുമാസം പ്രായമുള്ള കുഞ്ഞിനെ; മലയാളി മന്ത്രവാദിയടക്കം പിടിയില്‍
(VISION NEWS 20/12/2021)ചെന്നൈ: രോഗം മാറാൻ ആറുമാസം പ്രായമുള്ള കുട്ടിയെ ബലിനൽകിയ സംഭവത്തിൽ മലയാളി മന്ത്രവാദിയടക്കം മൂന്നുപേർ തഞ്ചാവൂരിൽ അറസ്റ്റിലായി. പാലക്കാട് സ്വദേശിയായ മുഹമ്മദ് സലിം (48), തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശികളായ ഷർമിള ബീഗം (48), ഭർത്താവ് അസറുദ്ദീൻ (50) എന്നിവരാണ് പിടിയിലായത്.

അസറുദ്ദീന്റെ രോഗം മാറുന്നതിന് സലിമിന്റെ ഉപദേശപ്രകാരം ഷർമിള ബന്ധുവിന്റെ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. വിദേശത്തായിരുന്ന അസറുദ്ദീൻ രോഗത്തെ തുടർന്നാണ് നാട്ടിൽ തിരിച്ചെത്തിയത്. പല ചികിത്സകളും നടത്തിയെങ്കിലും ഫലം കാണാതെ വന്നതോടെ പുതുക്കോട്ട ജില്ലയിലെ കൃഷ്ണഞ്ചിപട്ടണത്ത് മന്ത്രവാദങ്ങൾ ചെയ്തുവന്ന സലിമിന്റെ ഉപദേശം തേടുകയായിരുന്നു. കോഴിയെയും ആടിനെയും ബലി നൽകാൻ നിർദേശിച്ച ഇയാൾ അത് ഫലം കണ്ടില്ലെങ്കിൽ നരബലി നടത്തണമെന്ന് നിർദേശിക്കുകയായിരുന്നു.

ആദ്യ രണ്ട് ബലികൊണ്ടും പ്രയോജനമുണ്ടാകാതെ വന്നതോടെ ഷർമിള തന്റെ സഹോദരിയുടെ മകൻ നസറുദ്ദീന്റെ ആറുമാസമുള്ള കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. ബുധനാഴ്ച രാത്രി നസറുദ്ദീന്റെ വീട്ടിലെത്തി ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്ത് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം വീടിന് പിന്നിലുണ്ടായിരുന്ന മത്സ്യപ്പെട്ടിയിൽ ഉപേക്ഷിച്ചു. കുട്ടിയുടെ കബറടക്കം കഴിഞ്ഞദിവസം നടത്തി. 

എന്നാൽ സംശയം തോന്നിയതിനെ തുടർന്ന് വില്ലേജ് ഓഫീസർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം പുറത്തെടുത്ത് വെള്ളിയാഴ്ച പോസ്റ്റ്മോർട്ടം നടത്തി. വീട്ടുകാരെയും ഷർമിള അടക്കം ബന്ധുക്കളെയും ചോദ്യം ചെയ്തതോടെ ബലി നൽകിയതാണെന്ന് തെളിയുകയായിരുന്നു. അഞ്ചുവർഷത്തിലേറെയായി കൃഷ്ണഞ്ചിപ്പട്ടണത്ത് മന്ത്രവാദം ചെയ്തുവന്നിരുന്ന സലിമിന്റെ ഉപദേശം തേടി ഒട്ടേറെ പേർ എത്താറുണ്ടെന്ന് പോലീസ് പറഞ്ഞു. 

നരബലി നൽകാൻ താൻ ഷർമിളയെ ഉപദേശിച്ചിട്ടില്ലെന്നും കോഴിയെയോ ആടിനെയോ ബലി നൽകാനാണ് നിർദേശിച്ചതെന്നുമാണ് ഇയാൾ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഷർമിളയുടെ മൊഴി ഇയാളുടെ നിർദേശപ്രകാരമാണ് കുട്ടിയെ ബലി നൽകിയതെന്നാണ്. അറസ്റ്റിലായ മൂന്നുപേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only