20/12/2021

‘ആരാധകരുടെ’ നടുവിൽ വയനാടൻ കൊമ്പൻമാർ
(VISION NEWS 20/12/2021)
സുൽത്താൻ ബത്തേരി: കുറുക്കൻമൂലയിലും കാട്ടിക്കുളത്തുമെല്ലാം കടുവയ്ക്കായി കാടിളക്കി തിരയുമ്പോൾ തിരച്ചിൽ സംഘത്തിൽ രണ്ടു താരങ്ങളുണ്ട്. കല്ലൂർ കൊമ്പനും വടക്കനാട്കൊമ്പനും. റിസർവ് വനത്തിലേക്ക് കടക്കുന്ന ഭാഗത്ത് തളച്ച കൊമ്പൻമാരുടെ പശ്ചാത്തലത്തിൽ സെൽഫിയും ഫോട്ടോയുമെടുക്കാൻ യാത്രക്കാരുടെയും സഞ്ചാരികളുടെയും ശ്രമമാണ് രാവിലെ.

ഒരുകാലത്ത് വനംവകുപ്പിന്റെ ഉറക്കംകളഞ്ഞ 'ഗജപോക്കിരി'കളാണ് കുറുക്കന്മൂലയിലെ വനംവകുപ്പിന്റെ ദൗത്യസംഘത്തിലെ ഈ സഹായികൾ. നൂൽപ്പുഴ പഞ്ചായത്തിലെ നാട്ടുകാരുടെ പേടിസ്വപ്നമായിരുന്നു കല്ലൂർ കൊമ്പനും വടക്കനാട് കൊമ്പനും. പിടികൂടി മെരുക്കിയ കൊമ്പൻമാരെയാണ് കുറുക്കന്മൂലയിലിറങ്ങി ഭീതിവിതച്ച കടുവയെ നിരീക്ഷിക്കാൻ വനംവകുപ്പ് കളത്തിലിറക്കിയത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് കല്ലൂർ കൊമ്പനും വടക്കനാട് കൊമ്പനും കാടിറങ്ങുന്നത് തടയാനും നാട്ടിലിറങ്ങുമ്പോൾ തുരത്താനും നീരീക്ഷണത്തിനുമൊക്കെയായി എണ്ണമില്ലാത്ത ദിവസങ്ങളാണ് വനംവകുപ്പ് ജീവനക്കാർ ഉറക്കമൊഴിച്ചത്. 

ഇന്ന് അതേ ജീവനക്കാർക്കൊപ്പം വനംവകുപ്പിന്റെ ദൗത്യസംഘത്തിലെ പ്രധാനാംഗങ്ങളായി മാറിയിരിക്കുകയാണ് ഈ കൊമ്പന്മാർ.

കുറുക്കന്മൂലയിലിറങ്ങിയ കടുവയെ പിടികൂടാൻ വൈകിയതിൽ വനംവകുപ്പ് ഉദ്യോഗസ്ഥരോട് നാട്ടുകാർ രോഷംകൊള്ളുമ്പോൾ, വനംവകുപ്പിനെതിരേയുള്ള ജില്ല കണ്ട വലിയ പ്രക്ഷോഭങ്ങൾക്കും സംഘർഷങ്ങൾക്കും കാരണക്കാരായിരുന്നു ഈ രണ്ട് കൊമ്പന്മാരുമെന്നതാണ് കൗതുകം. നൂൽപ്പുഴയിലെ വനാതിർത്തിഗ്രാമങ്ങളിലെ സ്ഥിരം ശല്യക്കാരായിരുന്ന ഈ കൊമ്പന്മാരെ വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടി, റേഡിയോ കോളർ ഘടിപ്പിച്ച് ഏറെക്കാലം നിരീക്ഷിച്ചിരുന്നു. പിന്നീടാണ് മയക്കുവെടിവെച്ച് പിടികൂടി, മുത്തങ്ങ ആനപ്പന്തിയിലെ പ്രത്യേക കൂട്ടിലടച്ച് കൊമ്പന്മാരെ മാസങ്ങളോളം നീണ്ട പ്രത്യേക പരിശീലനത്തിനൊടുവിൽ കുങ്കിയാനകളായി മാറ്റിയത്. 

ജനവാസകേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലുമിറങ്ങി വീരശൂര പരാക്രമങ്ങൾ കാണിച്ചുകൂട്ടിയ ഈ കൊമ്പന്മാരിന്ന് മര്യാദാരാമന്മാരാണ്, പകത്വയുള്ള നല്ല കുങ്കിയാനകൾ. കല്ലൂർ കൊമ്പനാണ് പക്ഷേ, ഇപ്പോഴും കുറുമ്പിത്തിരിയുള്ളത്. മയക്കുവെടിവെക്കുന്നതിൽ വിദഗ്ധനായ ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലാണ് ഈ രണ്ട് കൊമ്പന്മാരെയും പിടികൂടിയത്. 

കല്ലൂർ കൊമ്പൻ എന്ന ഭരതൻ എസ്.ഐ. 2016 നവംബർ 22-നാണ് കല്ലൂർ കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടിയത്. കല്ലൂർ ഗ്രാമത്തിലെ ജനവാസകേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും സ്ഥിരമായിറങ്ങി കുഴപ്പങ്ങൾ സൃഷ്ടിച്ചിരുന്ന കല്ലൂർ കൊമ്പന് ഭരതൻ എസ്.ഐ. എന്ന വിളിപ്പേരുകൂടിയുണ്ട്. കർഷകനെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിനെ തുടർന്നുണ്ടായ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് അന്നത്തെ വനംമന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടിയത്. ഒന്നു കയറിയും മറ്റൊന്ന് ഇറങ്ങിയുമുള്ള കൊമ്പാണെങ്കിലും നല്ല തലയെടുപ്പുള്ള ലക്ഷണമൊത്ത ആനയാണിത്. 

ഭരത് എന്നാണ് കല്ലൂർ കൊമ്പന് വനംവകുപ്പ് നൽകിയിട്ടുള്ള പേര്. വടക്കനാട് കൊമ്പൻ എന്ന വിക്രം ആക്രമണസ്വഭാവം കാണിച്ചിരുന്ന വടക്കനാട് കൊമ്പനെ 2019 മാർച്ച് 11-നാണ് മയക്കുവെടിവെച്ച് പിടികൂടിയത്. സ്ഥിരമായി വടക്കനാട് പ്രദേശത്തിറങ്ങി ഭീഷണി സൃഷ്ടിച്ചിരുന്ന ഈ കൊമ്പനെ പിടികൂടണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരമുൾപ്പെടെ ഒട്ടേറെ ജനകീയസമരങ്ങൾ അരങ്ങേറിയിരുന്നു. 

നാലു കൊമ്പന്മാരടങ്ങിയ സംഘത്തിന്റെ തലവനായിരുന്നു വടക്കനാട് കൊമ്പൻ. 2018 മേയ് 30-ന് പൊൻകുഴിയിൽ ആദിവാസി ബാലനെ കുത്തിക്കൊലപ്പെടുത്തിയതിനെത്തുടർന്നാണ് വടക്കനാട് കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി, കൂട്ടിലടയ്ക്കാൻ സംസ്ഥാന വനംവകുപ്പ് മേധാവി ഉത്തരവിട്ടത്. എന്നാൽ, ഇതിനുശേഷം കർണാടക വനഭാഗത്തേക്ക് കൊമ്പൻ കടന്നതോടെ പിടികൂടാൻ ഒമ്പതുമാസം കാത്തിരിക്കേണ്ടിവന്നു. 

വിക്രം എന്നാണ് വടക്കനാട് കൊമ്പന് വനംവകുപ്പ് നൽകിയ പേര്. നീണ്ട കൊമ്പുകളും നിലംമുട്ടുന്ന തുമ്പിക്കൈയും തലയെടുപ്പുമൊക്കെയുള്ള ഗജവീരനാണ് വടക്കനാട് കൊമ്പൻ. വയനാടിന്റെ സ്വന്തം ആനപ്പട കേരള വനംവകുപ്പിന്റെ കുങ്കിയാനപ്പടയുടെ ആസ്ഥാനം മുത്തങ്ങയിലാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വനംവകുപ്പിന്റെ ദൗത്യങ്ങളിൽ പങ്കെടുക്കാൻ മുത്തങ്ങയിൽനിന്നാണ് കുങ്കിയാനകളെ എത്തിക്കുന്നത്. 2019 ഏപ്രിൽ 16-നാണ് മുത്തങ്ങ ആനപ്പന്തിയെ കുങ്കിയാന പരിശീലനകേന്ദ്രമായി മാറ്റിയത്. 

സംസ്ഥാനത്തെ ആദ്യ കുങ്കിയാനാ പരിശീലനകേന്ദ്രമാണിത്. അതിനുമുമ്പ് തമിഴ്നാട്ടിലെ മുതുമല തെപ്പക്കാട് ആനസംരക്ഷണകേന്ദ്രത്തിലായിരുന്നു കേരളത്തിൽനിന്നുള്ള ആനകൾക്ക് പരിശീലനം നൽകിയിരുന്നത്. വിക്രം, ഭരത്, സൂര്യ, കുഞ്ചു, പ്രമുഖ, കോടനാട് നീലകണ്ഠൻ, കോന്നി സുരേന്ദ്രൻ, ഉണ്ണികൃഷ്ണൻ, സുന്ദരി തുടങ്ങിയ കുങ്കിയാനകളാണ് മുത്തങ്ങയിലുള്ളത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only