03/12/2021

ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇനി ആൺകുട്ടികൾക്കും പ്രവേശനം;പുരോഗമനപരമായ മുന്നേറ്റങ്ങളെ പിന്തുണക്കേണ്ടത് സർക്കാരിന്റെ കടമയെന്ന് മന്ത്രി
(VISION NEWS 03/12/2021)
കോഴിക്കോട് ജില്ലയിലെ മടപ്പള്ളി ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇനി ആൺകുട്ടികൾക്കും പ്രവേശനം. ഇതുസംബന്ധിച്ച ശുപാർശ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചു. 1920 ൽ സ്ഥാപിതമായ മടപ്പള്ളി ഗവൺമെന്റ് ഫിഷറീസ് സ്കൂൾ വിദ്യാർത്ഥികളുടെ എണ്ണക്കൂടുതൽ കാരണം മടപ്പള്ളി ഗവൺമെന്റ് ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ ഫോർ ബോയ്സ്, ഗവൺമെന്റ് ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ ഫോർ ഗേൾസ് എന്നിങ്ങനെ രണ്ടായി വിഭജിച്ചു. പിന്നീട് ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ ഫോർ ബോയ്സ് ഗവൺമെന്റ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ആയി മാറി. ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ ഫോർ ഗേൾസ് മടപ്പള്ളി ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ആയി മാറുകയും ചെയ്തു. ഈ സ്കൂളിൽ ആണ് ഇപ്പോൾ ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കുന്നത്. പി ടി എയും അധ്യാപകരും പിന്തുണച്ചതോടെയാണ് ഈ തീരുമാനം മന്ത്രിതലത്തിൽ എത്തുന്നത്.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സ്കൂളുകൾ വേണോ എന്ന ചർച്ച സമൂഹത്തിൽ ഉയർന്നു വരുന്ന ഘട്ടത്തിലാണ് ഗേൾസ് ഒൺലി സ്‌കൂളിനെ മിക്സ്ഡ് സ്കൂൾ ആക്കുന്നത്. സമൂഹത്തിന്റെ പുരോഗമനപരമായ മുന്നേറ്റങ്ങളെ പിന്തുണക്കേണ്ടത് എൽഡിഎഫ് സർക്കാരിന്റെ കടമയാണെന്ന് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. ലിംഗനീതിയും ലിംഗസമത്വവും ലിംഗാവബോധവും സംബന്ധിച്ചുള്ള പുരോഗമനപരമായ മുന്നേറ്റത്തിന്റെ മറ്റൊരു ചുവടുവെപ്പാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only