28/12/2021

തദ്ദേശസ്ഥാപനതല സ്പോര്‍ട്സ് കൗണ്‍സിലുകള്‍, തെരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങി: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍
(VISION NEWS 28/12/2021)
സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലും 87 മുനിസിപ്പാലിറ്റികളിലും 6 കോര്‍പ്പറേഷനുകളിലും സ്പോര്‍ട്സ് കൗണ്‍സിലുകള്‍ രൂപീകരിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സ്പോര്‍ട്സ് നിയമത്തില്‍ അനുശാസിക്കുന്ന വിധത്തില്‍ എക്സ് ഒഫീഷ്യോ അംഗങ്ങള്‍, നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍, തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ എന്നിങ്ങനെയാണ് കൗണ്‍സിലില്‍ അംഗങ്ങള്‍ ഉണ്ടാവുക. ഇതില്‍ തെരഞ്ഞെടുക്കപ്പെടേണ്ടവരെ തെരഞ്ഞെടുക്കാനായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും റിട്ടേണിംഗ് ഓഫീസര്‍മാരെ നിയമിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.

കോര്‍പ്പറേഷന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസറായി ജില്ലാ കലക്ടറേയും മുനിസിപ്പാലിറ്റികള്‍ക്ക് പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറേയും ഗ്രാമപഞ്ചായത്തുകള്‍ക്ക് ബി ഡി ഒയെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയേയും ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. സ്പോര്‍ട്സ് നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ വിവരങ്ങള്‍, ഗ്രാമപഞ്ചായത്തുകള്‍ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ക്കും മുനിസിപ്പാലിറ്റികള്‍ നഗരകാര്യമേഖല ജോയിന്റ് ഡയറക്ടര്‍ക്കും കോര്‍പ്പറേഷനുകള്‍ നഗരകാര്യവകുപ്പിലെ ജോയിന്റ് ഡയറക്ടര്‍ക്കും ജനുവരി 15നകം കൈമാറേണ്ടതാണ്. ‌

ഗ്രാമ സ്പോര്‍ട്സ് കൗണ്‍സിലിലെ അംഗങ്ങളുടെ വിവരം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി വഴി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന് കൈമാറണം. മുനിസിപ്പാലിറ്റകളിലെയും കോര്‍പ്പറേഷനിലെയും വിവരങ്ങള്‍ ശേഖരിക്കുന്ന ഉദ്യോഗസ്ഥര്‍ അവ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറിക്ക് കൈമാറുകയും വേണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍ദേശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only