10/12/2021

കടപ്പുറം ജന സാഗരമായി മാറി: മുസ്ലിം ലീഗ് വഖഫ് സംരക്ഷരണ റാലി
(VISION NEWS 10/12/2021)കോഴിക്കോട്: വഖ്ഫ് നിയമനങ്ങള്‍ പിഎസ്‌സി വിട്ടതിനെതിരേ മുസ്‌ലിം ലീഗ് സമരവുമായി മുന്നോട്ടുപോവുമെന്നും സര്‍ക്കാരിന് നയം തിരുത്തേണ്ടിവരുമെന്നും മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. 'വഖ്ഫ് നിയമനം; ഇടത് ഗൂഢാലോചനയ്‌ക്കെതിരേ' മുസ്‌ലിം ലീഗ് വഖ്ഫ് സംരക്ഷണ റാലിക്ക് ശേഷം കോഴിക്കോട് ബീച്ചില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. സാമുദായിക സൗഹാര്‍ദവും സമുദായ ഐക്യവുമാണ് മുസ്‌ലിം ലീഗിന്റെ ലക്ഷ്യം. വഖ്ഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്ന വിഷയത്തില്‍ സമുദായത്തെ ഭിന്നിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞാണ് മുസ്‌ലിം ലീഗ് സടകുടഞ്ഞെഴുന്നേറ്റത്.

ഹൃദയത്തില്‍ കൈ ചേര്‍ത്ത് പറയണം, സമുദായത്തിന്റെ ഏറ്റവും വലിയ ഉറപ്പ് എന്ന് പറയുന്നത് സമുദായത്തിന്റെ ഈ കെട്ടുറപ്പ് തന്നെയാണെന്ന്. മുസ്‌ലിം ലീഗും സമുദായ സംഘടനകളും തമ്മിലുള്ള ഐക്യം തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല. സമസ്തയുടെ മുന്‍നേതാക്കള്‍ ലീഗിനോടൊപ്പം നിന്നാണ് പ്രവര്‍ത്തിച്ചത്. സമുദായ ഐക്യത്തെ ലീഗ് കണ്ണിലെ കൃഷ്ണമണി പോലെ കാണുന്നു. അതുകൊണ്ടാണ് സമസ്ത നേതാക്കള്‍ ലീഗിനൊപ്പം ചേര്‍ന്ന് നിന്നത്. ആ കട്ടില്‍ കണ്ട് ക്ലിഫ് ഹൗസിലടക്കം ആരും പനിച്ചുകിടക്കേണ്ടെന്ന് സാദിഖലി തങ്ങള്‍ പരിഹസിച്ചു. സമസ്ത മുന്‍ പ്രസിഡന്റുമാരും ലീഗും തമ്മിലുള്ള ബന്ധം എണ്ണിപ്പറഞ്ഞ് ജിഫ്രി മുത്തുക്കോയ തങ്ങളെ പരോക്ഷമായി വിമര്‍ശിച്ചായിരുന്നു സാദിഖലി തങ്ങളുടെ പ്രസംഗം.

വഖ്ഫ് വിഷയത്തില്‍ സമസ്ത സമരത്തിനില്ലെന്നും മുസ്‌ലിം ലീഗിന്റേത് രാഷ്ട്രീയ റാലിയാണെന്നുമായിരുന്നു ജിഫ്രി തങ്ങളുടെ നിലപാട്. വഖ്ഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടത് ദുഷ്ടലാക്കോടെയാണെന്നാണ് തിരിച്ചറിയാന്‍ വലിയ പ്രയാസമില്ല. കണ്ണുള്ളവരെല്ലാം ഇത് കാണണം. ഇനിയും മുസ്‌ലിം ലീഗ് സമരം ചെയ്യും. ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമരരംഗത്ത് ഉറച്ചുനില്‍ക്കും. ഇതൊരു നിമിത്തമാണ്. വഖ്ഫ് ബോര്‍ഡില്‍ നേരത്തെ നിയമിച്ച രീതികളുണ്ടായിരുന്നു. അതില്‍നിന്ന് മാറി പിഎസ്‌സിക്ക് വിട്ടാലുണ്ടാവുന്ന ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് മുഴുവന്‍ മുസ്‌ലിം സംഘടനകളും പ്രതിഷേധിക്കുന്നത്. മുമ്പും പല തീരുമാനങ്ങളും സര്‍ക്കാരിന് തിരുത്തേണ്ടിവന്നിട്ടുണ്ട്. ഈ നയവും തിരുത്തേണ്ടിവരുമെന്നാണ് സര്‍ക്കാരിനെ ഓര്‍മിക്കിക്കാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമുദായ ഐക്യം കാത്തുസൂക്ഷിക്കുമെന്ന് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ടുവെന്നത് പഞ്ചാര പുരട്ടി പറയുന്നതാണ്, വഖ്ഫ് ബോര്‍ഡിന്റെ അധികാരം ഇല്ലാതാക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തത്. പള്ളികളില്‍ ബോധവത്കരണം നടത്തണമെന്ന് പറഞ്ഞപ്പോള്‍ പലരും അതില്‍ ഊന്നി വിവാദം സൃഷ്ടിക്കാന്‍ ശ്രമിച്ചു. അപ്പോള്‍ അത് ഒഴിവാക്കി, വിഷയത്തിലേക്ക് ശ്രദ്ധ കൊണ്ടുവന്നു.

അനാവശ്യ കാര്യങ്ങള്‍ക്ക് ഇറങ്ങിയാല്‍ തങ്ങള്‍ക്കും ഇറങ്ങേണ്ടിവരുമെന്നും അറബി ഭാഷക്കെതിരേ നിയമം കൊണ്ടുവന്നപ്പോള്‍ ഇതവര്‍ കണ്ടതാണെന്നും ന്യൂനപക്ഷത്തിന്റെ അധികാരങ്ങള്‍ തൊട്ടാല്‍ കൈ പൊള്ളും. ന്യൂനപക്ഷ സംവരണം ഇല്ലാതാക്കി, കാര്യങ്ങള്‍ അലങ്കോലമാക്കിയെന്നും 80:20 ശതമാനത്തിന്റെ കാര്യം അറിയാത്തത് കൊണ്ടല്ലെന്നും അങ്ങനെയെങ്കിലും കാര്യം നടക്കട്ടേയെന്ന് കരുതിയതാണ്. സാമുദായിക ഐക്യത്തിലടക്കം ഇടപെട്ടതുകൊണ്ടാണ് ഇപ്പോള്‍ ഇറങ്ങേണ്ടിവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only