01/12/2021

ഓമശ്ശേരിയിൽ സൗജന്യ ഇ-ശ്രം രജിസ്ട്രേഷൻ ക്യാമ്പുകൾക്ക്‌ തുടക്കമായി.
(VISION NEWS 01/12/2021)


ഓമശ്ശേരി:രാജ്യത്ത്‌ അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ദേശീയ ഡാറ്റ ബേസ് തയ്യാറാക്കുന്നതിന്റെയും ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിന്റെയും ഭാഗമായുള്ള ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിന്‌ ഓമശ്ശേരി പഞ്ചായത്ത്‌ ഭരണ സമിതി ഓമശ്ശേരിയിലെ അക്ഷയ കേന്ദ്രവുമായി സഹകരിച്ച്‌ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.വിവിധ സ്ഥലങ്ങളിലായി നടക്കുന്ന സൗജന്യ എട്ട്‌ ദിന ക്യാമ്പിന്‌ അമ്പലക്കണ്ടിയിൽ ഇന്നലെ തുടക്കമായി.താജുദ്ദീൻ മദ്രസയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ,വി.സി.അബൂബക്കറിനെ രജിസ്റ്റർ ചെയ്ത്‌ പഞ്ചായത്ത്‌ തല ഉൽഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ഓമശ്ശേരി അക്ഷയ സെന്റർ കോ-ഓർഡിനേറ്റർ യു.പി.ഷറഫുദ്ദീൻ പദ്ധതി വിശദീകരിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര സ്വാഗതവും പഞ്ചായത്തംഗം അശോകൻ പുനത്തിൽ നന്ദിയും പറഞ്ഞു.യു.പി.മുഹമ്മദ് മുഹ്‌സിൻ,ആൽബിൻ ജോർജ്,നിഷാന എന്നിവർ ക്യാമ്പിന്‌ നേതൃത്വം നൽകി.8,9 വാർഡുകളിലുള്ള അസംഘടിത തൊഴിലാളികൾക്കാണ്‌ ആദ്യ ദിനത്തിൽ രജിസ്ട്രേഷന്‌ സൗകര്യമൊരുക്കിയത്‌.

ഇന്ന്(വ്യാഴം)1,2 വാർഡുകളിലുള്ളവർക്ക്‌ കൂടത്തായി നൂർ മദ്രസയിൽ വെച്ചാണ്‌ ക്യാമ്പ്‌.നാലിന്‌ (ശനി)3,4,5 വാർഡുകളിലുള്ളവർക്ക്‌ പെരിവില്ലി സിറാജുൽ ഹുദാ മദ്‌റസയിലും ഏഴാം തിയ്യതി ചൊവ്വാഴ്ച്ച  6,7 വാർഡുകളിലുള്ളവർക്ക്‌ ഓമശ്ശേരി അൽ ബിറിലും വെച്ച്‌ ക്യാമ്പുകൾ നടക്കും.ഡിസംബർ എട്ടിന്‌ 10,11 വാർഡുകളിലുള്ളവർക്ക്‌ മാതോലത്ത്‌ കടവ്‌ മദ്രസയിലും പത്താം തിയ്യതി 12,13,15 വാർഡുകളിലുള്ളവർക്ക്‌ പുത്തൂർ അങ്കണവാടിയിലും പതിനൊന്നിന്‌ 14,18 വാർഡുകളിലുള്ളവർക്ക്‌ വെളിമണ്ണ സ്കൂളിലും 16,17,19 വാർഡുകളിലുള്ളവർക്ക്‌ പതിനാലാം തിയ്യതി മങ്ങാട്‌ ഹിദായത്തുൽ ഇസ്‌ലാം മദ്‌റസയിൽ വെച്ചുമാണ്‌ ക്യാമ്പുകൾ.രാവിലെ 9 മണി മുതൽ വൈകു 3 മണി വരെയാണ്‌ രജിസ്ട്രേഷൻ സൗകര്യമുണ്ടാവുക.ആധാർ,ബാങ്ക് അക്കൗണ്ട് എന്നിവ ക്യാമ്പുളിൽ രജിസ്ട്രേഷനു വരുമ്പോൾ തൊഴിലാളികൾ കയ്യിൽ കരുതണമെന്നും പരമാവധി തൊഴിലാളികൾ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും പഞ്ചായത്ത്‌ ഭരണ സമിതി അറിയിച്ചു.

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ദേശീയ അടിസ്ഥാനത്തിനുള്ള ഡേറ്റാ ബേസ് തയ്യാറാക്കുന്നതിന് കേന്ദ്ര തൊഴില്‍ മന്ത്രാലയം ആരംഭിച്ച ഇ-ശ്രം പോര്‍ട്ടലില്‍ എല്ലാ മേഖലയിലെയും തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ്‌ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്‌.രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഭാവിയില്‍ വിവിധ സാമൂഹ്യസുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭിക്കും.16 വയസു മുതല്‍ 59 വയസു വരെയുള്ള ഇന്‍കം ടാക്സ് അടക്കാന്‍ ബാധ്യതയില്ലാത്തവരും  പി.എഫ്,ഇ.എസ്.ഐ.ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരല്ലാത്തവരുമായ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം.വീട്ടു ജോലിക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, ആശാരിമാര്‍, ബാര്‍ബര്‍ തൊഴിലാളികള്‍, തെരുവ് കച്ചവടക്കാര്‍, കന്നുകാലി പരിപാലന ജോലി ചെയ്യുന്നവര്‍, ആശാ വര്‍ക്കര്‍മാര്‍, കര്‍ഷക തൊഴിലാളികള്‍, ആയമാര്‍, അങ്കണവാടി അധ്യാപകര്‍, പത്ര ഏജന്റുമാര്‍, പത്രം വിതരണം ചെയ്യുന്ന തൊഴിലാളികള്‍, സ്വകാര്യ ട്യൂഷന്‍ പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നവര്‍, ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികള്‍, അതിഥി തൊഴിലാളികള്‍ തുടങ്ങി വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്ക് അംഗത്വത്തിന് അര്‍ഹതയുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only