19/12/2021

ഇരുവഞ്ഞിപ്പുഴയിൽ വീണ്ടും കയാക്കിംഗ് ആരവങ്ങളുയരുന്നു.
(VISION NEWS 19/12/2021)


തിരുവമ്പാടി:കേരള കനോയിംഗ് കയാക്കിംഗ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഒന്നാമത് സംസ്ഥാന തല സ്ലാലംവൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പ് ഡിസംബർ 22 ബുധനാഴ്ച ഇരവഞ്ഞിപ്പുഴയുടെ ഭാഗമായ പുല്ലൂരാംപാറ പള്ളിപ്പടി പാലത്തിന് സമീപം നടക്കും.

കോടഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന തുഷാരഗിരി അഡ്വഞ്ചർ കയാക്കിംഗ് അക്കാദമിയുടെ സഹകരണത്തോടെ നടക്കുന്ന ചാമ്പ്യൻഷിപ്പ് 
തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യും.

കനോയിംഗ് കയാക്കിംഗ് അസോസിയേഷൻ കോഴിക്കോട് ജില്ല പ്രസിഡന്റ് ടി രാജീവ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ മുഖ്യാതിഥിയാകും.  

കോടഞ്ചേരി, തിരുവമ്പാടി പ്രദേശങ്ങളെയും തുഷാരഗിരിയെയും ഇരവഞ്ഞിപ്പുഴയെയും ലോക ടൂറിസം മാപ്പിൽ അടയാളപ്പെടുത്തുന്നതിൽ വർഷങ്ങളായി നടത്തി വന്നിരുന്ന 'മലബാർ റിവർ ഫെസ്റ്റിവൽ എന്ന വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പ് പ്രധാന പങ്ക് വഹിച്ചതായും ഇരുപത്തിയഞ്ചോളം രാജ്യങ്ങളിൽ നിന്നുള്ള കായിക താരങ്ങൾ പങ്കെടുത്തിരുന്ന ഫെസ്റ്റിവൽ, കോവിഡ് പ്രതിസന്ധി കാരണം താത്ക്കാലികമായി നിർത്തിവയ്ക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ മേഖലയുടെ ടൂറിസം വികസനത്തിന് സംസ്ഥാന കയാക്കിംഗ് അസോസിയേഷന്റെ ചാമ്പ്യൻഷിപ്പ് മുതൽക്കൂട്ടായി മാറുമെന്നും
പ്രസിഡൻ്റ് പോൾസൺ അറയ്ക്കൽ പറഞ്ഞു.
 
2022 ജനുവരിയിൽ ഭോപ്പാലിൽ വച്ച് നടക്കുന്ന നാഷണൽ കയാക്കിംഗ് ചാമ്പ്യൻഷിപ്പിലേക്കുള്ള കേരള ടീമിനെ ചാമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only