19/12/2021

ആലപ്പുഴയിലെ കൊലപാതകങ്ങള്‍: സംസ്ഥാന വ്യാപകമായി ജാഗ്രത പാലിക്കാന്‍ പോലിസിന് നിര്‍ദേശം
(VISION NEWS 19/12/2021)
ആലപ്പുഴ: ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി ജാഗ്രത പാലിക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കി. കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താന്‍ ജില്ലാ പോലിസ് മേധാവിമാരോട് സംസ്ഥാന പോലിസ് മേധാവി അനില്‍കാന്ത് ആവശ്യപ്പെട്ടു. സംഘര്‍ഷ സാധ്യത പരിഗണിച്ച് പ്രശ്‌ന മേഖലകളില്‍ കൂടുതല്‍ പോലിസിനെ വിന്യസിക്കാനും പെട്രോളിങ് ശക്തമാക്കാനുമാണ് പോലിസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ദക്ഷിണമേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരി ആലപ്പുഴയിലെത്തി.

കൊലപാതകം നടന്ന സ്ഥലങ്ങളില്‍ പോലിസ് റൂട്ട് മാര്‍ച്ച് നടത്തി. ആലപ്പുഴ എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗവും ചേര്‍ന്നു. വാഹനപരിശോധന കര്‍ശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ആലപ്പുഴ ജില്ലയില്‍ ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

കൊലപാതകങ്ങളെക്കുറിച്ച് എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ പോലിസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ഡിജിപി അനില്‍കാന്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു.

ആലപ്പുഴയില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തും. സംസ്ഥാനത്താകെ നിരീക്ഷണം ശക്തമാക്കാന്‍ ജില്ലാ പോലിസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ പോലിസ് സാന്നിധ്യമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച രാത്രിയാണ് ആര്‍എസ്എസ് സംഘം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് ഐബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിന് ശ്രീനിവാസ്് വെട്ടേറ്റ് മരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only