18/12/2021

സ്കൂൾ ശുചിമുറി തകർന്ന് കുട്ടികൾ മരിച്ചസംഭവം: മൂന്ന് പേർ അറസ്റ്റിൽ
(VISION NEWS 18/12/2021)
തമിഴ്‌നാട് തിരുനെൽവേലിയിലെ സ്കൂളിൽ ശുചിമുറി തകർന്ന് മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. സ്കൂൾ അഡ്മിനിസ്ട്രേറ്റർ സോളമൻ സെൽവരാജ്, പ്രധാനാധ്യാപിക ജ്ഞാനശെൽവി, കോൺട്രാക്ടർ എന്നിവരാണ് അറസ്റ്റിലായത്. എയ്ഡഡ് സ്‌കൂളായ ഷാഫ്റ്റര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അപകടം നടന്നത്.

ശുചിമുറി കെട്ടിടത്തിന് സമീപത്ത് സംസാരിച്ച് നില്‍ക്കുകയായിരുന്ന കുട്ടികളുടെ മുകളിലേക്കാണ് കെട്ടിടം തകര്‍ന്നുവീണത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഡി വിശ്വരഞ്ജന്‍, കെ അന്‍പഴകന്‍ എന്നിവര്‍ സംഭവ സ്ഥലത്തും ആറാം ക്ലാസ് വിദ്യാര്‍ത്ഥികളായ ആര്‍ സുതീഷ് ആശുപത്രിയിലും മരിച്ചു. ഗുരുതര പരുക്കുകളോടെ മൂന്ന് കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം പരിശോധനകൾ നടക്കുന്നതിനാൽ സ്കൂളിന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അവധി പ്രഖ്യാപിച്ചു. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത് പൊലീസും നാട്ടുകാരും ചേര്‍ന്നാണ്. ഉന്നത അധികാരികള്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് എഡ്യുക്കേഷണല്‍ ഓഫിസര്‍ സുഭാഷിണി ഉത്തരവ് നല്‍കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only