05/12/2021

വാഹനമിടിച്ച് പരിക്കേറ്റ ഗർഭിണിയായ പട്ടിക്ക് മുക്കംനഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ ചികിത്സയൊരുക്കി
(VISION NEWS 05/12/2021)മുക്കം:വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ ഗർഭിണിയായ പട്ടിക്ക് തുണയായി മുക്കം നഗരസഭാ ചെയർമാനും സന്നദ്ധപ്രവർത്തകരും. മുക്കം ഇ.എം.എസ് ഓഡിറ്റോറിയത്തിനു സമീപം പ്രാണവേദനയാൽ പുളയുകയായിരുന്ന പട്ടിയെ നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി.മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ ശേഷം പട്ടി മരണത്തിന് കീഴടങ്ങി.

വെള്ളിയാഴ്ച രാത്രിയോടെയാണ് വ്യാപാരികൾ മുക്കം ഇ.എം.എസ് ഓഡിറ്റോറിയത്തിന് പിന്നിൽ പട്ടിയുടെ കരച്ചിൽ കേട്ടത്. ശനിയാഴ്ച രാവിലെയും സമാനമായ രീതിയിൽ കരച്ചിൽകേട്ട് പോയാണ് പട്ടിക്കു സമീപം രണ്ട് പട്ടി കുഞ്ഞുങ്ങളെയും കണ്ടത്.വ്യാപാരിയായ അരുൺലാൽ നഗരസഭാ ചെയർമാൻ പി.ടി ബാബുവിനെയും സുഹൃത്തും സന്നദ്ധ പ്രവർത്തകനുമായ മുക്കം പ്രഭാകരനെയും അറിയിക്കുകയായിരുന്നു.

നഗരസഭാ ചെയർമാൻ പി.ടി ബാബു ഉടനെ മുക്കം മൃഗാശുപത്രിയിലെ ഡോക്ടർ കൃഷ്ണ സൂരജിനെ വിവരമറിയിച്ചു. ഇതിനിടെ അരുൺലാലും പ്രഭാകരനും ഗ്ലൂക്കോസും വെള്ളവും നൽകി പട്ടിയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു. തലയിൽ തലോടിയും വയറിൽ ഒഴിഞ്ഞും പട്ടിക്ക് ആശ്വാസമേകി. ഇതിനിടെ പട്ടി മൂന്നാമത്തെ കുഞ്ഞിനെ ജന്മം നൽകി.ജീവൻരക്ഷാ മരുന്നുമായി ഡോക്ടർ എത്തിയപ്പോഴേക്കും പട്ടി ചത്തിരുന്നു.നഗരസഭാ ശുചീകരണത്തൊഴിലാളികളുടെ നേതൃത്വത്തിൽ പട്ടിയുടെ ജഡം മറവ് ചെയ്തു.

മൂന്നു കുഞ്ഞുങ്ങളെയും നഗരസഭാ ചെയർമാൻ വെറ്റിനറി ഡോക്ടർക്ക് കൈമാറി. മുക്കം മൃഗാശുപത്രിയിൽ എത്തിച്ച കുഞ്ഞുങ്ങളെ ആവശ്യക്കാരെത്തിയാൽ ദത്തു നൽകുമെന്ന് ഡോക്ടർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only